പത്മരാജൻ

പാലത്തായി കേസിൽ വാദം പൂർത്തിയായി; വിധി 14ന്

കണ്ണൂർ: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡന​​​ക്കേസിലെ വാദം പൂർത്തിയായി. തലശ്ശേരി അതിവേഗ പ്രത്യേക കോടതി (പോക്സോ) ജഡ്ജി ജലജ റാണി നവംബർ 14ന് കേസിൽ വിധി പറയും. അതിജീവിത ഉൾപ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു . 87 രേഖകൾ ഹാജരാക്കി.

കൗൺസലർമാരടക്കം മൂന്ന് സാക്ഷികളെ പ്രതിഭാഗം വിസ്മരിച്ചു. അതിജീവിതയായ നാലാം ക്ലാസുകാരിയുടെ മൊഴി വിശ്വാസത്തിലെടുക്കാതെ ആർ.എസ്.എസുകാരനായ പ്രതിക്കുവേണ്ടി പൊലീസ് നിലകൊണ്ടതാണ് പാലത്തായി കേസിനെ വിവാദ മാക്കിയത്. വിവാദങ്ങൾക്കൊടുവിൽ ക്രൈംബ്രാഞ്ചാണ് പ്രതിക്കെതിരെ പോക്സോ ചുമത്തി കുറ്റപത്രം സമർപ്പിച്ചത്.

2020 മാർച്ച് 17നാണ് ബി.ജെ.പി നേതാവും പാലത്തായി യു.പി സ്കൂൾ അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ പീഡിപ്പിച്ചതായി പെൺകുട്ടി ചൈൽഡ് ലൈനിൽ മൊഴി നൽകിയത്. പരാതി കിട്ടിയ അന്നുമുതൽ കേസ് അട്ടിമറിക്കാൻ പൊലീസ് പ്രതിക്കൊപ്പം നിന്നുവെന്ന് ആരോപണമുയർന്നിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർചെയ്ത പാനൂർ എസ്.എച്ച്.ഒ ടി.പി. ശ്രീജിത്ത് ആണ് പ്രതിക്ക് അനുകൂലമായി ആദ്യം രംഗത്തുവന്നത്. പ്രതി സ്കൂളിൽ ലീവായിരുന്ന ദിവസം പീഡന തീയതിയാക്കി എഫ്.ഐ.ആറിൽ രേ ഖപ്പെടുത്തി.

അധ്യാപകനിൽനിന്ന് മൂന്ന് ദിവസം പീഡനമുണ്ടായെന്നും തീയതി ഓർക്കുന്നില്ലെന്നും അതിജീവിത പറഞ്ഞതിനെ തുടർന്നാണ് പൊലീസ് വക തീയതി നൽകിയത്. പൊലീസ് പറഞ്ഞ തീയതിയാണ് പിന്നീട് കുട്ടി കൗൺസലർമാരോടും ഡോക്ടറോടും മട്ടന്നുരിലെ മജിസ്ട്രേറ്റിനോടും പറഞ്ഞത്.

കേസെടുത്ത പൊലീസിന് പ്രതിയെ പിടികൂടാൻ ജനകീയപ്രക്ഷോഭം വരെ കാത്തിരിക്കേണ്ടിവന്നു. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ചാകട്ടെ ലോക്കൽ പൊലീസ് ചുമത്തിയ പോക്സോ വകുപ്പ് ഒഴിവാക്കി കുറ്റപത്രം നൽകി. കുട്ടി നൽകിയ രഹസ്യമൊഴി കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ച ക്രൈം ബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് തന്നെ വെളിപ്പെടുത്തിയതും വിവാദമായി. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ മാതാവും ആക്ഷൻ കമ്മിറ്റിയും ഹൈകോടതിയെ സമീപിച്ചപ്പോൾ പെൺകുട്ടി കള്ളം പറയുകയാണ് എന്നാണ് അന്വേഷണ സംഘം

ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയത്. വീണ്ടും കോടതിയെ സമീപിച്ചാണ് അന്വേഷണ സംഘത്തെ മാറ്റിയത്. ആ അന്വേഷണ സംഘമാണ് പോക്സോ ചുമത്തി അന്തിമ കുറ്റപത്രം സമർപ്പിച്ചത്.

അന്നത്തെ സ്കൂളിലെ പ്രധാനാധ്യാപകൻ കെ.കെ. ദിനേശൻ സാക്ഷി വിസ്താരവേളയിൽ പ്രതിക്ക് അനുകൂലമായി മൊഴി നൽകിയിരുന്നു. പീഡനം നടന്നതിനുശേഷം മാസങ്ങളോളം കുട്ടി സ്കൂളിൽ വന്നിരുന്നില്ല. എന്നാൽ, സ്കൂൾ രജിസ്റ്ററിൽ ഹാജർ രേഖപ്പെടുത്തിയതും വിവാദമായി.

ഉച്ചക്കഞ്ഞി അലവൻസ് നില നിൽക്കുന്നതിനു വേണ്ടിയാണിങ്ങനെ ചെയ്തത് എന്നായിരുന്നു പ്രധാനാധ്യാപകന്റെ മറുപടി. അഡ്വ. ജ നൈസ് കടവത്തൂരാണ് അതിജീവിതയുടെ അഭിഭാഷകൻ.

Tags:    
News Summary - Hearings in Palathai case complete; verdict on 14th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.