മാറ്റുവിൻ ചട്ടങ്ങളെ...

അസഹിഷ്ണുതയുടെയും വിദ്വേഷ രാഷ്​ട്രീയത്തി​​​െൻറയും കാലത്ത് ശരിക്കുമൊരു സാംസ്​കാരിക വിപ്ലവമാണ് ലോകത്തിലെ ഏറ്റവും വലിയ വന്‍കരയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ നമ്മുടെ സംസ്ഥാന സ്കൂള്‍ കലോത്സവം. പാരമ്പര്യത്തി​​​െൻറ പേരില്‍ ഒരേ ജനിതക ഘടനയില്‍കിടന്ന് വട്ടം കറങ്ങിയ നമ്മുടെ കലകളെ മാറ്റിമറിച്ചത് ഈ കലോത്സവങ്ങളാണ്. കഥകളിയില്‍ അര്‍ജുനനായി ഒരു റഹീമിനെയും ഒപ്പനക്ക് മണവാട്ടിയായി ഒരു ആതിരയുമൊക്കെയായിരിക്കും നമ്മുടെ കലോത്സവങ്ങളില്‍ കാണാന്‍ കഴിയുക. ഉത്തരേന്ത്യയിലൊന്നും ഈ ഒരു മതേതര കലാപരാഗണം സങ്കൽപിക്കാന്‍ കഴിയില്ല.അതുകൊണ്ടുതന്നെ കേരളത്തി​​​െൻറ സാംസ്​കാരിക ദിശാസൂചികൂടിയാണ് കേരള സ്കൂള്‍ കലോത്സവം.ഒരുപാട് മാറിയ നമ്മുടെ കലോത്സവത്തെ കൂടുതല്‍ ഫലപ്രദവും കാര്യക്ഷമവുമാക്കാന്‍ ചെയ്യേണ്ടത് എന്തൊക്കെയാണ്?


• നമ്മുടെ നൃത്തവേദികളില്‍ വർണവിവേചനമുണ്ടോ?
വിദേശരാജ്യങ്ങളിലൊക്കെ കറുത്ത നര്‍ത്തകര്‍ ആഘോഷിക്കപ്പെടുന്ന ഈ കാലത്ത് നമ്മുടെ മേളയില്‍ നാടോടിനൃത്തത്തിനുപോലും വെളുത്ത കുട്ടികളെ ബ്ലാക്കടിപ്പിക്കുന്ന കാഴ്ചയാണുള്ളത്. മിക്ക നൃത്താധ്യാപകരും ഒരു പരിധിവരെ സ്കൂള്‍ അധ്യാപകരും കറുത്ത കുട്ടികളെ, കൂട്ടത്തില്‍ചേരില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ് പതിവ്. നൃത്തത്തിന് അവതരണ മികവാണ് പരിഗണിക്കയെന്നതും നിങ്ങളുടെ തൊലിയുടെ നിറം ബാധകമല്ലെന്നതും ഇവിടെ പൂര്‍ണമായും അവഗണിക്കപ്പെടുന്നു. 

•സി.ബി.എസ്.ഇക്കാരെകൂടി ഉള്‍പ്പെടുത്തി മഹാമേളയാക്കണോ?
സര്‍ക്കാര്‍ എന്ന വാക്കിനോടെന്ന പോലെ ശരാശരി മലയാളിക്ക് പുച്​ഛം കൂടിവരുന്ന കാലമാണിത്.  പക്ഷേ കേരള സ്കൂള്‍ കലോത്സവത്തിലേക്ക് വരിക. ഇവിടെ സര്‍ക്കാര്‍ തലയുയര്‍ത്തി നില്‍ക്കുന്നു.ഏത് വന്‍കിട ഇവൻറ്​ മാനേജ്​മ​​െൻറ്​ ടീമിനെയും അമ്പരപ്പിക്കുന്ന രീതിലാണ് മേളയുടെ സംഘാടനത്തിനായുള്ള പൊതുവിദ്യാഭ്യാസ വകുപ്പി​​​െൻറ പ്രഫഷനലിസം. കേരള സിലബസിലെ അണ്‍എയ്​ഡഡ്​ സ്കൂളുകള്‍ ഒഴികെയുള്ള  കുട്ടികളെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്ന പൊതുസമൂഹം അവരെ ഇവിടെ എടുത്തുയര്‍ത്തുന്നു.  കഴിഞ്ഞ നാലഞ്ചുവര്‍ഷമായി കണ്ടുവരുന്ന മറ്റൊരു പ്രവണതയുമുണ്ട്. ഈ കലോത്സവത്തില്‍ പങ്കെടുക്കാന്‍ മാത്രം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്​കൂളുകളില്‍നിന്ന് കുട്ടികള്‍ കേരള സിലബസിലേക്കും എന്തിന് സര്‍ക്കാര്‍ സ്​കൂളിലേക്കും വരെ വരുന്നു! അതായത് പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയായി ഇന്ന് സ്കൂള്‍ കലോത്സവം മാറുന്നെന്ന് വ്യക്തം. ഈ സാഹചര്യത്തില്‍ വേണം സി.ബി.എസ്.ഇ- ഐ.സി.എസ്.ഇ സ്​കൂളുകളെക്കൂടി ഉള്‍പ്പെടുത്തി ഈ മേള ‘വികസിപ്പിക്കണമെന്ന ആശയം പരിഗണിക്കേണ്ടത്.പൊതുവിദ്യാഭ്യാസ സംരക്ഷണമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ ‘ലയന സമ്മേളനം’ മാറ്റിവെച്ച് മേളയെ ഈ രീതിയില്‍ വിടുന്നതാണ് നല്ലത്.

•വരൂ, സ്​റ്റേജിന് പിറകിലേക്ക്; ഈ വേദന കാണൂ
 കലോത്സവത്തി​​​െൻറ മറുപുറമറിയേണ്ടവര്‍, ഒപ്പനയും, സംഘനൃത്തവും, മാര്‍ഗംകളിയുമൊക്കെ കഴിഞ്ഞ് ഒന്ന് വേദിയുടെ പിന്നാമ്പുറത്തേക്കൊന്ന് പോയിനോക്കണം. എന്തോ വാഹനാപകടം കഴിഞ്ഞുള്ള രക്ഷാപ്രവര്‍ത്തനമാണിതെന്ന് തോന്നിപ്പോകും. തലകറങ്ങി വീഴുന്നവര്‍, എണീക്കാന്‍പോലും പറ്റാത്തവര്‍, ഛര്‍ദിക്കുന്നവര്‍...ബി.പി താഴാതിരിക്കാനായി നെഞ്ചമര്‍ത്തുന്നു, വീശുന്നു, ഗ്ലൂക്കോസ് കുടിപ്പിക്കുന്നു.  അതായത് 14പേര്‍ മത്സരിക്കേണ്ടിടത്ത് കൂട്ട അപ്പീല്‍കാരണം നാല്‍പ്പത്തിയഞ്ചും അമ്പതും പേര്‍ എത്തിയാലുള്ള അവസ്ഥ എന്തായിരിക്കും. മേക്കപ്പിട്ട് പന്ത്രണ്ടും പതിമൂന്നും മണിക്കൂര്‍ ഇരുന്ന കുട്ടികളുടെ അവസ്ഥയെന്താവും. അതുകൊണ്ടുതന്നെയാണ് ഇവര്‍ കുഴഞ്ഞ് വീഴുന്നതും. ഇത്തരം വലിയൊരു പീഡാനുഭവത്തിലൂടെ കടന്നുപോയല്‍ പിന്നെ ഈ കുട്ടികള്‍ ഭാവിയില്‍ കലയെ വെറുക്കുമെന്ന് ഉറപ്പാണ്. അപ്പീലുകള്‍ നിയന്ത്രിക്കയല്ലാതെ ഈ ബാലപീഡനം ഒഴിവാക്കാന്‍ മറ്റുവഴികളില്ല.

•അപ്പീല്‍ നിയന്ത്രണം ഏതുവരെയായി?
 എല്ലാവര്‍ഷവും കലോത്സവത്തിന്​ മുമ്പ്​ വിദ്യാഭ്യാസമന്ത്രിയും, പൊതുവിദ്യാഭ്യാസ ഡയറക്ടറുമൊക്കെ പറയുന്ന പഞ്ച് ഡയലോഗുണ്ട്.അടുത്ത വര്‍ഷം മുതല്‍ അപ്പീലിന് കര്‍ശന നിയന്ത്രണമെന്ന്.  ഇത് ഒരിക്കലും നടപ്പാകുകയില്ല. ഇത്തവണ അതിനായുള്ള കഠിന പരിശ്രമങ്ങള്‍ നടക്കുന്നുവെന്നതും ശ്ലാഘനീയമാണ്.
 കോടതി മാത്രമല്ല, ഒംബുഡ്​സ്​മാനും, ലോകായുക്തയും,ഉപലോകായുക്തയും, ബാലാവകാശ കമീഷനുമൊക്കെ അപ്പീല്‍ അനുവദിച്ച് കുട്ടികളെ മേളക്ക് വിടുകയാണ്. വെള്ളക്കാടലാസില്‍ എഴുതിക്കൊടുക്കുന്നവര്‍ക്കൊക്കെ അത് വായിച്ചുപോലും നോക്കാതെ അപ്പീല്‍ അനുവദിക്കയാണെന്ന് വ്യാപക പരാതി നേരത്തെ ഉയര്‍ന്നിരുന്നു. ഇതിനുള്ള പരിഹാരമായ കലോത്സവ മാന്വലിന് നിയമപരിരക്ഷ കൊണ്ടുവരിക എന്ന ആശയം മുമ്പ് ഉയര്‍ന്നതും ചര്‍ച്ചചെയ്തതുമാണ്. എന്നാല്‍ ഇതും ഒന്നുമായില്ല.

• കാശ് പുട്ടടി ​ൈകയോടെ പിടിക്കേണ്ടേ?
കേരളത്തി​​​െൻറ അഭിമാനമായ ഈ മേളയിലെ ധൂര്‍ത്തും തട്ടിപ്പും വെട്ടിപ്പും തടയാനുള്ള ഇഛാശക്തിയും അധികൃതര്‍ കാണിക്കേണ്ടതുണ്ട്. ഓഡിറ്റ്​ ചെയ്യാത്ത പണം പലപ്പോഴും അനുവദിക്കപ്പെടുന്നതിനാല്‍ കാശുപുട്ടടിക്കാനുള്ളവര്‍ക്ക് നല്ല ചാന്‍സാണ് ഈ മേള. അഡ്വക്കറ്റ്​ ഡി.ബി.ബിനു വിവരാവകാശ പ്രകാരം എടുത്ത രേഖകളില്‍ കടുത്ത അഴിമതിയാണ് ജില്ല കലോത്സവങ്ങളില്‍ നടക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. എസ്​റ്റിമേറ്റ് തുകയുടെ ഇരട്ടിക്കാണ് പന്തല്‍പണിവരെ തീര്‍ക്കുക. ഭക്ഷണം വാങ്ങിയതുതൊട്ട് സകലതിലുമുണ്ട് ഇൗ വിലപേശൽ.  കലോത്സവ ഡ്യൂട്ടിയിലാണെന്ന് ഫോം പൂരിപ്പിച്ച്​  ഒരു പണിയുമെടുക്കാതെ മുങ്ങിനടക്കുന്ന ഏറെ അധ്യാപകരുമുണ്ട്​ !ഇതൊക്കെ തടയാനുള്ള ധീര നടപടികളാണ് അധികൃതരില്‍നിന്ന് പ്രതീക്ഷിക്കുന്നത്.

•ഭക്ഷണത്തില്‍ ബഹുസ്വരത വേണ്ടേ?
അസഹിഷ്ണുതയുടെ കാലത്തെ സാംസ്ക്കാരിക വിപ്ലവം കൂടിയാണല്ലോ നമ്മുടെ കലോത്സവം.അപ്പോള്‍ അവിടുത്തെ ഭക്ഷണ കലവറയില്‍ എന്തിന് സസ്യഭക്ഷണ മൗലികവാദമെന്ന സോഷ്യല്‍മീഡിയയുടെ ചോദ്യത്തിനും പ്രസക്തിയുണ്ട്.വര്‍ഷങ്ങളായി തുടരുന്ന ഒരു മാമൂല്‍പോലെയാണ് കലോത്സവത്തിന് സസ്യാഹാരം മാത്രമെന്നത്. ഇഷ്​ടമുള്ളവര്‍ക്ക് ഇഷ്​ടഭക്ഷണമെന്ന രീതിയില്‍ ഒരുദിവസമെങ്കിലും മെനു മാറ്റിപ്പിടിച്ചാല്‍  എന്താണ് കുഴപ്പം?
 

Tags:    
News Summary - kerala school kalolsavam 2018 thrissur-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.