പട്ടയഭൂമികളിലെ മരംമുറി: റവന്യൂ വകുപ്പ് പരിശോധിക്കും

കാസർകോട്​: ജില്ലയിലെ പട്ടയ ഭൂമികളിൽ നിന്നും രാജകീയ വൃക്ഷങ്ങൾ നഷ്​ടപ്പെട്ടുവോ എന്ന് പരിശോധിക്കും. സംസ്​ഥാനത്തെ പലയിടത്തും റവന്യൂഭൂമിയിൽ മരംമുറി നടന്ന പശ്ചാത്തലത്തിലാണ്​ ജില്ലയിലും പരിശോധന നടത്തുന്നത്​. റവന്യൂ വകുപ്പി​ൻെറ താലൂക്ക് തല സ്‌ക്വാഡുകൾ പരിശോധന നടത്താൻ കലക്ടർ ഡോ. ഡി. സജിത് ബാബു നിർദേശം നൽകി. വില്ലേജ് ഓഫിസുകളിലെ വൃക്ഷ രജിസ്​റ്ററുകളിൽ രേഖപ്പെടുത്തിയ മരങ്ങൾ സംബന്ധിച്ച പരിശോധന നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം. 1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു കൊടുത്ത ഭൂമിയിൽ നിന്നും അനധികൃതമായി രാജകീയ വൃക്ഷങ്ങൾ മുറിച്ചു കടത്തപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാകുന്നതിന് വേണ്ടിയാണ് പരിശോധന. താലൂക്ക് പട്ടയ രജിസ്​റ്ററിലെ പട്ടയം സ്വീകരിച്ചവരുടെ പേരും തണ്ടപ്പേരും ഒത്തുനോക്കിയ ശേഷമാവും താലൂക്ക് സ്‌ക്വാഡ് പരിശോധന നടത്തുക. തേക്ക്, ചന്ദനം, ഈട്ടി, കരിമരം എന്നിവയാണ് രാജകീയ വൃക്ഷങ്ങൾ എന്നറിയപ്പെടുന്നത്. ഡിവിഷനൽ ഫോറസ്​റ്റ്​​ ഓഫിസർ അജിത് കെ. രാമൻ, റേഞ്ച് ഫോറസ്​റ്റ്​​ ഓഫിസർമാരായ കെ. അഷ്റഫ്, ടി.ജി. സോളമൻ, തഹസിൽദാർമാരായ ബിനു ചന്ദ്രൻ, എസ്. ദിലീപ്, എൻ. മണിരാജ്, എം.ജെ. ഷാജുമോൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കോവിഡ്​: കാറ്റഗറി തിരിച്ച്​ ബോധവത്കരണം ശക്തമാക്കും കാസർകോട്​: കാറ്റഗറി ഡി ചുവപ്പ്, സി മഞ്ഞ, ബി ഇളംപച്ച, എ പച്ച കോവിഡ് ലോക്​ ഡൗൺ ഇളവുകൾക്കുള്ള മാർഗനിർദേശ പ്രകാരം തദ്ദേശ സ്ഥാപനങ്ങളെ രോഗസ്​ഥിരീകരണ നിരക്ക് പ്രകാരം കാറ്റഗറികളായി തിരിച്ചതിനെ അടിസ്ഥാനമാക്കി ബോധവത്കരണം ശക്തമാക്കാൻ ഐ.ഇ.സി ജില്ലാതല കോഓഡിനേഷൻ കമ്മിറ്റി തീരുമാനം. കാറ്റഗറി ഡി-ചുവപ്പ്, കാറ്റഗറി സി-മഞ്ഞ, കാറ്റഗറി ബി-ഇളം പച്ച, കാറ്റഗറി എ-പച്ച എന്നിങ്ങനെ നിറങ്ങളിൽ രേഖപ്പെടുത്തും. സർക്കാർ തീരുമാനമനുസരിച്ച് ഏതൊക്കെ തദ്ദേശ സ്ഥാപന പരിധികളിലാണ് നിയന്ത്രണങ്ങളെന്ന് വ്യക്തമാക്കും വിധം നിറങ്ങളിൽ രേഖപ്പെടുത്തി പ്രചരിപ്പിക്കും. ഓൺലൈനിൽ കലക്ടർ ഡോ. ഡി. സജിത് ബാബുവി​ന്‍റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ജില്ലയിലെ പട്ടിക ജാതി, പട്ടികവർഗ കോളനികളിൽ കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഈ മേഖലകളിൽ ബോധവത്കരണത്തിന് പ്രത്യേകം ഊന്നൽ നൽകും. മലയാളത്തിന് പുറമെ കന്നഡ, തുളു ഭാഷകളിലും ബോധവത്കരണ സന്ദേശങ്ങൾ കൈമാറും. മാസ് മീഡിയ വിഭാഗം തയാറാക്കുന്ന വിഡിയോകൾ തുളു ഭാഷയിലേക്കുൾപ്പെടെ പരിഭാഷപ്പെടുത്തി പ്രദർശനങ്ങളുൾപ്പെടെ നടത്തും. കോളനികളിലെ മൂപ്പന്മാരുമായി ബന്ധപ്പെട്ടു കൊണ്ടാവും പരിപാടികൾ. വാക്‌സിൻ എടുക്കേണ്ടതി​ന്‍റെ പ്രാധാന്യം, കോവിഡ് മാനദണ്ഡങ്ങൾ എന്നിവയിൽ കൃത്യമായ അവബോധം സൃഷ്​ടിക്കാനായി പ്രത്യേക പരിപാടികളും നടപ്പാക്കും. ഇതിനൊപ്പം പരമാവധി ആളുകളിലേക്ക് കോവിഡ് പ്രതിരോധ ആശയങ്ങൾ എത്തിക്കുന്നതിന് അനിമേഷൻ വിഡിയോയുൾപ്പെടെ തയാറാക്കും. ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികൾ സംഘടിപ്പിക്കാൻ പാടില്ല. വിവാഹം, മരണം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ സർക്കാർ നിർദേശിച്ചതിലും കൂടുതൽ ആളുകളുണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തും. മാഷ് പദ്ധതിയിലെ അധ്യാപകർ ഇത് നിരീക്ഷിക്കും. ഐ.ഇ.സി കൺവീനർ ജില്ല ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനൻ റിപ്പോർട്ട് അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.