അഭിഭാഷകരുടെ നടപടി നിര്‍ഭാഗ്യകരം –സുധീരന്‍

തിരുവനന്തപുരം: കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനത്തെിയ മാധ്യമപ്രവര്‍ത്തകരെ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍നിന്ന് ഇറക്കിവിട്ട ഒരുകൂട്ടം അഭിഭാഷകരുടെ നടപടി നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി വിലക്ക് ഉണ്ടാകില്ളെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതിനെ തുടര്‍ന്നുണ്ടായ അന്തരീക്ഷം മോശമാക്കാനേ ഈസംഭവം ഉപകരിക്കൂവെന്നും സുധീരന്‍ പറഞ്ഞു.

ദൗര്‍ഭാഗ്യകരം –ചെന്നിത്തല

വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റത്  ദൗര്‍ഭാഗ്യകരമായ സംഭവമാണ്. മുഖ്യമന്ത്രി ഇടപെട്ട് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കാനത്തെിയ അദ്ദേഹം ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

കേരളത്തിന് അപമാനം –ഐ.എന്‍.എസ്

തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകര്‍ നടത്തിയ കടന്നാക്രമണം കേരളത്തിനാകെ അപമാനകരമാണെന്ന് ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി (ഐ.എന്‍.എസ്) കേരള റീജനല്‍ കമ്മിറ്റി ചെയര്‍മാന്‍ ജയന്ത് മാമ്മന്‍ മാത്യു.
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനും  അഭിപ്രായ സ്വാതന്ത്ര്യത്തിനും തുരങ്കം വെക്കുന്ന നടപടിയാണിത്. മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍നിന്ന് ഇറക്കിവിട്ടതു പോരാഞ്ഞ് കോടതിപ്പരിസരത്തെ മാധ്യമ വാഹനങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടായി.
മാധ്യമപ്രവര്‍ത്തനം സംബന്ധിച്ച് മുഖ്യമന്ത്രിയും ഹൈകോടതിയും നല്‍കിയ ഉറപ്പുകളുടെ നഗ്നമായ ലംഘനമാണ് ഉണ്ടായത്. കോടതി പല കേസുകളും പരിഗണിച്ചപ്പോള്‍ ഉണ്ടാകാതിരുന്ന മാധ്യമവിരോധം ഇ.പി. ജയരാജന്‍െറ കേസ് വന്നപ്പോള്‍ തലയുയര്‍ത്തിയത് സംശയങ്ങള്‍ക്കിട നല്‍കുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.  

‘നടപടി സ്വീകരിക്കണം’

 വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായി കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് അറുതിവരുത്താന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്താന്‍ അവസരം ഒരുക്കണമെന്നും യൂനിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് സി. റഹിം, സെക്രട്ടറി ബി.എസ്. പ്രസന്നന്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രതിഷേധാര്‍ഹം –എ.ഐ.വൈ.എഫ്

 മാധ്യമ പ്രവര്‍ത്തകര്‍ക്കും അവരുടെ വാഹനങ്ങള്‍ക്കുംനേരെ നടന്ന അതിക്രമം പ്രതിഷേധാര്‍ഹമാണെന്ന് എ.ഐ.വൈ.എഫ്.
കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് ആര്‍. സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു.
മാധ്യമ പ്രവര്‍ത്തകരെ അക്രമത്തിലൂടെയും നിയമക്കുരുക്കിലൂടെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി ജനങ്ങള്‍ ഇടപെടേണ്ടിവരുമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് പി. സ്റ്റെല്ലസ് അഭിപ്രായപ്പെട്ടു.

നിയമ നടപടി വേണം –കെ.എം. മാണി

 കോടതി റിപ്പോര്‍ട്ടിങ്ങില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ തടസ്സപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ വിലക്കുണ്ടാവില്ളെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിക്കു ഉറപ്പുനല്‍കിയതിനു പിന്നാലെയുണ്ടായ സംഭവം അപലപനീയമാണ്. സ്വതന്ത്രമായ പത്രപ്രവര്‍ത്തനം ജനാധിപത്യ വ്യവസ്ഥയുടെ സുഗമമായ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്. മാധ്യമങ്ങള്‍ ജനാധിപത്യസംവിധാനത്തിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ആയിരിക്കെ അവരെ ജോലിയില്‍നിന്ന് വിലക്കുന്നത് അറിയാനുള്ള അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും മാണി കുറ്റപ്പെടുത്തി.
 

അപലപനീയം –കെ.പി.എ. മജീദ്

 ഹൈകോടതിയിലും മറ്റു കോടതികളിലും മാധ്യമപ്രവര്‍ത്തകരെ നിരന്തരം തടയുന്ന നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. ചെറു ന്യൂനപക്ഷം അഭിഭാഷകരെ കൂട്ടുപിടിച്ച നിക്ഷിപ്ത താല്‍പര്യക്കാരാണ് ഇതിനു പിന്നില്‍. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. നിര്‍ഭയമായി കോടതിവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുക പൗരാവകാശമാണ്. ഇത് ഹനിക്കപ്പെടാന്‍ പാടില്ല.

 

Tags:    
News Summary - journalist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.