പാതിവഴിയിൽ നിൽക്കുന്ന മൊഗ്രാൽ സർവിസ് റോഡ് നിർമാണം
മൊഗ്രാൽ: പത്ത് ദിവസത്തിനകം ഗതാഗതയോഗ്യമാക്കുമെന്ന് പറഞ്ഞ് അടച്ചിട്ട മൊഗ്രാൽ സർവിസ് റോഡ് നിർമാണം മൂന്നാഴ്ച പിന്നിട്ടിട്ടും പൂർത്തിയാകാത്തതുമൂലം ബസ് യാത്രക്കാർ ദുരിതത്തിൽ. നേരത്തെ ഒരുമാസം അടച്ചിട്ട റോഡ് നാട്ടുകാരുടെ ഇടപെടലിനെതുടർന്ന് താൽക്കാലികമായി തുറന്നുകൊടുത്തിരുന്നു. വീണ്ടും ജോലികൾക്കായി ഏഴുദിവസത്തേക്ക് അടച്ച റോഡ് ഇപ്പോൾ മൂന്നാഴ്ച പിന്നിട്ടിട്ടും തുറന്നുകൊടുക്കാൻ നടപടിയില്ല. പ്രവൃത്തിയാകട്ടെ പാതിവഴിയിലും.
മൊഗ്രാൽ ഹൈപ്പർ മാർക്കറ്റിന് സമീപവും കൊപ്ര ബസാറും കലുങ്ക് നിർമാണവുമായി ബന്ധപ്പെട്ട് ജോലികൾ പൂർത്തിയാകാത്തതാണ് റോഡ് തുറക്കാത്തതിന് കാരണം. കൊപ്ര ബസാർ കലുങ്ക് നിർമാണം ഏതാണ്ട് തീർന്നിട്ടുണ്ട്. ഹൈപ്പർ മാർക്കറ്റിനു സമീപമുള്ള കൾവർട്ട് പാതിവഴിയിലാണ്. സർവിസ് റോഡ് ഇടക്കിടെ അടച്ചിടുന്നതുമൂലം യാത്രക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഉണ്ടാക്കുന്ന പ്രയാസം ചെറുതല്ല.
ബസ് യാത്രക്കാർക്ക് ഓട്ടോ പിടിച്ച് കൊപ്പളം, പെറുവാട് ബസ് സ്റ്റോപ്പുകളിലേക്ക് പോകേണ്ടിവരുന്നത് അധിക ബാധ്യത കൂടിയാണെന്നാണ് നാട്ടുകാരുടെ പരാതി. നടന്നു പോകണമെങ്കിൽ മഴയായതുകൊണ്ട് കാൽനടയാത്രയും ദുസ്സഹമാണ്. നേരത്തെ മുന്നറിയിപ്പില്ലാതെയാണ് റോഡ് അടച്ചതെങ്കിൽ അധികൃതർ കൃത്യമായി നോട്ടീസ് പതിച്ചാണ് രണ്ടാമത് പ്രവൃത്തി തുടങ്ങിയത്.
നോട്ടീസ് പ്രകാരം ഈ മാസം 13 വരെയാണ് അടച്ചിടുന്നതായി അറിയിച്ചിരുന്നത്. എന്നാൽ, നിർമാണം പൂർത്തിയാകാത്തതിനാൽ ഇനിയും സർവിസ് റോഡ് തുറന്നുകൊടുക്കാൻ കഴിഞ്ഞിട്ടില്ല. കനത്ത മഴയും നിർമാണ പ്രവൃത്തിയെ ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.