കുമ്പള: ശക്തമായ കാറ്റും മഴയും തുടരുന്നതിനിടെ വ്യാപാര സമുച്ചയത്തിന്റെ മേൽക്കൂരയിലുള്ള നെയിം ബോർഡ് ഇളകിയത് പരിഭ്രാന്തി സൃഷ്ടിച്ചു. കുമ്പളയിൽ വ്യാപാര സമുച്ചയത്തിന്റെ മേൽക്കൂരയിലുള്ള കൂറ്റൻ നെയിം ബോർഡ് ഇളകിയാടിയതാണ് വ്യാപാരികളിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. തകർന്നു വീണാലുണ്ടായേക്കാവുന്ന അപകടാവസ്ഥ മനസ്സിലാക്കി വ്യാപാരികൾ വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചു.
സേന ഉദ്യോഗസ്ഥൻ രാജേഷ് വിവരം ദുരന്തനിവാരണ അതോറിറ്റി ടീമിനെ അറിയിച്ചതോടെ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യൂസുഫ്, പഞ്ചായത്ത് അസി. സെക്രട്ടറി ഇ.എ. മാധവൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സബൂറ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരും കുമ്പള സി.ഐ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി ഫയർഫോഴ്സ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. അഞ്ചുമണിക്കൂർ നീണ്ട പരിശ്രമത്തിനിടയിൽ അപകടാവസ്ഥയിലായ നെയിം ബോർഡ് ഫയർഫോഴ്സ് ജീവനക്കാർ മുറിച്ചുമാറ്റി താഴെയിറക്കി.
തകർച്ച നേരിടുന്ന കെട്ടിടത്തിന്റെ മേൽക്കൂര ഉടൻ എടുത്തുമാറ്റാനും പുതുക്കിപ്പണിയാനും കെട്ടിട ഉടമക്ക് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും നിർദേശം നൽകി. ജില്ലയിലെ കാലവർഷക്കെടുതികളിൽ ദുരന്തനിവാരണ അതോറിറ്റി കാര്യക്ഷമമായ ഇടപെടൽ നടത്താറുണ്ട്.
കുമ്പള സ്കൂൾ റോഡിൽ വൈദ്യുതി ലൈനിന് മുകളിലായി അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. സ്കൂൾ തുറക്കാറായതും മരങ്ങൾ അപകടാവസ്ഥയിലുള്ളതും വ്യാപാരികൾ ഇന്നലെ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.