‘മോഹൻലാൽ സിനിമ ആരംഭിക്കുന്നത് മദ്യപാനത്തിൽ; സെൻസർ ബോർഡിലും കാശും കുപ്പിയും’- ജി. സുധാകരൻ

ആലപ്പുഴ: മദ്യപിച്ചിരുന്നാണ് സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ സെന്‍സറിങ് നടത്തുന്നതെന്ന് മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍. മോഹൻലാലടക്കം പ്രമുഖ നടൻമാരുടെ സിനിമകളിൽ പോലും തുടക്കത്തിൽ മദ്യപിക്കുന്ന ​രംഗങ്ങളാണ് കാണിക്കുന്നത്. സിനിമ നിര്‍മിച്ചവര്‍ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും നല്‍കുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ഹരിപ്പാട് ടെമ്പിള്‍സിറ്റി റസിഡന്‍സ് അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജി. സുധാകരന്‍.

‘തുടക്കം തന്നെ മദ്യപാനമാണ്. മോഹൻ ലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപിച്ചുതുടങ്ങും. അയാൾ മദ്യപിക്കുന്നെന്നല്ല അയാളവതരിപ്പിക്കുന്ന കഥാപാ​ത്രം. നിലവാരമുള്ള നടന്മാര്‍ പോലും സിനിമയുടെ തുടക്കത്തില്‍ മദ്യപിക്കുന്ന റോളില്‍ വരുകയാണ്. പച്ചവെള്ളം കുടിക്കുന്നത് പോലെയാണ് മദ്യപിക്കുന്നത്. ഇത് സമൂഹത്തിലും ചെറുപ്പക്കാരിലും സ്വാധീനമുണ്ടാക്കില്ലേ. ഇവിടെ ചെറുപ്പക്കാർ നന്നാവണമെന്ന് പറയാൻ ആരാർക്കാണ് അധികാരം. തുടക്കത്തില്‍ മദ്യപാനം കാണിക്കരുതെന്ന് ഫിലിം സെന്‍സര്‍ ബോര്‍ഡിന് പറയാന്‍ കഴിയുമല്ലോയെന്നും അവരും വെള്ളമടിച്ചാണ് ഇത് കാണുന്നത്’ -ജി. സുധാകരന്‍ പറഞ്ഞു.

സിനിമ നിര്‍മിച്ചവര്‍ സെൻസർ ബോർഡിൽ ഇരിക്കുന്നവർക്ക് കുപ്പി വാങ്ങിക്കൊടുക്കും. കൈയ്യില്‍ കാശും കൊടുക്കും. സിനിമ കണ്ടിട്ടില്ലാത്തവരും അധികാരത്തിലുള്ള പാര്‍ട്ടിയുടെ ആളുകളുമായവര്‍ സെന്‍സര്‍ ബോര്‍ഡിലുണ്ട്. ഇത്തരത്തില്‍ ആലപ്പുഴയിലുള്ളവരെ തനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവർ സിനിമയൊന്നും കാണില്ല. പുസ്തകം വായിക്കാത്തവർ ഗ്രന്ഥശാല സംഘത്തിൻറെ സമ്മേളം ഉദ്ഘാടനം ചെയ്യുന്നതും ഇത്തരത്തിലാണ്. ഗ്രന്ഥശാലകളുടെ പരിപാടികളിൽ ജനപ്രതിനിധികൾ എന്ന നിലയിലല്ല, പുസ്തകം വായിക്കുകയും സംസാരിക്കുകയും ചെയ്യുന്നവർ എന്ന നിലയിലാണ് പ്രാധാന്യം നൽകേണ്ടത്. കേരളത്തിൽ സിനിമയിൽ മദ്യപാനത്തിനെതിരായ സന്ദേശമില്ല. തമിഴ്നാടടക്കം സംസ്ഥാനങ്ങളിലുണ്ട്. ഇ​തെല്ലാം തെറ്റാണെന്ന് പറഞ്ഞാണ് അവിടെ സിനിമ അവസാനിക്കുന്നതെന്നും ജി.സുധാകരൻ പറഞ്ഞു. 

Tags:    
News Summary - G. Sudhakaran on drinking in movies, says it has influenced young people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.