ഹാർബറുകളിലെ നിയന്ത്രണം; അനുബന്ധ തൊഴിൽമേഖലയിൽ പ്രതിസന്ധി

*കൊല്ലം ഹാർബറിൽ മാത്രം 40ലേറെ പേർക്ക് തൊഴിൽ നഷ്്ടം കൊല്ലം: കോവിഡ് മാനദണ്ഡങ്ങൾ മൂലം ഹാർബറുകളിൽ നിയന്ത്രണം കർശനമാക്കിയതോടെ അനുബന്ധ തൊഴിലാളികൾ നേരിടുന്നത് കടുത്ത പ്രതിസന്ധി. മത്സ്യ തെരഞ്ഞെടുപ്പ് മുതൽ ലേലംവരെ നിരവധി തൊഴിലാളികൾ ഈ മേഖലയിൽ പണിയെടുത്തിരുന്നു. നിയന്ത്രണങ്ങൾ വന്നതോടെ ഹാർബറുകളിലേക്കുള്ള പ്രവേശനംപോലും നിയന്ത്രണത്തോടെയാണ്. ലേലംവിളി ട്രോളിങ് നിരോധനത്തിന്​ മുമ്പേ അവസാനിപ്പിച്ചിരുന്നു. തലച്ചുമടായി വിൽക്കുന്നവരും മത്സ്യം വേർതിരിക്കുന്നവരും ഉൾപ്പെടെ ഹാർബറിനെ ആശ്രയിച്ച് ജീവിതം കഴിച്ചവർക്കൊന്നും നിലവിൽ പണിയില്ല. കൊല്ലം ഹാർബറിൽ മാത്രം 40ലേറെ പേരുടെ തൊഴിൽ നഷ്​ടപ്പെട്ടതായി മത്സ്യത്തൊഴിലാളി യൂനിയൻ നേതാവ് എച്ച്. ബേസിൽലാൽ പറഞ്ഞു. തീരദേശത്തെ തൊഴിലാളികൾ തന്നെയാണ് അനുബന്ധ ജോലിക്കായി ഇവിടെയുണ്ടായിരുന്നത്. നിയന്ത്രണം ഏറെ ബാധിക്കുന്നതും തീരദേശ​െത്ത കുടുംബങ്ങളെയാണ്. കയറ്റുമതി ചെയ്യുന്ന വ്യാപാരികൾ മത്സ്യ തെരഞ്ഞെടുപ്പ് വിദഗ്ധ തൊഴിലാളികളെക്കൊണ്ടാണ് ചെയ്യിക്കുന്നത്. നേരത്തേ ഇവർക്ക്​ ഹാർബറുകളിൽ പ്രവേശിപ്പിക്കുന്നതിന്​ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, പുതിയ രീതിയനുസരിച്ച് ഇവർക്കും ഹാർബറിലേക്ക് പ്രവേശനമില്ല. ഒരുമാസത്തേക്ക് തങ്ങളുടെ തൊഴിലാളികൾക്ക് പാസ് നൽകണമെന്നാണ് എക്സ്പോർട്ടേഴ്സ് ആവശ്യപ്പെട്ടത്. 1200 ലേറെ വരുന്ന തൊഴിലാളികൾക്ക് പാസ് നൽകാനാകില്ലെന്ന നിലപാടിലാണ് ഫിഷറീസ് വകുപ്പ്. ട്രോളിങ് നിരോധനത്തിനു ശേഷം ബുധനാഴ്ച മത്സ്യബന്ധനത്തിന് പോയ വള്ളങ്ങൾ വ്യാഴാഴ്ച കൊല്ലം, നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിൽ എത്തി. ഒറ്റയക്ക, ഇരട്ടയക്ക നമ്പർ അനുസരിച്ചുള്ള ക്രമീകരണങ്ങളാണ് കടലിൽപോകാനായി ബോട്ടുകൾക്ക് ഏർപ്പെടുത്തിയത്. ജാഗ്രത പോർട്ടലിൽ രജിസ്​റ്റർ ചെയ്ത തൊഴിലാളികൾക്ക് മാത്രമേ ബോട്ടുകളിൽ പോകാൻ അനുമതിയുള്ളൂ. മത്സ്യവിൽപനക്കാരിൽനിന്ന് കോവിഡ് പടർന്നതോടെയാണ് ജില്ലയിൽ മത്സ്യവിൽപന നിർത്തിവെച്ചതും തുടർന്ന് കൂടുതൽ നിയന്ത്രണം കൊണ്ടുവന്നതും. മത്സ്യത്തൊഴിലാളികളും അനുബന്ധ ജോലിയെടുക്കുന്നവരും അതിജാഗ്രതപുലർത്തണമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹാർബറുകളിൽ സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ കർശന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT