കൽപാത്തി രഥോത്സവത്തിന് കൊടിയേറി

പാലക്കാട്: ചരിത്രപ്രസിദ്ധമായ കൽപാത്തി രഥോത്സവത്തിന് കൊടിയേറി. കൽപാത്തി ശ്രീ വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപാത്തി ലക്ഷ്മീ നാരായണ പെരുമാള്‍ ക്ഷേത്രം, പുതിയ കൽപാത്തി മന്ദക്കര ശ്രീ മഹാഗണപതി ക്ഷേത്രം, ചാത്തപുരം ശ്രീ പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലാണ് നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ രഥോത്സവത്തിന് കൊടിയേറിയത്.

വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തില്‍ രാവിലെ 11നും 11.45നും ഇടയിലായിരുന്നു കൊടിയേറ്റം. വൈകീട്ട് യാഗശാലാപൂജ, അഷ്ടബലി, ഗ്രാമപദക്ഷിണം എന്നിവയുണ്ടായിരുന്നു. പുതിയ കൽപാത്തി മന്ദക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ രാവിലെ യാഗശാല പൂജകള്‍, വേദപാരായണം, രുദ്രാഭിഷേകം, സ്വാമി പുറപ്പാട് എന്നിവക്ക് ശേഷം 11നും 11.45നും ഇടയില്‍ കൊടിയേറ്റ് നടന്നു.

വൈകീട്ട് ദേവപാരായണം, രുദ്രക്രമാര്‍ച്ചന, സ്വാമി എഴുന്നള്ളത്ത് എന്നിവയുണ്ടായി. പഴയ കൽപാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രത്തില്‍ 10.45നും 11.15നും ഇടയിലായിരുന്നു കൊടിയേറ്റം. ചാത്തപുരം ശ്രീ പ്രസന്ന മഹാഗണപതി ക്ഷേത്രത്തില്‍ 9.30നും 10.30നുമായിരുന്നു കൊടിയേറ്റ്. നവംബർ 16 വരെ രാവിലെ ഏഴിന് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിക്ക് മഹാന്യാസ പുരസരം, ഏകാദശ രുദ്രജപം, അഭിഷേകം, അലങ്കാര ദീപാരാധന, യാഗശാലപൂജ, അഷ്ടപദി, വേദപാരായണം, ഗ്രാമപ്രദക്ഷിണം എന്നിവയുണ്ടാകും.

അഞ്ചാം തിരുന്നാളായ 12ന് രാത്രി ഒമ്പതിന് ഷോഡശ ഉപജാരപൂജ, അഷ്ടബലി, ഗ്രാമപദക്ഷിണം എന്നിവ നടക്കും. 14നാണ് ഒന്നാം തേര്. രാവിലെ 10നും 11നും ഇടയില്‍ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിക്ക് തിരുകല്യാണം, 11.45ന് രഥാരോഹണം തുടര്‍ന്ന് രഥപ്രയാണം എന്നിവ നടക്കും. വൈകീട്ട് നാലിന് രഥപ്രയാണം. രണ്ടാംതേര് ദിവസമായ 15ന് വൈകീട്ട് നാലിന് രഥപ്രയാണം, മൂന്നാം തേര് ദിനമായ 16ന് വൈകീട്ട് നാലിന് രഥപ്രയാണവും തേര്മുട്ടിയില്‍ ദേവരഥസംഗമവും നടക്കും. 17ന് രാവിലെ 10.30നും 11നും ഇടയില്‍ ധ്വാജാവരോഹണവും നടക്കും. അന്നേദിവസം രഥോത്സവത്തിന് കൊടിയിറങ്ങും.


Tags:    
News Summary - Kalpathi Ratholsavam flagged off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.