റാഗിങ് കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോൾ
കോട്ടയം: ‘വിദ്യാർഥിയെ വിവസ്ത്രനാക്കി തോർത്ത് കൊണ്ട് കട്ടിലിൽ കെട്ടിയിട്ടു, ഒന്ന്...രണ്ട്...മൂന്ന്...എന്ന് എണ്ണി കഴുത്തുമുതൽ കാൽപാദംവരെ ഡിവൈഡറും കോമ്പസും ഉപയോഗിച്ച് കുത്തി. കുത്തിയ സ്ഥലങ്ങളിൽനിന്ന് രക്തം പൊടിഞ്ഞപ്പോൾ ഷേവിങ് ലോഷൻ പുരട്ടി. മലർത്തിക്കിടത്തി സ്വകാര്യഭാഗത്ത് വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബൽ ഒന്നിനുമുകളിൽ ഒന്നായി വെച്ചു. ശരീരമാസകലം ക്രീം പുരട്ടി, മാറിൽ രണ്ടിടത്തും ക്ലിപ്പ് മുറുക്കി. വിദ്യാർഥി വേദനകൊണ്ട് നിലവിളിച്ചപ്പോൾ വായിലേക്കും ലോഷൻ ഒഴിച്ചു’ -കോട്ടയം ഗവൺമെന്റ് നഴ്സിങ് കോളജിൽ നടന്ന അതിക്രൂരമായ റാഗിങ്ങിന്റെ ദൃശ്യങ്ങൾ ഇങ്ങനെയാണ്. സമൂഹ മാധ്യമങ്ങളിലും ഇത് പ്രചരിക്കുന്നുണ്ട്.
പീഡനം മൊബൈലിൽ പകർത്തിയ ശേഷം സംഭവം വെളിയിൽപ്പറഞ്ഞാൽ കൊല്ലുമെന്ന് ജൂനിയർ വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയിരുന്നു. റാഗിങ്ങിന്റെ ദൃശ്യങ്ങൾ തെളിവാക്കി മാറ്റുന്നതിന് ശാസ്ത്രീയ പരിശോധനക്ക് അയക്കാനാണ് പൊലീസ് തീരുമാനം. കഴിഞ്ഞ നവംബർ മുതലാണ് പീഡന സംഭവങ്ങളുടെ തുടക്കം.
ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ മുറിയില്‍ ഇരിക്കുന്നതിനിടെ പ്രതികള്‍, സീനിയേഴ്സിനെ ബഹുമാനമില്ല എന്ന് പറഞ്ഞ് വിദ്യാര്‍ഥികളിൽ ഒരാളുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിലുണ്ട്. ഡിസംബർ 13ന് അര്‍ധരാത്രിയാണ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുടെ കൈയും കാലും കെട്ടിയിട്ട് ലോഷന്‍ ഒഴിച്ചശേഷം ഡിവൈഡര്‍ കൊണ്ട് കുത്തി മുറിവേല്പിച്ച സംഭവമുണ്ടായത്.
കോട്ടയം: റാഗിങ് സംഭവത്തിൽ കോളജിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രിൻസിപ്പൽ ഡോ. സുലേഖ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിന് മുമ്പ് ആരും ഇത്തരത്തിലുള്ള പരാതി ഉന്നയിച്ചിട്ടില്ല. കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കും. ഹോസ്റ്റലിന് മാത്രമായി മുഴുവൻ സമയ വാർഡനില്ല.
ചുമതലയുള്ള അസി. വാർഡൻ മുഴുവൻ സമയവും ഹോസ്റ്റലില്ല. രാത്രികാലങ്ങളിൽ ഹൗസ് കീപ്പിങ് ഇൻചാർജായ ഒരാൾ മാത്രമാണുള്ളത്. ഇയാളിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.
കോട്ടയം: ഗാന്ധിനഗറിലെ സർക്കാർ നഴ്സിങ് കോളജിൽ പീഡനം തുടർക്കഥയെന്ന് വിവരം. കഴിഞ്ഞ അധ്യയന വർഷവും ഗാന്ധിനഗർ പൊലീസിൽ റാഗിങ് പരാതി എത്തിയിരുന്നതായി വിവരമുണ്ട്. എന്നാൽ ഇരയായ വിദ്യാർഥി പരാതിയിൽ ഉറച്ചു നിന്നില്ല. പഠനം നിലക്കുമെന്ന ആശങ്കയിലാണ് വിദ്യാർഥി പരാതിയിൽ നിന്ന് മാറിയതെന്നാണ് അറിയുന്നത്.
കോട്ടയം: ഒന്നാംവർഷ നഴ്സിങ് വിദ്യാർഥികളെ അതിക്രൂര പീഡനത്തിന് ഇരയാക്കാൻ പ്രതികൾക്ക് ‘കരുത്തേകിയത്’ ഭരണാനുകൂല സംഘടനാ ബന്ധം. രണ്ടാംപ്രതി മലപ്പുറം വണ്ടൂർ സ്വദേശി കെ.പി. രാഹുൽ രാജ് സി.പി.എം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ്. മറ്റ് പ്രതികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്സണ്, വയനാട് നടവയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവർ അസോസിയേഷൻ അംഗങ്ങളുമായിരുന്നു. സംഭവത്തെ തുടർന്ന് ഇവരെ പുറത്താക്കിയെന്ന് അസോസിയേഷൻ അറിയിച്ചിരുന്നു.
സംഘടനയുടെ പേര് പറഞ്ഞുള്ള പണപ്പിരിവും ഭീഷണിയും ഇവരുടെ പതിവാണ്. കോട്ടയം വാളകം സ്വദേശി സാമുവലാണ് ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നത്. ഗൂഗ്ൾപേ വഴി ഇയാൾ പണം സ്വീകരിച്ചതിന് തെളിവ് ലഭിച്ചിട്ടുണ്ട്.
നവംബറിൽ ആരംഭിച്ച റാഗിങ് ഈമാസം പത്തിന് രാത്രി പത്തര വരെ തുടർന്നതായി പൊലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
അന്ന് ഒന്നാംവർഷ വിദ്യാർഥിയായ അമലിനെ മുറിയിൽ വിളിച്ചുവരുത്തി മുട്ടിൽ നിർത്തിയ ശേഷം മൂന്നാംപ്രതിയായ ജീവ കവിളത്ത് അടിക്കുകയായിരുന്നു. ഇതോടെയാണ് പരാതിപ്പെടാൻ ഒന്നാംവർഷ വിദ്യാർഥികൾ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.