കെ.ടി. ജലീൽ, വെള്ളാപ്പള്ളി നടേശൻ

ജലീൽ-വെള്ളാപ്പള്ളി കൂടിക്കാഴ്ച സ്വപ്നയുടെ കൂടുതൽ വെളിപ്പെടുത്തലുകൾക്ക് തടയിടാനെന്ന് സൂചന

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തനിക്കെതിരെ കൂടുതൽ വെളിപ്പെടുത്തൽ നടത്തുന്നത് ഒഴിവാക്കാനുള്ള രഹസ്യനീക്കങ്ങളുമായി ഡോ. കെ.ടി. ജലീൽ. കഴിഞ്ഞദിവസം ചേർത്തലയിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അദ്ദേഹം നടത്തിയ ഒന്നരമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച മുൻകൂട്ടി നിശ്ചയിച്ചതുപ്രകാരം നടന്നതാണെന്നാണ് വിശദീകരണമെങ്കിലും സ്വപ്നയുടെ തുടർ വെളിപ്പെടുത്തലുകൾക്ക് തടയിടാനുള്ള ലക്ഷ്യത്തോടെയായിരുന്നെന്നാണ് അറിയുന്നത്.

'മാധ്യമം' പത്രം ഗൾഫിൽ പൂട്ടിക്കാൻ നടത്തിയ ശ്രമം ഉൾപ്പെടെ മന്ത്രിയായിരിക്കെ ജലീൽ നടത്തിയ പല അവിഹിത ഇടപാടുകളും തെളിവുകൾ സഹിതം സ്വപ്ന കഴിഞ്ഞദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു. ഇതോടെ സി.പി.എം അടക്കം അദ്ദേഹത്തെ കൈയൊഴിഞ്ഞ അവസ്ഥയിലാണ്. അതിനിടെയാണ് സ്വർണക്കടത്തിൽ ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും തെളിവുകൾ വീണ്ടെടുത്ത് പരസ്യമാക്കുമെന്നും കഴിഞ്ഞദിവസം സ്വപ്ന അറിയിച്ചത്. അങ്ങനെ സംഭവിച്ചാൽ രാഷ്ട്രീയഭാവി ഉൾപ്പെടെ തുലാസിലാകുമെന്ന് കണ്ടതോടെയാണ് സ്വപ്നയിൽനിന്ന് കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടാകാതിരിക്കാനുള്ള ശ്രമം ജലീൽ ആരംഭിച്ചത്. സമീപകാലത്ത് സ്വപ്നക്ക് തൊഴിൽ നൽകിയ പാലക്കാട്ടെ എച്ച്.ആർ.ഡി.എസ് എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള പ്രമുഖനും അദ്ദേഹത്തിന്‍റെ സഹോദരനും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥിയുമായിരുന്നയാളും വെള്ളാപ്പള്ളിയുടെ അതീവ വിശ്വസ്തരാണ്. സ്വപ്നയുമായും ഇവർ നല്ല ബന്ധത്തിലാണ്. ഈ ബന്ധം ഉപയോഗിച്ച് സ്വപ്ന തനിക്കെതിരെ കൂടുതൽ വെളിപ്പെടുത്തൽ നടത്തുന്നത് ഒഴിവാക്കുകയായിരുന്നു ജലീലിന്‍റെ ലക്ഷ്യമെന്നാണ് സൂചന. അതിനായി വെള്ളാപ്പള്ളിയെ സ്വാധീനിക്കാനാണ് കണിച്ചുകുളങ്ങരയിലെ വീട്ടിൽ ജലീൽ എത്തിയതെന്നാണ് ലഭിക്കുന്ന സൂചനകൾ. ഉറ്റസുഹൃത്ത് അനസ് മനാറ, മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരക്കൽ എന്നിവർക്കൊപ്പമാണ് ജലീൽ എത്തിയത്. മന്ത്രിയായിരിക്കെ മാധ്യമങ്ങളെ ഒളിച്ച് ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ സ്വകാര്യ വാഹനത്തിൽ ജലീൽ പോയപ്പോൾ ഔദ്യോഗിക കാർ അരൂരിൽ അനസ് മനാറയുടെ വീട്ടിലാണ് ഇട്ടിരുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പല ആക്ഷേപങ്ങളും ഉയർന്നിരുന്നെങ്കിലും വിഷയത്തിൽ സ്വപ്നയിൽനിന്ന് വെളിപ്പെടുത്തൽ ഉണ്ടാകാത്തതിൽ ജലീൽ ആശ്വാസം കണ്ടിരുന്നു. ഇക്കാര്യം കഴിഞ്ഞദിവസത്തെ വാർത്തസമ്മേളനത്തിലും പറഞ്ഞു. അതിന് പിന്നാലെയാണ് സ്വർണക്കടത്തിൽ ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് സ്വപ്ന അറിയിച്ചത്. ഇതിലെ അപകടം തിരിച്ചറിഞ്ഞാണ് ഏതുവിധേനയും കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടാകാതിരിക്കാൻ അദ്ദേഹം ശ്രമം തുടങ്ങിയതെന്നാണ് അറിയുന്നത്. എന്നാൽ, വിവാദത്തിന്‍റെ പശ്ചാത്തലത്തിലല്ല, രണ്ടാഴ്ച മുമ്പേ നിശ്ചയിച്ചത് പ്രകാരമുള്ള കൂടിക്കാഴ്ചയാണ് വെള്ളാപ്പള്ളിയുമായി കെ.ടി. ജലീൽ നടത്തിയതെന്നാണ് ഒപ്പമുണ്ടായിരുന്ന പൊതു പ്രവർത്തകൻ ജോമോൻ പുത്തൻപുരക്കൽ പറയുന്നത്. വെള്ളാപ്പള്ളിയെ നിയമസഭാ സമ്മേളനം കഴിഞ്ഞ് നേരിൽ കാണണമെന്ന് തന്നോട് ജലീൽ അറിയിച്ചിരുന്നു. സമ്മേളനം കഴിഞ്ഞതിന്‍റെ പിറ്റേദിവസംതന്നെ കാണാനെത്തിയെന്നുമാത്രം. സൗഹൃദ സംഭാഷണം മാത്രമാണ് അവിടെ നടന്നത്. താനും ജലീലും തമ്മിൽ ദീർഘനാളായി അടുത്ത സൗഹൃദമുണ്ടെന്നും അതിനാലാണ് തന്നോട് കൂടിക്കാഴ്ചയെക്കുറിച്ച് പറയുകയും ഒപ്പം വെള്ളാപ്പള്ളിയെ കാണാൻ പോവുകയും ചെയ്തതെന്നും ജോമോൻ പറഞ്ഞു.

Tags:    
News Summary - It is hinted that the Jaleel-Vellapalli meeting is to prevent more revelations of Swapna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.