പാരിപ്പള്ളി: അർബുദ ചികിത്സ സൗകര്യങ്ങൾ പേരിനുമാത്രം ലഭ്യമായ ജില്ലയിൽ രോഗികളുടെ ദുരിതത്തിന് അറുതി വരുത്താൻ പ്രത്യേക ചികിത്സകേന്ദ്രം ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിൽ പ്രത്യേക അർബുദ ചികിത്സാകേന്ദ്രം ആരംഭിക്കണമെന്ന ആവശ്യമുയർന്ന് തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഇനിയും അനുകൂല നടപടിയുണ്ടായിട്ടില്ല. ഓങ്കോളജിസ്റ്റിന്റെ സേവനം പോലുമില്ലാതെയാണ് ജില്ലയിലെ മെഡിക്കൽ കോളജിന്റെ പ്രവർത്തനം. അർബുദരോഗ നിർണയ സൗകര്യവുമില്ല. കോവിഡ് കാലത്ത് കൊല്ലം ജില്ല ആശുപത്രിയിൽ അർബുദ ചികിത്സക്കായി സംവിധാനം ഒരുക്കിയിരുന്നു. എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞതോടെ ആ സൗകര്യവും നാമമാത്രമായി. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ അർബുദ ചികിത്സ പരിമിതമായതിനാൽ രോഗികൾക്ക് തിരുവനന്തപുരം ആർ.സി.സി തന്നെയാണ് ശരണം.
സംസ്ഥാനത്തെ ഭൂരിപക്ഷം മെഡിക്കൽ കോളജ് ആശുപത്രികളിലും സർക്കാർ അർബുദ ചികിത്സാ സൗകര്യം ഒരുക്കിയിട്ടും കൊല്ലം മെഡിക്കൽ കോളജിനെ തഴയുകയാണെന്ന ആരോപണമാണ് ഉയരുന്നത്. സമീപ ജില്ലയായ തിരുവനന്തപുരത്ത് ആർ.സി.സിയുണ്ട് എന്ന കാരണത്താലാണ് ജില്ലയിലെ പ്രധാന ആശുപത്രികളിൽ അർബുദ ചികിത്സ സൗകര്യം നിഷേധിക്കുന്നത് എന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർതന്നെ പറയുന്നത്.
ആർ.സി.സിയിൽ ചികിത്സ കഴിഞ്ഞ് വരുന്നവർ തുടർ ചികിത്സക്ക് വീണ്ടും അവിടേക്കുതന്നെ പോകേണ്ട അവസ്ഥയാണ്. ഇതുമൂലം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വളരെയധികം ബാധ്യതയാണ് ഉണ്ടാകുന്നത്. കീമോതെറപ്പി, മറ്റ് അർബുദ അനുബന്ധ ചികിത്സകള്‍ എന്നിവക്കായി ആർ.സി.സിയിൽ പോകാതെ തുടര്‍ ചികിത്സ സാധ്യമാക്കുന്നതരത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളജിൽ സൗകര്യമൊരുക്കിയാൽ മണിക്കൂറുകൾ യാത്രചെയ്ത് തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളജുകളിലും ആർ.സി.സിയിലും പോകുന്നത് ഒഴിവാക്കാനാകും. മാസങ്ങൾക്ക് മുമ്പ് പാരിപ്പള്ളി മെഡിക്കൽ കോളജ് സന്ദർശിച്ച ആരോഗ്യമന്ത്രി ഇവിടെ അർബുദ ചികിത്സ വിഭാഗം സജ്ജമാക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. മെഡിക്കൽ കോളജിൽ ചേർന്ന യോഗത്തിൽ അർബുദ ചികിത്സാ വിഭാഗം ഉടൻ ആരംഭിക്കുമെന്നാണ് മന്ത്രി വീണ ജോർജ് പറഞ്ഞത്. എന്നാൽ, മാസങ്ങൾ പലത് കഴിഞ്ഞിട്ടും അക്കാര്യത്തിൽ നടപടിയൊന്നും വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.