തടവുകാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് 15 ലക്ഷം

തിരുവനന്തപുരം: ജയിലില്‍ കഴിയുന്നവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് 15 ലക്ഷം രൂപയും, പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള ധനസഹായത്തിന് അഞ്ച്​ ലക്ഷം രൂപയും അനുവദിച്ചതായി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം നടപ്പിലാക്കി വരുന്ന പ്രൊബേഷന്‍ സേവനങ്ങളുടെ ഭാഗമായാണ് തടവുകാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായവും പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള ധനസഹായവും അനുവദിക്കുന്നത്. കുടുംബത്തിലെ അന്നദാതാക്കള്‍ ജയിലിലാവുമ്പോള്‍ കുറ്റമൊന്നും ചെയ്യാത്ത കുട്ടികളുടെ പഠനം മുടങ്ങിപ്പോവാറുണ്ട്. അങ്ങനെ പഠനം തടസമാകാതിരിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തടവുകാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം

കുടുംബനാഥന്‍ ജയിലില്‍ കഴിയുന്നതുമൂലം വനിതകള്‍ ഗൃഹനാഥകളായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കും, വനിതാ തടവുകാരുടെ കുട്ടികള്‍ക്കും വിദ്യാഭ്യാസ ധനസഹായം നല്‍കി വരുന്ന പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും, 1 മുതല്‍ 5 വരെ ക്ലാസിലുള്ള കുട്ടികള്‍ക്കും പ്രതിമാസം 300 രൂപാ വീതവും 6 മുതല്‍ 10 വരെ ക്ലാസിലുള്ള കുട്ടികള്‍ക്ക് 500 രൂപാ വീതവും, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകള്‍ക്ക് 750 രൂപാ വീതവും, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിലും, മെരിറ്റ് സീറ്റില്‍ അണ്‍ എയ്ഡഡ് കോളേജുകളില്‍ ഡിഗ്രി പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് 1000 രൂപാ വീതവുമാണ് പ്രതിമാസം തുക അനുവദിക്കുന്നത്.

പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള ധനസഹായം

ജീവപര്യന്തമോ വധശിക്ഷയ്ക്കാ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന തടവുകാരുടെ കുട്ടികള്‍ക്ക് സംസ്ഥാനത്തിനകത്തുള്ള സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ ഡിഗ്രി തലത്തിലുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നതിന് വാര്‍ഷിക ഫീസും ഹോസ്റ്റല്‍ ഫീസും ഉള്‍പ്പെടെ സര്‍ക്കാര്‍ നിരക്കിലുള്ള ഫീസ് അനുവദിക്കുന്ന പദ്ധതിയാണിത്. വിവിധ കോഴ്‌സുകള്‍ക്ക് ഫീസ് ഘടനയില്‍ വ്യത്യാസമുള്ളതിനാല്‍ ഒരു കുട്ടിയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ എന്ന നിലയിലാണ് തുക അനുവദിക്കുന്നത്.

Tags:    
News Summary - kk shailaja teacher about financial help for Children of prisoners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.