തിരുവനന്തപുരം: സമരം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി സി.പി.എം അനുകൂല ഓഫിസർമാരുടെ സംഘടന ചൊവ്വാഴ്ച വൈദ്യുതി ബോർഡ് ആസ്ഥാനം വളയും. സമരത്തിന് കെ.എസ്.ഇ.ബി അനുമതി നിഷേധിച്ചതോടെ രംഗം കൊഴുക്കുമെന്ന് ഉറപ്പായി. അനുമതി നിഷേധിച്ച് ഓഫിസേഴ്സ് അസോസിയേഷൻ ജനറല്‍ സെക്രട്ടറിക്ക് ബോർഡ് കത്ത് നൽകി. നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമുണ്ട്. അച്ചടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥയുടെ കേസ് കോടതിയുടെ പരിഗണനയിലാണെന്നും കോടതി നിർദേശപ്രകാരമാണ് നടപടിയെന്നും കത്തിലുണ്ട്. സ്ഥലംമാറ്റിയവരെ അതത് ഇടങ്ങളിൽ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
സമരങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പൊതുതാല്‍പര്യ ഹരജികൾ ഹൈകോടതിയിലുണ്ട്. സർവിസ് ചട്ടമനുസരിച്ച് ഡ്യൂട്ടി ചെയ്യാതെ പ്രതിഷേധസംഗമം നടത്തുന്നത് സമര പരിധിയില്‍ വരുമെന്ന് ബോർഡ് പറയുന്നു. ചട്ട ലംഘനത്തിന് പ്രത്യേക അച്ചടക്ക നടപടിയെടുക്കും. സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുത്തിട്ടുണ്ട്. അച്ചടക്ക നടപടി വേണ്ടത്ര പരിശോധനയില്ലാതെ പിൻവലിക്കുന്നത് തെറ്റായ കീഴ്വക്കം സൃഷ്ടിക്കുമെന്നും കത്തില്‍ പറയുന്നു.
സമരത്തിൽ 1000 പേർ പങ്കെടുക്കുമെന്ന് നേതാക്കൾ അവകാശപ്പെട്ടു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഇന്ന് സമരക്കാരെ കണ്ടേക്കും. വൈദ്യുതി ബോർഡിലെ തൊഴിലാളി സംഘടനകളുമായി മന്ത്രി ചർച്ച നടത്തും. ഇതിൽ ഓഫിസർമാർ വരില്ല. താൽപര്യമുണ്ടെങ്കിൽ ഓഫിസർമാരുടെ ഭാരവാഹികളുമായി ചർച്ച നടത്താമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. സ്ഥലംമാറ്റം റദ്ദാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഓഫിസേഴ്സ് അസോസിയേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.