തൃശൂര്‍: തൃശൂരിലെത്തിയ 58ാമത് കേരള സ്കൂള്‍ കലോത്സവത്തിെൻറ നിറം കെടുത്തിയ വ്യാജ അപ്പീൽ വിവാദം അടുത്ത വർഷം ഇല്ലാതാക്കാൻ സർക്കാർ നടപടിയെടുക്കും. അപ്പീലുകൾ കുറക്കാൻ സർക്കാർ ശ്രമം തുടങ്ങി. ഇതിനായി ഹൈകോടതിയെ സമീപിക്കുന്നതോടൊപ്പം മാന്വലിലെ അപ്പീൽ ഭാഗത്ത് ഭേദഗതി വരുത്താനും ആലോചനയുണ്ട്. പരിഷ്കരിച്ച മാന്വൽ പ്രകാരം നടന്ന ആദ്യ മത്സരമാണ് ബുധനാഴ്ച തൃശൂരിൽ സമാപിക്കുന്നത്. മികച്ച നടത്തിപ്പിന് ഏക അപവാദം വ്യാജ അപ്പീലാണെന്ന വിലയിരുത്തലിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇൗ സാഹചര്യത്തിലാണ് അപ്പീലുകൾ കുറക്കാൻ കർക്കശ വ്യവസ്ഥകൾ ഉൾപ്പെടുത്താൻ സർക്കാർ നീക്കം തുടങ്ങിയത്.
അപ്പീലുകള്‍ അനുവദിക്കുന്നതിനു മുമ്പ് സര്‍ക്കാറിെൻറ ഭാഗം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കും. അടുത്ത വർഷത്തെ കലോത്സവത്തിനു മുമ്പ് ഇക്കാര്യത്തിൽ വ്യക്തത വരുത്തും. കലോത്സവ മാന്വല്‍ പരിഷ്കരണം വിജയകരമാണെങ്കിലും അതിൽ അപ്പീലിനെപ്പറ്റി പരാമർശിക്കുന്ന ഭാഗം ഭേദഗതി ചെയ്യും. ഇക്കാര്യത്തിൽ അധ്യാപക സംഘടന നേതാക്കളുമായി ചർച്ച നടത്തും. കലാരംഗത്തെ വിദഗ്ധരുടെ അഭിപ്രായവും തേടും. വ്യാജ അപ്പീലുമായി എത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.
ഏറ്റവും കൂടുതൽ അപ്പീലുകളെത്തിയ കലോത്സവം കൂടിയാണ് തൃശൂരിലേത്. ബാലാവകാശ കമീഷെൻറ വ്യാജ ഉത്തരവുമായെത്തിയ അപ്പീലുകൾ പിടിക്കപ്പെടുകയും ചെയ്തു. സ്കൂള്‍ കലോത്സവത്തില്‍ അനിയന്ത്രിതമായ അപ്പീലുകളുടെ ആധിക്യം പരിപാടിയുെട സമയക്രമത്തെയും സംഘാടനത്തെയും മത്സരാർഥികളെയും കുഴക്കുന്നുവെന്ന കണ്ടെത്തൽ കൂടിയാണ് ഇത്തരത്തിലൊരു നീക്കത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.