കമ്മാടത്തുവമ്മയും മകൾ കാർത്ത്യായനിയമ്മയും നായ്​ക്കളോടൊപ്പം

കമ്മാടത്തുവമ്മയ്​ക്കും മകൾക്കും അരുമകളായി ഇരുപതോളം നായ്ക്കൾ

കോഴിച്ചിറ്റ കമ്മാടത്തുവമ്മയുടെ വീട്ടുപടിക്കൽ എത്തിയപ്പോൾ നായ്​ക്കളുടെ സംഘഗാനമാണ് വരവേറ്റത്. ചീരു തുടക്കമിട്ടു, കൺമണി അനുപല്ലവി പാടിയതോടെ കുട്ടുമനും വിനീതും അതേറ്റുപാടി. അതോടെ നാട് വിറക്കുന്ന സ്വരമഞ്ജരിയായി. കമ്മാടത്തുവമ്മ ഉണക്ക മീൻ പൊതിയെടുത്ത് കെട്ടഴിച്ചതോടെ എല്ലാവരും അടങ്ങി.

കാസർകോട്​ ജില്ലയിലെ പനത്തടി പഞ്ചായത്തിൽപ്പെട്ട ചെറുപനത്തടിയിലെ കോഴിച്ചിറ്റവീട്ടിൽ കമ്മാടത്തുവമ്മയും മകൾ കാർത്ത്യായനിയും ഇരുപതോളം നായ്​ക്കളുടെ സംരക്ഷണവലയത്തിലാണ്. നായ്​ക്കൾ മക്കളെപ്പോലെയാണ് ഇവർക്ക്. ചെറുപനത്തടിയിലെ പരേതനായ തമ്പാൻ ആചാരിയുടെ ഭാര്യയാണ് പ്രായം 85 പിന്നിട്ട കോഴിച്ചിറ്റവീട്ടിൽ കമ്മാടത്തു. ഇവരുടെ രണ്ട് മക്കളിൽ മൂത്തവളാണ് അമ്പതുകാരിയായ കാർത്ത്യായനി. മറ്റൊരു മകൾ മാലതി കാഞ്ഞങ്ങാടിനടുത്ത് പെരിയ ചാലിങ്കാലിലാണ് താമസം. കാർത്ത്യായനിയുടെ ഭർത്താവ് 25 വർഷം മുമ്പ് മരിച്ചു. ഏക മകൾ വിവാഹിതയായി ഭർതൃഗൃഹത്തിലാണ്.

ഒരിക്കൽ വഴിയിൽ കണ്ട നായ്​കുഞ്ഞിനെ കാർത്ത്യായനി സഹതാപം തോന്നി വീട്ടിൽ കൊണ്ടുവന്നു വളർത്തുകയായിരുന്നു. അത് പെറ്റുപെരുകിയാണ്​ ഈ വീട് നായ്​ വളർത്തു കേന്ദ്രമായത്.

ചീരുവാണ് കൂട്ടത്തിൽ മൂപ്പത്തി. തറവാട്ടമ്മയുടെ മട്ടും അധികാരഭാവവും. കൺമണി പേര് പോലെ കാർത്ത്യായനിക്കും കമ്മാടത്തുവിനും കണ്ണിലുണ്ണിയാണ്. കുട്ടുമനും വിനീതും ഇളമുറക്കാരാണ്. ന്യൂജനറേഷന്‍റെ ചോരത്തിളപ്പ് വേണ്ടത്രയുണ്ട്. നുഴഞ്ഞു കയറ്റക്കാർ വേലിക്കെട്ട് കടന്നാൽ തുരത്താൻ തുടക്കമിടുന്നത് ഇവരായിരിക്കും.

പരിചയമില്ലാത്തവർ വീട്ടുവളപ്പിൽ കടന്നാൽ കുരച്ചു ബഹളമുണ്ടാക്കുമെങ്കിലും ഈ നായ്​ക്കൾ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല.

കാർത്ത്യായനിക്ക് വിധവാ പെൻഷനായി കിട്ടുന്ന ചെറിയ തുകയുപയോഗിച്ചാണ് ഇവർ ഇത്രയും നായകളെ പോറ്റുന്നത്. പെൻഷൻ തികയാതിരുന്നാൽ കാർത്ത്യായനി കൂലിപ്പണിക്ക് പോകും. റേഷൻ കാർഡ് എ.പി.എൽ വിഭാഗത്തിലാണ് ഉൾപെടുത്തിയത്. അതുകൊണ്ട് താഴ്ന്നവരുമാനക്കാർക്കുള്ള പദ്ധതികളുടെ ഗുണഭോക്തൃ പട്ടികയിൽ ഇവരുടെ പേരുകളില്ല. മാസം തോറും ആറ് കിലോ അരി കിട്ടും. ദിവസവും നായകൾക്കു ചോറ് വെച്ചു കൊടുക്കാൻ മാത്രം രണ്ട് കിലോ അരിവേണ്ടി വരുമെന്ന് കാർത്ത്യായനി പറഞ്ഞു.

വെള്ളരിക്കുണ്ടിലെ താലൂക്ക് സപ്ലൈ ഓഫിസിൽ പോയി പരാതി പറഞ്ഞപ്പോൾ കമ്മാടത്തുവമ്മയുടെ പേരിൽ രണ്ട് ഏക്കർ ഭൂമിയുള്ളതു കൊണ്ടാണ് എ.പി.എൽ വിഭാഗത്തിലായത് എന്നായിരുന്നു മറുപടിയെന്ന് കാർത്ത്യായനി പറയുന്നു. കൂലിപ്പണിയില്ലാത്ത ദിവസങ്ങളിൽ കാർത്ത്യായനി ബീഡി തെറുക്കും. അതിനു പരമാവധി അറുപതു രൂപയാണ് ഒരുദിവസം കൂലിയായി കിട്ടുക.

മീൻ ഇല്ലാതെ നായ്​ക്കൾ ചോറ് തിന്നാറില്ല. ഒരുകിലോ മീനിന്​ 150 -200 രൂപ വേണം. "എനിയും നായീ​െന കിട്ട്യാല് ഞങ്ങോ കൊണ്ടന്ന്​ പോറ്റും. നായീന എനക്ക് അത്രക്ക്​ ഇഷ്ടാന്ന് "... കാർത്ത്യായനിയുടെ വാക്കുകളിൽ നായകളോടുള്ള സ്​നേഹം നിറഞ്ഞു. 'നല്ല മൃഗങ്ങളായതു കൊണ്ടാണ് ഇത്രയും പ്രയാസപ്പെട്ട് നായ്​ക്കളെ വളർത്തുന്നത്. ആരുമില്ലാത്ത ഞങ്ങൾക്ക് കൂട്ടുമാണ്​' -കാർത്ത്യായനി പറയുന്നു. കമ്മാടത്തുവമ്മയുടെയും മകളുടെയും ജീവിതാവസ്ഥ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പഞ്ചായത്ത് ഭരണസമിതിയംഗമായ എൻ. വിൻസെന്‍റ്​ പറഞ്ഞു.

Tags:    
News Summary - Kammadathuvamma's life with dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.