കൊച്ചി: സൈബറിടത്തിൽ തനിക്കെതിരെ ഓർഗനൈസ്ഡ് ക്രൈമിന് ആസൂത്രണം ചെയ്തുവെന്നാരോപിച്ച് രാഹുൽ ഈശ്വറിനെതിരെ നടി ഹണിറോസ് പരാതി നൽകി. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് നടി ഇക്കാര്യം വ്യക്തമാക്കുന്നത്.
ഹണിറോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ റിമാൻഡിലായതിന് പിന്നാലെയാണ് ടെലിവിഷൻ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും ഹണിറോസിന്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ഉന്നയിച്ചത്.
കോടതിയിൽ ഇരിക്കുന്ന കേസിലെ പരാതിക്കാരിയായ തന്നെ മാനസികവ്യഥയിലേക്കും ആത്മഹത്യയിലേക്കും തള്ളിയിടാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും ഹണിറോസ് പറയുന്നു.
തന്റെ മൗലികാവകാശങ്ങൾക്കെതിരെ നിയന്ത്രണം ഏർപ്പെടുത്താനും തനിക്കെതിരെ പൊതുബോധം സൃഷ്ടിച്ച് ആക്രമിക്കാനുമാണ് ശ്രമിക്കുന്നത്. തൊഴിൽ നിഷേധ ഭീഷണി, അപായ ഭീഷണി, അശ്ലീല ദ്വയാർത്ഥ അപമാന കുറിപ്പുകൾ തുടങ്ങിയ എല്ലാ സൈബർ ബുള്ളിയിങ്ങിനും പ്രധാനകാരണക്കാരൻ രാഹുൽ ഈശ്വറാണെന്ന് ഹണിറോസ് പറയുന്നു.
തനിക്കെതിരെ പൊതുയിടത്തിൽ നടന്ന അധിക്ഷേപത്തിനെതിരെ പരാതി നൽകുകയും ആ വ്യക്തിയെ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. താൻ നൽകിയ പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും പൊതുബോധം എനിക്കെതിരെ തിരിക്കാനുമാണ് രാഹുൽ ശ്രമിക്കുന്നത്. രാഹുൽ ഈശ്വറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹണിറോസ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.