നിയമാനുസരണം പ്രവർത്തിച്ചില്ലെങ്കിൽ ഫ്ലോർ മിൽ പൂട്ടണമെന്ന് മനുഷ്യാവകാശ കമീഷൻ

ആലപ്പുഴ: മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശങ്ങൾ പാലിച്ച് പഞ്ചായത്ത് അധികൃതരുടെ അനുമതിയോടെ പ്രവർത്തിക്കാൻ മില്ലുടമ തയാറായില്ലെങ്കിൽ ഫ്ലോർ മില്ലിന്റെ പ്രവർത്തനം നിർത്തിവെപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർക്കുമാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. ചെന്നിത്തലയിൽ പ്രവർത്തിക്കുന്ന ത്രീസ്റ്റാർ ഫ്ലോർ മില്ലിനെതിരെയാണ് പരാതി. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവിടങ്ങളിൽനിന്ന്​ റിപ്പോർട്ട്​ വാങ്ങിയ​ ശേഷമാണ്​ നടപടി. മലിനീകരണ നിയന്ത്രണ ബോർഡ് മില്ലിനുള്ള പ്രവർത്തനാനുമതി നിരസിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ശാസ്ത്രീയ ശബ്ദനിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്താൻ മില്ലിന് നിർദേശം നൽകിയിരുന്നതായി മലിനീകരണ നിയന്ത്രണ ബോർഡ് കമീഷനെ അറിയിച്ചു. യൂനിറ്റിന്റെ നാലുവശവും കട്ടകെട്ടി മറക്കുന്നതിന്​ നിർദേശിച്ചിരുന്നു. എന്നാൽ, ഇവയൊന്നും പാലിച്ചില്ലെന്ന് പരാതിക്കാരനായ ജേക്കബ് സോളമൻ കമീഷനെ അറിയിച്ചു. നിയമവ്യവസ്ഥകൾ പാലിക്കാൻ മില്ലുടമ ബാധ്യസ്ഥനാണെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് സെക്രട്ടറിയുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും നിർദേശങ്ങൾ മില്ലുടമ പൂർണമായി അവഗണിച്ചതായി കമീഷൻ ഉത്തരവിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.