കേരളത്തെ മദ്യപ്രളയത്തിൽ മുക്കിയാണോ പുനർനിർമാണം നടത്തുന്നതെന്ന് കെ. ബാബു

കൊച്ചി: നിലവിലുള്ള നയത്തിന് വിരുദ്ധമായി ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ച് കേരളത്തെ മദ്യപ്രളയത്തിൽ മുക്കി കൊണ്ടാണോ നവകേരള സൃഷ്ടി നടത്തേണ്ടതെന്നു സർക്കാർ വ്യക്തമാക്കണമെന്ന് മുൻ എക്സൈസ് മന്ത്രി കെ. ബാബു.

ഈ രഹസ്യ ഇടപാടിൽ വ്യാപകമായ അഴിമതി നടന്നിട്ടുണ്ട്. ജലപ്രളയത്തിന്റെ ദുരിതങ്ങളിൽ ജനങ്ങൾ വലയുമ്പോൾ സംസ്ഥാനത്ത് മദ്യപ്രളയത്തിനുള്ള സാഹചര്യമാണ് സർക്കാർ സൃഷ്ടിച്ചത്. സി.പി.എം ഏകപക്ഷീയമായും അതീവരഹസ്യമായും നടത്തിയ ഈ പകൽകൊള്ളയിൽ അന്വേഷണം നടത്തണമെന്നും പ്രസ്തുത ഉത്തരവ് പിൻവലിച്ച് സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്നും കെ.ബാബു ആവശ്യപ്പെട്ടു.

1999 ന് ശേഷം സംസ്ഥാനത്ത് പുതിയ ബ്രൂവറികളോ ഡിസ്റ്റിലറികളോ അനുവദിച്ചിട്ടില്ല. 1996 ൽ ബിയറും വിദേശമദ്യവും ഉൽപാദിപ്പിക്കുന്നതിനായി ബ്രൂവറികളും ഡിസ്റ്റിലറികളും ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുകയും 125 അപേക്ഷകൾ ലഭിക്കുകയും ചെയ്തു. അത് വിവാദമായതിനെ തുടർന്ന് 1999ൽ ആർക്കും ഇവ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് സർക്കാർ ഉത്തരവിറക്കി. 1999ലെ നയപരമായ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് വിനോദ് റായി പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചത്. പ്രളയത്തിന്റെ മറവിൽ അതീവരഹസ്യമായി സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതിലൂടെ ഇടതുമുന്നണി ജനങ്ങളോട് വിശ്വാസവഞ്ചന കാണിച്ചിരിക്കുകയാണ്. ഘടകകക്ഷികളെ പോലും അറിയിക്കാതെ, മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ നിയമസഭയിൽ പ്രഖ്യാപിക്കാതെ നയപ്രഖ്യാപനത്തിലോ ബജറ്റിലോ പറയാതെ നിലവിലുള്ള മദ്യനയത്തിൽ മാറ്റം വരുത്താതെ ഇപ്പോൾ ധൃതിപിടിച്ച് ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചുകൊണ്ടുള്ള ഈ തീരുമാനത്തിലൂടെ സർക്കാറിന് മദ്യലോബിയുമായുള്ള അവിശുദ്ധബന്ധം വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - K Babu on Liquor-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.