കുമ്പള: കവുങ്ങിൻതോട്ടങ്ങളിൽ വർധിക്കുന്ന രോഗബാധയെ ചെറുക്കുന്നതിന് ഡ്രോൺ ഉപയോഗിച്ച് കീടനാശിനി പ്രയോഗത്തിന് സർക്കാർ അനുമതി നൽകണമെന്ന് കിസാൻ സേന ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ പതിനായിരത്തിലേറെ കുടുംബങ്ങൾ കവുങ്ങുകൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്.
ജില്ലയിൽ 19,500 ഹെക്ടർ ഭൂമിയിൽ കവുങ്ങുകൃഷി ചെയ്യുന്നുണ്ട്. ഇതിൽ രണ്ടുലക്ഷം ക്വിന്റലിലേറെ അടക്ക ഉൽപാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി വിവിധ രോഗങ്ങൾ കാരണം അടക്ക ഉൽപാദനം കുറഞ്ഞു. മഞ്ഞരോഗം, ഇലക്കുത്ത്, പുങ്കുല കരിയൽ, മഹാളി എന്നീ രോഗങ്ങൾ കാരണം കവുങ്ങുകൾ നശിച്ചുകൊണ്ടിരിക്കുന്നു.
ഇലക്കുത്ത് രോഗം വേഗത്തിൽ പടരുന്നതിനാൽ എല്ലാ പ്രദേശങ്ങളിലും അടക്ക ഉൽപാദനം ഇത്തവണ 80 ശതമാനത്തോളം കുറഞ്ഞു. ഇതിനെ പ്രതിരോധിക്കാൻ ഏതുതരം കീടനാശിനിയാണ് ഉപയോഗിക്കേണ്ടതെന്നറിയാതെ കർഷകർ സങ്കടത്തിലാണ്. സി.പി.സി.ആർ.ഐ അധികൃതർ മരുന്നിനെക്കുറിച്ച് വിവരം നൽകിയെങ്കിലും സമയബന്ധിതമായി തളിക്കാൻ കഴിയുന്നില്ല.
അഞ്ച് തവണകളായി മരുന്നു പ്രയോഗം നടത്തിയാൽ മാത്രമേ പ്രയോജനമുണ്ടാകൂവെന്നാണ് പറയുന്നത്. ഉൽപാദനം കുറഞ്ഞതു കാരണം കടക്കെണിയിലാണ് അടക്ക കർഷകർ. അതിനാൽ മരുന്ന് തളിക്കൽ സാധ്യമാകുന്നില്ല.. കടബാധ്യതയുള്ള കർഷകർ വായ്പ തിരിച്ചടക്കാനാകാതെ ആത്മഹത്യാവക്കിലാണ്. വന്യജീവികളുടെ ശല്യവും വലിയ പ്രതിസന്ധിയായി നിൽക്കുന്നു. വന്യജീവികളെ ഭയന്ന് കൃഷിയിടങ്ങളിലേക്ക് ഭീതിയോടെയാണ് കർഷകർ പോകുന്നത്. വന്യജീവി ആക്രമണത്തിലെ കൃഷിനാശത്തിന് നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല.
പുത്തിഗെയിലെ ബാലസുബ്രമണ്യം എന്ന കർഷകന്റെ മുപ്പതോളം കവുങ്ങ് കെ.എസ്.ഇ.ബി അധികൃതർ വെട്ടിനശിപ്പിച്ച സംഭവത്തിൽ എത്രയും വേഗം നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമനടപടിയുമായി കിസാൻ സേന മുന്നോട്ടുപോകുമെന്നും അടക്ക കർഷകർക്കും കർഷകരുടെ ഭൂവിസ്തൃതി നോക്കാതെ സൗജന്യമായി മരുന്ന് തളിക്കാൻ സംവിധാനമുണ്ടാക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.
കാർഷിക വായ്പ കാലാവധി പലിശയില്ലാതെ മൂന്നുവർഷം വരെ നീട്ടുക, സ്വത്ത് ലേലം, ജപ്തി എന്നിവ നിർത്തിവെക്കുക, കാർഷിക വായ്പയുടെ നിലവിലുള്ള എല്ലാ പലിശയും എഴുതിത്തള്ളുക, ഇലക്കുത്ത് രോഗം ഫസൽ ഭീമാ പദ്ധതിയിൽ പോളിസി പദ്ധതിയായി ഉൾപ്പെടുത്തുക, വന്യജീവികളിൽനിന്നുണ്ടായ കൃഷിനാശത്തിന് തക്കതായ പരിഹാരം നൽകുക, ജലസേചനത്തിനായി ഉപയോഗിക്കുന്ന വൈദ്യുതി പമ്പുകൾക്ക് എല്ലാ കർഷകർക്കും സൗജന്യ വൈദ്യുതി നൽകുക എന്നീ ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിച്ച് കവുങ്ങു കർഷകരെ ദുരിതത്തിൽനിന്ന് രക്ഷിക്കണമെന്ന് കിസാൻ സേന ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, കൃഷിമന്ത്രി, ധനമന്ത്രി, കലക്ടർ എന്നിവർക്ക് നിവേദനം നൽകിയതായി കിസാൻ സേന ജില്ല പ്രസിഡന്റ് ഗോവിന്ദഭട്ട് കോട്ടങ്കുളി, ജന. സെക്രട്ടറി ഷുക്കൂർ കണാജെ, ജോ. സെക്രട്ടറി എം. സചിൻ കുമാർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.