കോട്ടയം: ഗവണ്മെന്റ് നഴ്സിങ് കോളജിൽ നടന്ന അതിക്രൂരമായ റാഗിങ് സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും തീരുമാനിച്ചു. ഗാന്ധിനഗർ എസ്.എച്ച്.ഒ ശ്രീജിത്തിന്റെ നേതൃത്വത്തിൽ കോളജ് ഹോസ്റ്റലിലെ കൂടുതൽ വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും വിവരങ്ങൾ തേടും. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും പ്രത്യേക സംഘത്തെ നിയോഗിച്ചു.
കാമ്പസുകളിൽ റാഗിങ് കർശനമായി നിരോധിച്ച സാഹചര്യത്തിൽ കഴിഞ്ഞ മൂന്ന് മാസമായി ക്രൂരമായ റാഗിങ് നടന്നത് വളരെ ഗൗരവത്തോടെയാണ് ആരോഗ്യ - വിദ്യാഭ്യാസ വകുപ്പ് കാണുന്നത്. ഇത് സംബന്ധിച്ച് കോളജ് അധികൃതരിൽ നിന്നും വകുപ്പ് പ്രാഥമിക റിപ്പോർട്ട് തേടിയ ശേഷമാണ് പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്.
അതിനിടെ മാസങ്ങളായി പീഡനം നടന്നിട്ടും അറിഞ്ഞില്ലെന്ന ഭാഷ്യമാണ് ഹോസ്റ്റൽ അധികൃതരുടേയും അധ്യാപകരുടേയും. ഇത് സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നു. സംഭവത്തിൽ അറസ്റ്റിലായവർ സി.പി.എം അനുകൂല സംഘടനാ നേതാവും അംഗങ്ങളുമായതാണ് അധികൃതരുടെ മൗനത്തിന് പിന്നിലെന്ന ആക്ഷേപവും ശക്തമാണ്.
തുടർച്ചയായി മൂന്ന് മാസത്തിലധികം വിദ്യാർഥികൾ റാഗിങ്ങിന് ഇരയായിട്ടും ഹോസ്റ്റൽ വാർഡനായ കോളജ് പ്രിൻസിപ്പൽ ഉൾപ്പെടെ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് വിശദീകരണം. അസിസ്റ്റന്റ് വാർഡൻ ആയ മറ്റൊരു അധ്യാപകനാണ് ഹോസ്റ്റലിന്റെ പൂർണ ചുമതല. വളരെ കുറച്ച് കുട്ടികൾ മാത്രമുളള ഹോസ്റ്റലിൽ സ്ഥിരമായി മദ്യപാനം നടന്നിട്ടും നടപടികളുണ്ടായില്ലെന്നതിൽ പൊലീസിനും സംശയമുണ്ട്.
പരാതി ഉന്നയിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന സമീപനം അധ്യാപകരിൽ ചിലരിൽ നിന്നുണ്ടായെന്ന ആക്ഷേപവുമുണ്ട്. സീനിയർ വിദ്യാർഥികളെ ഭയന്നാണ് റാഗിങ് പുറത്തുപറയാതിരുന്നതെന്നാണ് പരാതിക്കാരായ വിദ്യാർഥികൾ പൊലീസിന് നൽകിയ മൊഴി. അഞ്ച് പ്രതികളുടേയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. വിദ്യാർഥികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളുള്ള ഫോണുകൾ ശാസ്ത്രീയ പരിശോധനക്കയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.