അതിരപ്പിള്ളിയിൽ കുട്ടിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം: പ്രതിഷേധവുമായി നാട്ടുകാർ, മന്ത്രി റിപ്പോർട്ട് തേടി

ചാലക്കുടി (തൃശൂർ): അതിരപ്പിള്ളിയിൽ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. ചൊവ്വാഴ്ച രാവിലെ മുതൽ വെറ്റിലപ്പാറയിൽ നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്. ചാലക്കുടി എം.എൽ.എ സനീഷ് കുമാർ അടക്കമുള്ളവർ ഉപരോധത്തിൽ പ​ങ്കെടുക്കുന്നുണ്ട്.

പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക​ണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. കരിങ്കൽ ഭിത്തി നിർമിച്ച് ആനശല്യം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ കലക്ടറോട് റിപ്പോർട്ട് തേടി.

​തിങ്കളാഴ്ച വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മരിച്ച കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയിട്ടുണ്ട്. അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ കുട്ടിയുടെ മൃതദേഹവുമായി റോഡ് ഉപരോധിക്കാനുള്ള ശ്രമവുമുണ്ട്.

അതിരപ്പിള്ളിയിൽ ടൂറിസത്തിന് മാത്രമാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ അവഗണിക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. പകൽ സമയങ്ങളിൽ പോലും റോഡിലൂടെ പോകാൻ സാധിക്കുന്നില്ല. വന്യമൃഗശലം പലതവണ അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

പുത്തൻചിറ കാറ്റാട്ടി വീട്ടിൽ അഗ്നീമിയ ആണ്​ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്​. കുട്ടിയുടെ പിതാവ് കാറ്റാട്ടി വീട്ടിൽ നിഖിൽ (36), ബന്ധു വെറ്റിലപ്പാറ നെടുമ്പ വീട്ടിൽ ജയൻ (50) എന്നിവർക്ക്​ ഗുരുതര​ പരിക്കേറ്റിരുന്നു.

തിങ്കളാഴ്ച രാത്രി ഏഴോടെ അതിരപ്പിള്ളിയിൽ കണ്ണങ്കുഴി ഭാഗത്താണ് സംഭവം. ഇവർ ബൈക്കിൽ വരുമ്പോഴാണ് ആനയുടെ ആക്രമണമുണ്ടായത്. പ്ലാന്‍റേഷൻ ഭാഗത്തെ വൈദ്യുത വേലിയിൽ തട്ടിയ കാട്ടാനയാണ് അക്രമാസക്തനായതെന്ന് പറയുന്നു. അഗ്നീമിയയുടെ തലയിൽ ആന ചവിട്ടി ഗുരുതമായി പരിക്കേൽപ്പിച്ചിരുന്നു. നിഖിലിനെയും ജയനെയും ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെയും പിള്ളപ്പാറ ഭാഗത്ത് കാട്ടാന പ്രത്യക്ഷപ്പെട്ടിരുന്നു. ഇവയെ നിയന്ത്രിക്കണമെന്ന നാട്ടുകാരുടെ ആവശ്യം വനരോദനമായി പരിണമിക്കുകയാണ്. അതിന്‍റെ പരിണതഫലമാണ് തിങ്കളാഴ്ച വൈകീട്ട്​ അഞ്ച്​ വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

നടപടിയില്ലെങ്കിൽ ഇനിയും ഇത് ആവർത്തിക്കുമെന്ന ആശങ്കയാണവർക്ക്. ആനമല റോഡിൽ തുമ്പൂർമുഴി മുതൽ മലക്കപ്പാറ വരെയുള്ള ഭാഗത്ത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ജീവന് ഭീഷണിയായി നാളുകളായി കാട്ടാന വിളയാട്ടമാണ്. ഏതു നിമിഷവും കാട്ടാനകൾ റോഡ് മുറിച്ചുകടക്കാം.

ബൈക്കുകളിലെയും മറ്റ് ചെറു വാഹനങ്ങളിലെയും യാത്രക്കാർ തലനാരിഴയ്ക്കാണ് പലപ്പോഴും ദുരന്തങ്ങളിൽനിന്ന് രക്ഷപ്പെടുന്നത്. ചിലപ്പോൾ അവ കൂട്ടത്തോടെ റോഡിൽ നിൽക്കുന്നതോടെ മണിക്കൂറുകളോളം യാത്ര മുടങ്ങും. ചിലത്​ വഴിയോരത്തെ മുളകൾ പറിച്ച്​ തിന്ന്​ നിൽക്കുന്നതും പതിവാണ്.

കോവിഡ് കാലത്ത്​ വാഹനങ്ങൾ കുറഞ്ഞതോടെയാണ് ഇവ റോഡിൽ നിറഞ്ഞത്. ചൂട്​ വർധിച്ചതോടെ കാട്ടിൽ ജലം കുറഞ്ഞത് മൂലം വെള്ളം തേടി ചാലക്കുടിപ്പുഴയിലേക്ക് കൂട്ടമായി എത്തുന്നു. കാട്ടിൽനിന്ന് പുഴയിലേക്കുള്ള യാത്രയിൽ അവയ്ക്ക് റോഡ് മുറിച്ച് കടക്കേണ്ടി വരുന്നു. പുഴയോരത്തെ എണ്ണപ്പന തോട്ടത്തിലേക്ക് ഭക്ഷണം തേടിയുള്ള വരവും പതിവാണ്. ഇതിനിടയിൽ പ്രദേശവാസികളുടെ വേലിയും മതിലും കൃഷിയും തകർത്ത് പറമ്പുകളിലൂടെ കയറിയിറങ്ങുകയാണ്. മലയോരമേഖലയിലെ കർഷകർ തീരാദുരിതത്തിലാണ്. 

Tags:    
News Summary - In Athirappilly, the incident where a child was trampled to death: The locals protested and sought the report of the minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.