പട്ടയഭൂമി വകമാറ്റുന്നത് വിലക്കിയ ഉത്തരവ് സംസ്ഥാനത്ത് നടപ്പാക്കണം -ഹൈകോടതി

കൊച്ചി: മൂന്നാർ മേഖലക്ക് വേണ്ടി പട്ടയഭൂമി വകമാറ്റുന്നത് വിലക്കി കൊണ്ട് റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് സംസ്ഥാന വ്യാപകമായി നടപ്പാക്കണമെന്ന് ഹൈകോടതി. സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി ഡിവിഷന്‍ ബെഞ്ച് തള്ളി.

ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ പട്ടയഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വില്ലേജ് ഓഫീസര്‍മാരുടെ നിരാക്ഷേപ പത്രം (എന്‍.ഒ.സി) നിർബന്ധമാകും. 2019 ആഗസ്റ്റിലാണ് മൂന്നാറിലെ എട്ട് വില്ലേജുകളില്‍ ഭൂമി വകമാറ്റി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കെട്ടിട നിര്‍മാണങ്ങള്‍ക്ക് വില്ലേജ് ഓഫീസറുടെ എന്‍.ഒ.സി നിര്‍ബന്ധമാക്കിയത്.

മൂന്നാറിന് മാത്രമായി റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് സംസ്ഥാന വ്യാപകമായി നടപ്പാക്കാന്‍ ഹൈകോടതി സിംഗിള്‍ ബെഞ്ച് പിന്നീട് ഉത്തരവിടുകയായിരുന്നു. ഉത്തരവ് സർക്കാർ നടപ്പാക്കാത്തതിനെ തുടർന്ന് ഹൈകോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു.

സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഒാഫിസുകളിലേക്കും ഉത്തരവ് അയച്ചു കൊടുക്കാൻ ഹൈകോടതി നിര്‍ദേശിക്കുകയും ചെയ്തു. ഉത്തരവ് നടപ്പാക്കിയാല്‍ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. എന്നാൽ, സർക്കാർ വാദങ്ങൾ കോടതി തള്ളുകയായിരുന്നു.  

News Summary - High Court Order to govt to Must Implement Revenue Dept Order In Land Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.