തൃശൂർ: ‘‘സ്റ്റേജിൽ ഞാൻ നിൽക്കുമ്പോൾ കാട്ടിൽ എെൻറ അച്ഛൻ തേനെടുക്കുകയാകും... ഞാൻ മത്സരത്തിന് വന്നത് അച്ഛനും അമ്മക്കും അറിയില്ല. പറഞ്ഞാലും എന്താണ് കലോത്സവമെന്നോ പരിചമുട്ടെന്നോ കുടിയിലാർക്കും അറിയില്ല. ഈ വിജയത്തിെൻറ സന്തോഷം ഞങ്ങളുടെ ഊരിനുള്ളതാണ്...
കാട്ടാനയുടെയും മൃഗങ്ങളുടെയും ആക്രമണത്തിൽനിന്ന് കാത്താണ് അച്ഛൻ വേലുസ്വാമി ഞങ്ങൾ എട്ടുമക്കളെ വളർത്തിയത്. ഒരിക്കൽ സ്കൂളിൽനിന്ന് കുടിയിലെത്തിയ ഞാൻ മൊബൈൽ ഫോണിനെക്കുറിച്ച് വീട്ടിൽ പറഞ്ഞു. പിന്നെ എെൻറ അച്ഛൻ പണിക്ക് പോയത് മുഴുവൻ എനിക്കൊരു ഫോൺ വാങ്ങിത്തരാനായിരുന്നു.’’ കാടിറങ്ങിവന്ന് കലോത്സവവേദിയിലെത്തി ഹൈസ്കൂൾ പരിചമുട്ടുകളിയിൽ മികച്ച നേട്ടം കൈവരിച്ച സന്തോഷത്തിനിടയിലും അച്ഛനോടുള്ള സ്നേഹമാണ് മൂന്നാർ ഗവ. മോഡൽ െറസിഡൻഷ്യൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി വിഷ്ണുവിെൻറ കണ്ണിൽ വിടർന്നത്.
ഇടമലക്കുടിയിലെ ആദിവാസി വിഭാഗത്തിൽപെട്ട വേലുസ്വാമി-രാജകന്നി ദമ്പതികളുടെ മകനാണ് വിഷ്ണു. സ്കൂൾ ടീമിലെ എല്ലാവരും ആദിവാസി വിഭാഗത്തിൽപെടുന്നവർ. എത്രയുംവേഗം ഊര് മൂപ്പൻ മണിയനെ സന്തോഷം അറിയിച്ച് അനുഗ്രഹം വാങ്ങാൻ പോകണമെന്നാണ് അട്ടപ്പാടിയിൽനിന്നെത്തിയ രാജേഷിെൻറ ആഗ്രഹം. അട്ടപ്പാടി, സൂര്യനെല്ലി, വട്ടവട, മറയൂർ, കുണ്ടലക്കുടി എന്നിവിടങ്ങളിൽനിന്നുള്ള ഒമ്പത് കുട്ടികളാണ് പങ്കെടുത്തത്. തിങ്കളാഴ്ച പുലർച്ച രണ്ടുമണിക്കാണ് മൂന്നാറിൽനിന്ന് ജീപ്പിൽ തൃശൂരിേലക്ക് പുറപ്പെട്ടത്. ടീമിലെ ഓരോരുത്തർക്കും പറയാനുള്ളത് അവരവരുടെ കുടികളിലെ വ്യത്യസ്ത കഥകളാണ്. ശരത്, സുനീഷ്, മണി, രാജേഷ്, അമൃതേഷ്, വിശ്വ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.
വ്യത്യസ്ത ആദിവാസി വിഭാഗങ്ങളിൽപെടുന്നവരാണെങ്കിലും എല്ലാവരും സഹോദരങ്ങളെപ്പോലെ ഒരുമിച്ചുനിന്നാണ് പഠനം പൂർത്തീകരിച്ചതെന്ന് അധ്യാപകൻ ടി.സി. ബാബു പറഞ്ഞു. ആദ്യമായാണ് കേരള സ്കൂൾ കലോത്സവവേദിയിൽ മൂന്നാർ ഗവ. െറസിഡൻഷ്യൽ സ്കൂളിെൻറ പങ്കാളിത്തമുണ്ടാകുന്നത്. ഈ കുട്ടിക്കൂട്ടം പരിചമുട്ട് പഠിക്കാൻ രണ്ടുമാസം മാത്രമാണ് എടുത്തതെന്ന് പരിശീലകൻ മൂലമറ്റം ഗോവിന്ദൻകുട്ടി ആശാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.