കേരള ഹൈകോടതി
കൊച്ചി: ട്രാൻസ്ജെൻഡേഴ്സിനെ നാഷനൽ കാഡറ്റ്സ് കോറിൽ (എൻ.സി.സി) ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈകോടതി. ചേരാൻ പുരുഷനും സ്ത്രീക്കും മാത്രം അനുമതി നൽകുന്നതാണ് എൻ.സി.സി ആക്ടിലെ വ്യവസ്ഥയെന്നതിനാൽ ട്രാൻസ്ജെൻഡേഴ്സിനെ ഉൾപ്പെടുത്താൻ നിയമപരമായി അനുമതിയില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്.
വ്യവസ്ഥ ഭരണഘടന ഉറപ്പുനൽകുന്ന തുല്യാവകാശത്തിന് എതിരാണെന്നും കോടതി വ്യക്തമാക്കി. നിലവിൽ നിയമപരമായി അനുമതിയില്ലാത്തതിനാൽ എൻ.സി.സി പ്രവേശനം നിഷേധിച്ചതിനെതിരെ തിരുവനന്തപുരം സ്വദേശി നൽകിയ ഹരജി തള്ളി. പരിശീലനത്തിന്റെ ഭാഗമായി അടുത്ത് ഇടപെടേണ്ടതുണ്ട് എന്നതടക്കം കണക്കിലെടുത്താണ് എൻ.സി.സി ആക്ടിൽ പുരുഷൻ, സ്ത്രീ എന്നീ വിഭാഗങ്ങൾ മാത്രമുള്ളത്. ട്രാൻസ്ജെൻഡേഴ്സിനായി പ്രത്യേക വിഭാഗമില്ല. എൻ.സി.സി പരിശീലനത്തിന് ട്രാൻസ്ജെൻഡർമാർക്കും അവസരം ലഭിക്കേണ്ടതുണ്ട്.
എന്നാൽ, മതിയായ ട്രാൻസ്ജെൻഡറുണ്ടെങ്കിലേ പ്രത്യേക ഡിവിഷൻ ആരംഭിക്കാനാകൂ. പഠനം ആവശ്യമുള്ള നയപരമായ തീരുമാനത്തിന്റെ ഭാഗമാണിത്. ഇക്കാര്യത്തിൽ നിയമനിർമാണം ആവശ്യമാണ്. ഭരണാധികാരികളാണ് ഇത് തീരുമാനിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഉത്തരവിന്റെ പകർപ്പ് കേന്ദ്ര നിയമ മന്ത്രാലയത്തിന് അയച്ചുകൊടുക്കാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.