താലൂക്ക്തലം മുതലുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ടാക്കാന്‍ മാര്‍ഗരേഖ

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍. (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കിയെന്ന് മന്ത്രി വീണ ജോര്‍ജ്. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

ഇതുള്‍ക്കൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. രാജ്യത്ത് ആദ്യമായി സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കി. രാജ്യത്ത് ആദ്യമായി എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും എ.എം.ആര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. കൂടുതല്‍ ആശുപത്രികളെ കാര്‍സ്‌നെറ്റ് ശൃംഖലയിലേക്കും ആന്റിബയോട്ടിക് സ്മാര്‍ട്ടിലേക്കും മാറ്റിയിട്ടുണ്ട്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ഇതുകൂടാതെയാണ് സംസ്ഥാനത്ത് ആദ്യമായി ജില്ലാതല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍. വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍. എക്‌സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍. ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കുന്നതാണ്. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കുന്നു.

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍. അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാർഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം.

പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം. ആശുപത്രികളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം.

കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം. ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തേണ്ടതാണ്. ഇങ്ങനെ വിശദമായ പരിശോധനക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. 

Tags:    
News Summary - Guidelines for making hospitals antibiotic smart from taluk level onwards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.