കോട്ടയം: ഗവ. നഴ്സിങ് കോളജിലെ റാഗിങ് പ്രതികളുടെ എസ്.എഫ്.ഐ ബന്ധത്തെച്ചൊല്ലി വിവാദം. ഇടത് അനുകൂല സംഘടന ഭാരവാഹിയാണ് അറസ്റ്റിലായ മുഖ്യപ്രതികളിലൊരാൾ. മറ്റുള്ളവർ സംഘടനയിലെ അംഗങ്ങളും. എന്നാൽ ആ സംഘടനയുമായോ വ്യക്തിയുമായോ ബന്ധമില്ലെന്നാണ് എസ്.എഫ്.ഐ വാദം. കെ.എസ്.യു, എ.ബി.വി.പി സംഘടനകൾ മറിച്ചും വാദിക്കുന്നു. മുഖ്യപ്രതികളിലൊരാളായ രാഹുൽ രാജിനാണ് ജി.എൻ.എം വിദ്യാർഥികളുടെ സംഘടനയായ കെ.ജി.എൻ.എസ്.എ ഭാരവാഹിത്വമുള്ളത്. എസ്.എഫ്.ഐ പ്രവർത്തകനുമാണ്. രാഹുൽരാജ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ചിത്രവും ഇത് വ്യക്തമാക്കുന്നു.
കെ.ജി.എൻ.എസ്.എക്ക് എസ്.എഫ്.ഐയുമായി യാതൊരു ബന്ധവുമില്ലെന്നാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ പറയുന്നത്. വിദ്യാർഥികളല്ല ക്രിമിനലുകളാണ് ഇവർ. ശക്തമായ നിയമനടപടി ഉണ്ടാകണം. രാഹുൽ രാജ് എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകനല്ല, എസ്.എഫ്.ഐ അംഗത്വവുമില്ലെന്ന് ആർഷോ പറഞ്ഞു.
എന്നാൽ, ആർഷോയുടെ വാദം തെറ്റെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷൻ എസ്.എഫ്.ഐയുമായി ബന്ധമുള്ള സംഘടനയാണ്. റാഗിങ്ങിന് മുന്നിൽ നിന്നത് അസോസിയേഷന് കീഴിലെ കോളജ് യൂനിയൻ ഭാരവാഹികളാണ്. യൂനിയൻ അംഗങ്ങൾ റാഗിങ്ങിന് നേതൃത്വം നൽകുന്നത് അവർക്കു പുറമേ നിന്ന് ലഭിക്കുന്ന പരിരക്ഷ കൊണ്ടാണെന്നും അലോഷ്യസ് പറഞ്ഞു.
റാഗിങ്ങിന് നേതൃത്വം കൊടുത്ത രാഹുൽ രാജ് ഉൾപ്പെടെയുള്ള പ്രതികൾ നഴ്സിങ് കോളജിലെ യൂനിയൻ ഭാരവാഹികളാണെന്ന് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വര പ്രസാദും പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി.കബീർ ആവശ്യപ്പെട്ടു.
കോട്ടയം: നഴ്സിങ് കോളജിലെ റാഗിങുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് യു.ഡി.എഫ് സംഘം. ക്രൂര റാഗിങ് അരങ്ങേറിയ ആൺകുട്ടികളുടെ ഹോസ്റ്റൽ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു നേതാക്കൾ. ഫ്രാൻസിസ് ജോർജ് എം.പി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഘം എത്തിയത്. ഹോസ്റ്റൽ സന്ദർശിച്ച ഇവർ പ്രിൻസിപ്പൽ അടക്കമുള്ളവരുമായി ചർച്ചയും നടത്തി.
തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. അന്വേഷണം വേഗത്തിലാക്കണം. പ്രതികൾക്ക് സഹായം ചെയ്തവരുണ്ടാകാം. ഇവരിലേക്കും അന്വേഷണം എത്തണം.
ഹോസ്റ്റലിൽ കഴിയുന്ന വിദ്യർഥികൾക്ക് സംരക്ഷണം നൽകണമെന്നും തിരുവഞ്ചൂർ പറഞ്ഞു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലുമെത്തി ഇവർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ശക്തമായ അന്വേഷണം നടത്തണമെന്നും സംഘം ആവശ്യപ്പെട്ടു.
കോട്ടയം: നഴ്സിങ് കോളജിലെ റാഗിങ്ങിന് ഇരയായ നാല് വിദ്യാർഥികൾ കൂടി ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. ഇതോടെ പരാതികളുടെ എണ്ണം അഞ്ചായി. അതിനിടെ, സംഭവത്തിൽ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ അന്വേഷണം തുടരുകയാണ്. ജോയന്‍റ് ഡി.എം.ഇയുടെ നേതൃത്വത്തിലുള്ള സംഘം കോളജിലെത്തി വിവരങ്ങൾ ശേഖരിച്ചു. കഴിഞ്ഞദിവസം ഡിവൈ.എസ്.പി കെ.ജി. അനീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോളജിലെത്തിയിരുന്നു. പരാതിയിലുൾപ്പെട്ട മുഴുവൻ വിദ്യാർഥികളുടെയും മൊഴിയെടുത്തു. അഞ്ച് പ്രതികൾ മാത്രമാണുള്ളതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പുറത്തുവന്ന പീഡന ദൃശ്യങ്ങളുടെ പരിശോധനക്ക് സൈബർസെല്ലിന്‍റെ സഹായം തേടും. പ്രതികളുടെ ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയച്ചു. റിമാൻഡിലുള്ളവര തൽക്കാലം കസ്റ്റഡിയിൽ വാങ്ങേണ്ടെന്ന നിലപാടിലാണ് പൊലീസ്.
കോട്ടയം: ഗവ. നഴ്സിങ് കോളജ് റാഗിങ് സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഗവ. നഴ്സിങ് കോളജ് പ്രിൻസിപ്പലും വിശദീകരണം നൽകണം. വാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ ആണ് കേസെടുത്തത്.
കോട്ടയം: ഗവ: നഴ്സിങ് കോളജിലെ റാഗിങ് പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യു.എൻ.എ) ആവശ്യപ്പെട്ടു. കൊടും ക്രൂരതക്ക് നേതൃത്വം നൽകിയവരെ പുറത്താക്കണം.
കോട്ടയം: ക്രൂര റാഗിങ് അരങ്ങേറിയ കോട്ടയം മെഡിക്കൽ കോളജ് നഴ്‌സിങ് കോളജിലേക്ക് വിദ്യാർഥി സംഘടനകളുടെ സമരപരമ്പര. കെ.എസ്.യുവും എ.ബി.വി.പിയും എസ്.എഫ്.ഐയും പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ കോളജ് കവാടം മണിക്കൂറുകളോളം സംഘര്‍ഷഭരിതമായി. കെ.എസ്.യു, എസ്.എഫ്.ഐ മാര്‍ച്ചുകൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
എ.ബി.വി.പിയുടെ നേതൃത്വത്തിലായിരുന്നു ആദ്യ സമരം. നിവേദനം നല്‍കാനെന്ന പേരില്‍ കാമ്പസിലേക്ക് കടന്ന അഞ്ചംഗ സംഘം നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ ഓഫിസില്‍ കയറി മുദ്രാവാക്യം മുഴക്കി. ഉടൻ കോളജിന് പുറത്തുണ്ടായിരുന്ന പൊലീസ് ഓടിയെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. എ.ബി.വി.പി സംസ്ഥാന ഉപാധ്യക്ഷന്‍ അരുണ്‍ മോഹന്‍, ജില്ല സെക്രട്ടറി ശ്രീഹരി ഉദയന്‍, സംസ്ഥാന കമ്മിറ്റിയംഗം അശ്വതി ജെ. നായര്‍, ഗാന്ധിനഗര്‍ യൂനിറ്റ് സെക്രട്ടറി വിനായകന്‍ എന്നിവരാണ് അറസ്റ്റിലായത്.
പിന്നാലെയാണ് കെ.എസ്.യു കോട്ടയം ജില്ല കമ്മിറ്റിയുടെ പ്രകടനമെത്തിയത്. റാഗിങ് കേസിലെ പ്രതികളെ ഉടന്‍ പുറത്താക്കുക, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ മാര്‍ച്ച് കോളജ് കവാടത്തിൽ പൊലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിനീക്കാൻ ശ്രമം തുടങ്ങി. ഇതിനിടെ, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ തോതിൽ സംഘർഷമുണ്ടായി.
സമ്മേളനം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉദ്ഘാടനം ചെയ്തു. കാമ്പസുകളിലെ അക്രമങ്ങള്‍ക്ക് എസ്.എഫ്.ഐ. നേതൃത്വം നല്‍കുകയാണ്. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുമെന്ന് അലോഷ്യസ് പറഞ്ഞു. പിന്നീട് കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അലോഷ്യസ് സേവ്യർ, കോട്ടയം ജില്ല പ്രസിഡന്‍റ് കെ.എൻ. നൈസാം, സംസ്ഥാന ഭാരവാഹികളായ ആൻ സെബാസ്റ്റ്യൻ, സെബാസ്റ്റ്യൻ ജോയ്, ജിത്തു ജോസ്, സോണിമോൾ, അലൻ പറങ്ങോട്ട്, തോമസുകുട്ടി, അശ്വിൻ സാബു, മെൽവിൻ സാം എന്നിവരാണ് അറസ്റ്റിലായത്.
കെ.എസ്.യു പ്രവർത്തകർ മടങ്ങിയതിനുപിന്നാലെയാണ് എസ്.എഫ്.ഐ രംഗത്തെത്തിയത്. പ്രതികള്‍ക്ക് എസ്.എഫ്.ഐ ബന്ധമില്ല, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉയർത്തിയായിരുന്നു എസ്.എഫ്.ഐ കോട്ടയം ജില്ല കമ്മിറ്റിയുടെ പ്രകടനം. പ്രതിഷേധ പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സമ്മേളനം ജില്ല പ്രസിഡന്‍റ് ബി. ആഷിഖ് ഉദ്ഘാടനം ചെയ്തു. മൂന്നു മാസം റാഗിങ് നടന്നിട്ടും കോളജ് അധികൃതര്‍ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് പ്രിൻസിപ്പൽ അടക്കമുള്ളവരുമായി ചർച്ച നടത്തി. അസി. വാർഡൻ, ഹൗസ് കീപ്പർ അടക്കം വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെയും നടപടി വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. കർശനനടപടിയുണ്ടാകുമെന്ന് അധികൃതർ ഉറപ്പുനൽകിയതായി ചർച്ചക്കുശേഷം എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.