കെ.സി. വേണുഗോപാൽ

പി.എംശ്രീ പദ്ധതിയില്‍ ചേരാനുള്ള സര്‍ക്കാറിന്‍റെ നീക്കം ബി.ജെ.പി-സി.പി.എം ഒത്തുതീര്‍പ്പിന്റെ ഭാഗം -കെ.സി. വേണുഗോപാല്‍

കോഴിക്കോട്: ബി.ജെ.പി-സി.പി.എം ഒത്തുതീര്‍പ്പിന്റെ ഭാഗമായി പുറത്തുവരുന്ന വിവിധ ഘടകങ്ങളില്‍ ഒരു ഭാഗമാണ് പി.എം ശ്രീ പദ്ധതിയില്‍ ചേരാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. മുഖ്യമന്ത്രിയുടെ മകന് ഇ.ഡി. നോട്ടീസ് വന്നത് മറച്ചുവെച്ചതും ലാവ്‌ലിന്‍ കേസ് നിരന്തരം സുപ്രീംകോടതിയില്‍ മാറ്റിവെക്കുന്നതും ഉള്‍പ്പെടെ വലിയ പരമ്പര തന്നെ ഈ ഒത്തുതീര്‍പ്പിന്റെ ഭാഗമായി നടന്നിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.

പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് പി.എം ശ്രീ പദ്ധതി നടപ്പാക്കാന്‍ സി.പി.എം ശ്രമിക്കുന്നത്. പിഎം ശ്രീ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പാക്കിയെന്നത് തെറ്റായ ധാരണയാണ്. പിഎം ശ്രീ പദ്ധതി കര്‍ണ്ണാടകയില്‍ നടപ്പാക്കിയത് 2021ലെ ബി.ജെ.പി സര്‍ക്കാരാണ്. മറിച്ച് കോണ്‍ഗ്രസ് സര്‍ക്കാരല്ല. തെലുങ്കാനയിലും ഈ പദ്ധതി നടപ്പാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്തല്ല.

സംഘ്പരിവാര്‍ അജണ്ട സിലബസില്‍ ഉള്‍കൊള്ളിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തെ കോണ്‍ഗ്രസ് ഒരിക്കലും അംഗീകരിക്കില്ല. ശക്തമായി എതിര്‍ക്കും. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ കുറിച്ച് പഠിക്കണ്ടെന്നും പകരം ഗോഡ്‌സെയെ കുറിച്ച് മാത്രം പഠിക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാറിന്റെ നിലപാട്. അത് നടപ്പാക്കുന്നിനുള്ള കൈക്കൂലിയാണോ ഈ പദ്ധതി പ്രകാരമുള്ള 1400 കോടി രൂപ? സി.പി.ഐ എതിര്‍പ്പ് അറിയിച്ചിട്ടും മുന്‍നിലപാടില്‍ നിന്ന് സി.പി.എം പിന്നോട്ട് പോയതിന്റെ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കണം. പി.എം ശ്രീ പദ്ധതിയെ എതിര്‍ക്കുന്ന നിലപാട് സി.പി.ഐ ഉറച്ചു നില്‍ക്കുമോയെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു.

നിലവിലെ ദേവസ്വം ബോര്‍ഡിനെതിരെ അതീവ ഗുരുതരമായ ആരോപണമാണ് ഹൈകോടതി ഉന്നയിച്ചിരിക്കുന്നത്. 2019ലെ സ്വര്‍ണക്കൊള്ളയെ സാധൂകരിക്കാനാണ് 2025ല്‍ പുതിയ തീരുമാനം എടുത്തത്. ദേവസ്വം സ്‌പെഷ്യല്‍ കമീഷണറെ അറിയിക്കാതെയാണ് ഇത് നടപ്പാക്കിയതെന്നും കോടതി വിധിയില്‍ വ്യക്തമാണ്. നിലവിലെ ദേവസ്വം ബോര്‍ഡിനെതിരായ വ്യക്തമായ വിമര്‍ശനമാണ് വിധിയിലുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഒരു നിമിഷം അവര്‍ക്ക് പദവിയില്‍ തുടരാന്‍ അധികാരമില്ല. എല്‍.ഡി.എഫ് ഭരണത്തില്‍ ദേവസ്വം സ്വത്തുക്കള്‍ക്ക് സുരക്ഷയില്ല. വിശ്വാസത്തെ തര്‍ക്കുകയാണ് അവിശ്വാസികളായ ഇടതുസര്‍ക്കാര്‍. ഓരോ അമ്പലത്തിലെയും സ്വത്തുവകള്‍ക്ക് വിശ്വാസികള്‍ക്ക് ഇടയില്‍ വലിയ സ്ഥാനമാണുള്ളത്. അവ കവര്‍ന്നെടുക്കുന്നതിന് ലൈസന്‍സ് നല്‍കുകയാണ് ഈ സര്‍ക്കാര്‍.

ദേവസ്വം ബോര്‍ഡിന്റെ കുറ്റം മറച്ചുപിടിക്കുന്ന നടപടിയാണ് ബോര്‍ഡിന്റേത്. അതിന്റെ ഭാഗമാണ് ഇടക്കാല ഉത്തരവില്‍ പ്രസിഡന്റിനെതിരായ പരാമര്‍ശം മാറ്റാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന നിലപാട്. ഇപ്പോഴും ചെയ്ത കുറ്റം സമ്മതിക്കാന്‍ തയ്യാറല്ല. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടന്ന വിപുലമായ ഗൂഢാലോചന അന്വേഷിക്കണം. 2019ല്‍ നടന്ന മോഷണം മാത്രമല്ല, ദേവസ്വം സ്‌പെഷ്യല്‍ കമീഷണറെ അറിയാക്കാതെ 2025ല്‍ നടത്തിയ ഇടപാടും അന്വേഷിക്കണമെന്ന് ഹൈകോടതി പറഞ്ഞതിലൂടെ നിലവിലെ ദേവസ്വം ബോര്‍ഡിന്റെ ദുരൂഹ ഇടപാടുകളെ കോടതി അവിശ്വസിക്കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.

സി.പി.എം നേതൃത്വം അറിയാതെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ മോഷണം നടക്കില്ല. അതിനാലാണ് ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈകോടതി തന്നെ ഉത്തരവിട്ടത്. ഗുരുവായൂര്‍ ദേവസ്വത്തിലും വലിയ ക്രമക്കേട് നടന്നിട്ടുണ്ട്. സംസ്ഥാന ധനകാര്യ വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. അത് അന്വേഷിക്കുന്നതിന് പകരം അങ്ങനെയൊരു റിപ്പോര്‍ട്ട് തയാറാക്കിയ ഉദ്യോഗസ്ഥനെതിരെയാണ് നടപടിയെടുക്കുന്നത്.

ഏതെങ്കിലും പദവി നോക്കിയല്ല, മറിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കി യു.ഡി.എഫിനെ വിജയിപ്പിക്കാന്‍ വേണ്ടി കേരളത്തില്‍ സജീവമായി ഉണ്ടാകും. താന്‍ ആലപ്പുഴയില്‍ നിന്നുള്ള യു.ഡി.എഫ് ജനപ്രതിനിധി കൂടിയാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Tags:    
News Summary - KC Venugopal react to PM Shri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.