വിജയകുമാർ
പാലാ: പാലാ സ്വദേശിനിയായ വീട്ടമ്മയിൽനിന്നും മകന് മെഡിക്കൽ അഡ്മിഷൻ നൽകാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.തമിഴ്നാട് അമ്പത്തൂർ സ്വദേശി വിജയകുമാർ (47) ആണ് പിടിയിലായത്. പാലാ പൂവരണി സ്വദേശിനിയായ വീട്ടമ്മയിൽനിന്നും മകന് തമിഴ്നാട് വെല്ലൂരിലെ മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ വാങ്ങിയെടുത്ത ശേഷം ഇയാൾ കബളിപ്പിക്കുകയായിരുന്നു.
വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലാ പൊലീസ് കേസെടുക്കുകയും, ഈ കേസിലെ മറ്റൊരു പ്രതിയായ ബഥേല്‍ വീട്ടില്‍ അനു സാമുവലിനെ പിടികൂടുകയും ചെയ്തിരുന്നു.തുടർന്ന് ഒളിവിൽപോയ കൂട്ടുപ്രതിക്കായി ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനക്കൊടുവിലാണ് ഇയാളെ തമിഴ്നാട്ടിലെ ചെന്നൈയിലെ ഒളിവുസങ്കേതത്തിൽ നിന്നും പിടികൂടിയത്.
ഇയാൾ തട്ടിപ്പിനുവേണ്ടി 18 ഓളം സിംകാർഡുകളാണ് മാറിമാറി ഉപയോഗിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി. തൃശൂർ വെസ്റ്റ്, പന്തളം, അടൂർ എന്നീ സ്റ്റേഷനുകളിൽ സമാനരീതിയിൽ പണം തട്ടിയെടുത്ത കേസുകളിൽ പ്രതിയാണ്. പാലാ എസ്.എച്ച്.ഒ കെ.പി ടോംസൺ, എ.എസ്.ഐ ബിജു കെ.തോമസ്, സി.പി.ഒമാരായ ശ്രീജേഷ് കുമാർ, അരുൺകുമാർ, രഞ്ജിത്ത് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.