കൊച്ചി: കാസർകോട് മഞ്ചേശ്വരം കുമ്പളയിൽ ദേശീയപാത അതോറിറ്റിയുടെ ടോൾ ബൂത്ത് നിർമാണം തടഞ്ഞ് ഹൈകോടതി. 20 കിലോമീറ്റർ മാത്രം ദൂരെ തലപ്പാടിയിൽ മറ്റൊരു ടോൾ പിരിവ് ഉണ്ടായിരിക്കെ കുമ്പളയിലേത് നിയമവിരുദ്ധമാണെന്നു കാണിച്ച് ആക്ഷൻ കൗൺസിലിനുവേണ്ടി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള അഡ്വ. സജിൽ ഇബ്രാഹിം മുഖേന സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഇടക്കാല ഉത്തരവ്. ഒരു ടോൾ പ്ലാസക്കുശേഷം 60 കിലോമീറ്റർ കഴിഞ്ഞേ മറ്റൊന്ന് പാടുള്ളൂവെന്ന ദേശീയപാത ചട്ടത്തിലെ വ്യവസ്ഥ ലംഘിക്കപ്പെട്ടതായി ഹരജിയിൽ പറയുന്നു.
എതിർ കക്ഷികളായ ദേശീയപാത പ്രോജക്ട് ഡയറക്ടർ, ജില്ല കലക്ടർ, കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം, റോഡ് ഗതാഗത -ദേശീയപാത മന്ത്രാലയം സെക്രട്ടറി എന്നിവർക്ക് നോട്ടീസ് അയക്കാൻ ഉത്തരവായ കോടതി, തുടർന്നാണ് ഒരു മാസത്തേക്ക് നിർമാണം നിർത്തിവെക്കാനും തൽസ്ഥിതി തുടരാനും നിർദേശിച്ചത്. ഹരജി വീണ്ടും ജൂൺ 26ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.