തിരുവനന്തപുരം: ചൂട് വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രത്യേക പരിശോധനകള്‍ ഊർജിതമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിർമാണ യൂനിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധനകള്‍ നടത്തുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ 3641 പരിശോധനകളാണ് നടത്തിയതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ജ്യൂസ്, കൂള്‍ ഡ്രിംങ്സ്, സോഫ്റ്റ് ഡ്രിംങ്സ് എന്നിവയുടെ 506 സര്‍വൈലന്‍സ് സാമ്പിളുകളും കുടിവെള്ളം, കുപ്പിവെള്ളം എന്നിവയുടെ 118 സാമ്പിളുകളും 36 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും രണ്ട് സബ് സ്റ്റാന്റേര്‍ഡ് സാമ്പിളുകളും ശേഖരിച്ചു. പരിശോധനകൾ വീണ്ടും ശക്തമായി തുടരുന്നതാണെന്ന് മന്ത്രി അറിയിച്ചു.
ജില്ലകളില്‍ ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വഴിയോരങ്ങളിലുള്ള ചെറിയ കടകള്‍ മുതല്‍ എല്ലാ കടകളും പരിശോധിച്ചു വരുന്നു. ഷവര്‍മ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരുന്നതാണ്. കുപ്പി വെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കും.അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കും.
അതേസമയം, കേരളത്തിൽ താപനില വർധിക്കുന്ന സാഹചര്യത്തിൽ വേണ്ട മുൻകരുതൽ നടപടികൾ എടുക്കണമെന്ന് ആരോഗ്യമേഖലയിലുള്ളവർ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.
-ദാഹം തോന്നുന്നില്ലെങ്കിൽ പോലും ഇടക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം, സംഭാരം (മോരുവെള്ളം) എന്നിവ കുടിക്കുന്നത് ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും.
മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കുക. ഇവ നിർജലീകരണത്തിന് കാരണമാകും.
-തണ്ണിമത്തൻ, ഓറഞ്ച് തുടങ്ങിയ നീരുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക.
-പകൽ 11 മണി മുതൽ വൈകിട്ട് മൂന്നുമണി വരെ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കുക. ഈ സമയത്താണ് സൂര്യപ്രകാശം ഏറ്റവും കഠിനമായി ഏൽക്കുന്നത്.
-വെയിലത്ത് ഇറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക. പാദരക്ഷകൾ നിർബന്ധമായും ധരിക്കുക.
- ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവർ കൈകളും മുഖവും മറക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.
-അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ (പരുത്തി) വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. ഇത് വായുസഞ്ചാരത്തിനും വിയർപ്പ് വലിച്ചെടുക്കാനും സഹായിക്കും. സിന്തറ്റിക് വസ്ത്രങ്ങൾ ചൂടുകാലത്ത് ഒഴിവാക്കുന്നതാണ് ഉചിതം.
-ശക്തമായ തലവേദന, തലകറക്കം, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുക, പേശിവലിവ് എന്നിവ കണ്ടാൽ ഉടൻ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.