കു​റാ​ഞ്ചേ​രി മ​ല ഇ​ടി​ഞ്ഞു​ണ്ടാ​യ ദു​ര​ന്തം (ഫ​യ​ൽ​ചി​ത്രം)

കുറാഞ്ചേരി മണ്ണിടിച്ചിൽ; 19 ജീവനുകളുടെ ഓർമ, മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല

വടക്കാഞ്ചേരി: 2018 ലെ ആഗസ്റ്റ് 16- ഇന്നും ഭയത്തോടെയാണ് ഈ നാട് ആ ദിവസത്തെ ഓർക്കുന്നത്. പ്രകൃതിയുടെ താണ്ഡവത്തിൽ ഒരു നാടിന്റെയാകെ പ്രതീക്ഷകളും സ്വപ്നങ്ങളും മണ്ണിനടിയിലായിട്ട് എട്ട് വർഷം തികഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സന്തോഷത്തിൽ ഉറങ്ങാൻ കിടന്ന കുറാഞ്ചേരിയിലെ ജനങ്ങളെ ഞെട്ടിച്ചാണ് തൊട്ടടുത്ത ദിവസം ഭീതിജനകമായ മണ്ണിടിച്ചിലുണ്ടായത്. 19 ജീവനുകളാണ് അന്ന് നഷ്ടപ്പെട്ടത്.

കുറാഞ്ചേരി മല ഒന്നാകെ ഇടിഞ്ഞുവീണുണ്ടായ ദുരന്തത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ മണ്ണിനടിയിലായി. നാല് വീടുകൾ പൂർണമായും തകർന്നടിയുകയും നിരവധി വാഹനങ്ങൾ മണ്ണിനടിയിലാകുകയും ചെയ്തു. മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും മീറ്ററുകളോളം താഴേക്ക് കുതിച്ചെത്തിയ മണ്ണും അവശിഷ്ടങ്ങളും സംസ്ഥാന പാതയും കടന്ന് റെയിൽവേ പാളം വരെ എത്തിയിരുന്നു. ദിവസങ്ങളോളമാണ് പ്രദേശത്തെ റോഡ്-റെയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടത്.

ബാക്കി വന്ന മണ്ണിൽ പുതിയ കെട്ടിടങ്ങൾ ഉയർന്നെങ്കിലും ജനങ്ങളുടെ ആശങ്കകൾക്ക് ഇനിയും പൂർണ പരിഹാരമായിട്ടില്ല. ദുരന്തത്തെക്കുറിച്ച് വിവിധ കേന്ദ്ര-സംസ്ഥാന ഏജൻസികൾ നടത്തിയ പഠന റിപ്പോർട്ടുകൾ ഇന്നും ഫയലുകളിൽ ഉറങ്ങുകയാണെന്ന് നാട്ടുകാർ പറയുന്നു.

എട്ടാം വാർഷിക ദിനത്തിൽ കണ്ണീരോർമ്മയായ 19 പേർക്ക് നാട് ആദരാഞ്ജലികളർപ്പിച്ചു. തെക്കങ്കര പഞ്ചായത്തും വടക്കാഞ്ചേരി നഗരസഭയും സംയുക്തമായി കുറാഞ്ചേരി സെന്ററിലാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. കെ രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്തു ദുരന്തത്തിൽ മരിച്ച 19 പേരുടെ ചിത്രങ്ങൾക്ക് മുന്നിൽ പുഷ്പാർച്ചനയും ദീപം തെളിക്കലും നടന്നു. 

Tags:    
News Summary - Kuranchery Landslide: 19 Lives Lost, Pain Still Lingers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.