68 ദിവസംകൊണ്ട് ചെലവിടേണ്ടത് 16,032 കോടി; വഴികാണാതെ സര്‍ക്കാര്‍

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷത്തില്‍ അവശേഷിക്കുന്ന 68 ദിവസംകൊണ്ട്  ചെലവിടേണ്ടത് 16,032 കോടി രൂപ. ഒമ്പത് മാസംകൊണ്ട് ചെലവിട്ടതാകട്ടെ വെറും 7967.74 കോടിയും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 5500 കോടി വിഹിതമനുവദിച്ചിരിക്കെ ഇതുവരെ നല്‍കിയത് 659.75 കോടി മാത്രം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ 16,032 കോടി രൂപ വാര്‍ഷിക പദ്ധതിക്കായി ചുരുങ്ങിയ കാലംകൊണ്ടു മാറ്റിവെക്കാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടും. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ പോലും കടമെടുക്കുകയാണ് സര്‍ക്കാര്‍. പദ്ധതി വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ തയാറാകില്ളെങ്കിലും മറ്റു നിയന്ത്രണങ്ങളിലൂടെ ചെലവ് കുറച്ചു നിര്‍ത്താനാകും ശ്രമിക്കുക. കഴിഞ്ഞ വര്‍ഷവും പദ്ധതി പ്രവര്‍ത്തനം താളം തെറ്റിയിരുന്നു. സമാന സാഹചര്യമാണ് ഇക്കൊല്ലവും.

24,000 കോടിയുടെ വാര്‍ഷിക പദ്ധതിയില്‍ ഇതുവരെ വിനിയോഗം 33.2 ശതമാനം മാത്രമാണ്. ഇടതു മുന്നണി ഏറെ താല്‍പര്യം കാട്ടുന്ന തദ്ദേശ സ്ഥാപനങ്ങളുടെ വിനിയോഗം വെറും 12 ശതമാനമേ ആയിട്ടുള്ളൂ. വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി വകയിരുത്തിയ 2354 കോടിയില്‍ കാര്യമായ വിനിയോഗമുണ്ടായിട്ടില്ല. നിയമവകുപ്പ് ഇതുവരെ ഒരു പൈസയും ചെലവിട്ടിട്ടില്ല. 20 ശതമാനത്തില്‍ താഴെ വിനിയോഗമുള്ള വകുപ്പുകള്‍: പരിസ്ഥിതി 19.62, ഭക്ഷ്യപൊതുവിതരണം 6.87, ആഭ്യന്തരവും വിജിലന്‍സും 8.62, ലജിസ്ളേച്ചര്‍ 14.20, ആസൂത്രണം 14.33, തുറമുഖം 14.33 ശതമാനം.

മരാമത്ത് വകുപ്പാണ് ഇക്കൊല്ലവും പദ്ധതി വിനിയോഗത്തില്‍ മുന്നില്‍. ഇന്നലത്തെ കണക്ക് പ്രകാരം 112.11 ശതമാനമാണ് വിനിയോഗം. 1286.04 കോടിയാണ് വിഹിതമെങ്കിലും ഇതിനകം 1441.80 കോടി ചെലവിട്ടു കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ളത് ഭരണപരിഷ്കാര വകുപ്പാണ്: 87.31 ശതമാനം. കായികം 80.65, ധനകാര്യം 71.21, തൊഴില്‍ 62.68, ഊര്‍ജം 53.95 എന്നിങ്ങനെയാണ് മികച്ച വിനയോഗമുള്ള വകുപ്പുകള്‍.

പദ്ധതി പ്രവര്‍ത്തനത്തിന് വേഗം കൂട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ദേശിച്ചിരുന്നു. നിരവധി പദ്ധതികള്‍ക്ക് ഇതുവരെ ഭരണാനുമതി പോലും നല്‍കിയിട്ടില്ല. സാമ്പത്തിക വര്‍ഷത്തിന്‍െറ ഓരോ പാദത്തിലും ചെലവിടേണ്ട പദ്ധതിപണം നിശ്ചയിച്ചിട്ടുണ്ട്. ഇത് ഏതാനും വര്‍ഷങ്ങളായി പാലിക്കാറില്ല. മാര്‍ച്ചില്‍ കൂട്ട ചെലവിടല്‍ നടത്തുകയാണ് ചെയ്യുന്നത്. ശരിയായ പരിശോധനയോ വിലയിരുത്തലോ ഇല്ലാതെ സര്‍ക്കാര്‍ പണം ഒഴുകുകയാണ്. അവസാന സമയത്ത് ചെലവിടുന്ന പണത്തിന് നിയന്ത്രണം കൊണ്ടുവരുമെന്ന പതിവ് പല്ലവിപാടുകയാണ് സര്‍ക്കാര്‍.

Tags:    
News Summary - kerala government face serious problem in fund allowing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.