അധികൃതർ വാക്ക് പാലിച്ചില്ല; കോൺവെന്റ് ജങ്ഷൻ റോഡിൽ വാഴനട്ട് പ്രതിഷേധം
നീലേശ്വരം: റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായ നീലേശ്വരം കോൺവെന്റ് ജങ്ഷനിലെ കുഴിയിൽ ജനകീയ സമരസമിതി പ്രവർത്തകർ വാഴനട്ട് പ്രതിഷേധിച്ചു. അപ്രതീക്ഷിതമായി പെയ്ത മഴയിൽ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞതോടെ ഗതാഗതവും താറുമാറായി. നീലേശ്വരത്തുനിന്ന് മലയോരത്തേക്കുള്ള ഏക പ്രവേശന കവാടമാണ് ഈ ജങ്ഷൻ. നീലേശ്വരം താലൂക്ക് ആശുപത്രി, നീലേശ്വരം ബ്ലോക്ക് ഓഫിസ്, ഗവ. ഐ.ടി.ഐ തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്ക് ജനങ്ങൾ സഞ്ചരിക്കേണ്ട നീലേശ്വരം - എടത്തോട് റോഡാണിത്.
പൊതു പ്രവർത്തകനും റിട്ട. അധ്യാപകനുമായ ബാലകൃഷ്ണൻ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഈ റോഡ് ടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് കോൺവെന്റ് ജങ്ഷനിൽ പന്തൽ കെട്ടി നിരാഹാര സമരം നടത്തിയിരുന്നു.
തുടർന്ന് താത്കാലിക അറ്റകുറ്റപ്പണിക്കായി ആറുലക്ഷം രൂപ അനുവദിച്ചതായും 10 ദിവസത്തിനകം കോൺവെന്റ് കവലയിലെ അപകടകരമായ കുഴികൾ നികത്തി റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകുകയും ചെയ്തു.
ഉറപ്പ് ലഭിച്ചതിനെ തുടർന്ന് രണ്ടുദിവസമായി നടത്തിയ നിരാഹാര സമരം ബാലകൃഷ്ണൻ താൽകാലികമായി അവസാനിപ്പിച്ചു. എന്നാൽ, സമയപരിധി കഴിഞ്ഞിട്ടും റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചില്ല. ശക്തമായ മഴയിൽ കുഴിയിൽ വെള്ളം നിറഞ്ഞതിനാൽ ബൈക്കുകളും ഓട്ടോകളുമാണ് കൂടുതൽ ദുരിതം പേറുന്നത്. നീലേശ്വരം - എടത്തോട് റോഡിൽ ബാക്കിയുള്ള റോഡ് മെക്കാഡം ടാറിങ് നടത്തുന്നതിന് പുതിയ ടെൻഡർ ക്ഷണിച്ച് സ്വീകരിച്ച ശേഷം പൊതുമരാമത്ത് വകുപ്പ് ടെൻഡർ തുറക്കാൻ തയാറാകാത്തതാണ് പ്രവൃത്തി നീണ്ടുപോകാൻ പ്രധാന കാരണം. ഇതിൽ പ്രതിഷേധിച്ചാണ് ജനകീയ സമരസമിതി വാഴനട്ട് പ്രതിഷേധിച്ചത്. കെ. ബാലകൃഷ്ണൻ, കെ.സി. വിനോദ് കുമാർ, ഇ. വേണുഗോപാലൻ നായർ, ശ്രീജിത്, രാജേന്ദ്രൻ ബങ്കളം, മോഹനൻ നീലേശ്വരം, രാജു പഴനെല്ലി, സുരേഷ് പുതിയേടത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.