മഞ്ചേശ്വരം: ഉപ്പള ദേശീയപാതയിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ചു സ്ത്രീകളടക്കം ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ചു. നാല് കുട്ടികളുടെ നില ഗുരുതരം.തിങ്കളാഴ്ച്ച പുലർച്ചെ ആറു മണിയോടെ നയാബസാർ ദേശീയപാതയിൽ മംഗൽപാടി താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് അപകടം. കർണാടക സ്വദേശികളായ തലപ്പാടി കെ.സി. റോഡിലെ ബീഫാത്തിമ(65), മുഷ്താഖ്(41), നസീമ(38), അസ്മ(30), ഇംതിയാസ്(28) എന്നിവരാണ് മരിച്ചത്.
മംഗളൂരു ഭാഗത്ത് നിന്നും ചരക്കുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന കെ.എ 23 സി. 0803 നമ്പർ നാഷണൽ പെർമിറ്റ് ലോറിയും, കാസർഗോഡ് ഭാഗത്ത് നിന്നും കർണാടകയിലേക്ക് പോവുകയായിരുന്ന കെ.എ 15 പി.9999 നമ്പർ ഫോഴ്‌സ് ട്രാക്ക് തൂഫാൻ ജീപ്പും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു.
ലോറിയുടെ മുൻ വശത്തെ ടയർ പൊട്ടിയത് മൂലം നിയന്ത്രണം വിട്ടു ജീപ്പിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ജീപ്പ് വെട്ടി പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. മൂന്നു സ്ത്രീകളും ജീപ്പ് ഡ്രൈവർ അടക്കം രണ്ടു പുരുഷന്മാരുമാണ് മരിച്ചത്. ജീപ്പ് ഡ്രൈവറുടെ മൃതദേഹം ഒരു മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാൻ കഴിഞ്ഞത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ നാല് കുട്ടികളെ മംഗളൂരിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. തീർത്ഥാടനത്തിന് പോയ കുടുംബമാണ് അപകടത്തിൽപെട്ടതെന്നാണ് നിഗമനം .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.