എഥനോൾ പരിശോധനയിൽ 'ട്വിസ്റ്റ്'; ശുദ്ധമായ പെട്രോൾ നൽകാതെ എണ്ണ കമ്പനികൾ, പരമ്പരാഗത രീതിയിൽ പരിശോധിക്കാൻ സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിലെ എഥനോൾ അളവ് കണ്ടെത്താനുള്ള പരിശോധനയിൽ അനിശ്ചിതത്വം. കലർപ്പില്ലാത്ത പെട്രോൾ താരതമ്യ പഠനത്തിന് നൽകാതെ എണ്ണ കമ്പനികൾ നിസ്സഹകരിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. ഗ്യാസ് ക്രോമറ്റോഗ്രഫി പരിശോധനക്കായി കിറ്റുകളടക്കം സർക്കാർ വാങ്ങിയിരുന്നെങ്കിലും ശുദ്ധമായ പെട്രോള്‍ നല്കാൻ ചട്ടമില്ലെന്നാണ് കമ്പനികളുടെ വാദം. ഇതോടെ രാസവസ്തുക്കൾ കലർത്തിയുള്ള പരമ്പരാഗത പരിശോധനക്കാണ് സർക്കാർ തയാറെടുക്കുന്നത്. കർണാടക സർക്കാർ നടത്തിയ പരിശോധനയില്‍ പെട്രോളില്‍ 31 ശതമാനം എഥനോൾ കണ്ടെത്തിയിരുന്നു. 20 ശതമാനമാണ് രാജ്യത്ത് അനുവദനീയമായ അളവ് എന്നിരിക്കെ കണ്ടെത്തല്‍ വൻ വിവാദമായി.
തുടർന്ന്, മുഖ്യമന്ത്രി വി.ഡി. സതീശന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി കേരളത്തിലും എഥനോൾ പരിശോധന നടത്താൻ തീരുമാനിച്ചു. സർക്കാർ ലാബുകളില്‍ ഗ്യാസ് ക്രോമറ്റോഗ്രഫി എന്ന അധുനിക പരിശോധന നടത്താനായിരുന്നു നീക്കം. ഇതിനായി ഓയില്‍ കമ്പനികളില്‍ നിന്ന് വരുത്തിയ കിറ്റുകള്‍ മൂന്ന് ദിവസം മുമ്പാണ് എത്തിയത്. എന്നാല്‍, താരതമ്യ പരിശോധനക്കായി കലർപ്പില്ലാത്ത ശുദ്ധമായി പെട്രോൾ നല്കാൻ കഴിയില്ലെന്ന നിലപാടിലാണ് എണ്ണ കമ്പനികൾ. ശുദ്ധമായ പെട്രോള്‍ പരിശോധനക്ക് നല്കാൻ ചട്ടമില്ലെന്ന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കമ്പനികള്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ രാസവസ്തുക്കള്‍ കലർത്തിയുള്ള പരമ്പരാഗത പരിശോധന നടത്താനാണ് സർക്കാറിന് കീഴിലെ ലാബുകള്‍ തയാറെടുക്കുന്നത്.
വരുന്ന ആഴ്ച പരിശോധന നടത്തി ഫലം പുറത്ത് വിട്ടേക്കും. എഥനോൾ അളവ് കൂടുതല്‍ ആണെങ്കില്‍ കോടതിയെ സമീപിച്ച് ശുദ്ധമായ പെട്രോള്‍ കമ്പനികളില്‍ നിന്ന് ലഭ്യമാക്കാനുള്ള നീക്കവും സർക്കാർ നടത്തിയേക്കും. കർണാടകയിലെ പരിശോധന ശാസ്ത്രീയമല്ലെന്ന വാദം ഉയർത്തിയാണ് കേന്ദ്ര സർക്കാരും എണ്ണ കമ്പനികളും അളവ് സംബന്ധിച്ച ഫലം തള്ളിയത്. കേരളത്തിലും പരമ്പരാഗത പരിശോധന നടത്തേണ്ടി വരുന്ന സാഹചര്യത്തില്‍ ഫലം സംബന്ധിച്ച കേന്ദ്ര നിലപാട് എന്തായിരിക്കുമെന്നതിലാണ് ആകാംക്ഷ. ശുദ്ധമായ പെട്രോൾ നല്‍കാത്തത് അളവ് തടയാനുള്ള കമ്പനികളുടെ കുറുക്കുവഴിയെന്ന വിമർശനവും ഉയരുന്നുണ്ട്.
അതേസമയം, കർണാടകത്തിലെ 80 ശതമാനം പമ്പുകളിലും അനുവദനീയമായ 20 ശതമാനത്തേക്കാൾ ഉയർന്ന അളവിൽ എഥനോൾ കലർന്ന പെട്രോളാണ് വിൽക്കുന്നതെന്നാണ് കർണാടക സർക്കാർ പറയുന്നു. എന്നാൽ കർണാടക സർക്കാർ ഉന്നയിച്ച ആരോപണം തള്ളി എണ്ണക്കമ്പനികൾ രംഗത്തുവന്നു. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയും എന്നീ കമ്പനികൾ സംയുക്ത പ്രസ്താവനയിലൂടെയാണ് കർണാടക സർക്കാറിന്റെ വാദങ്ങൾ തള്ളിയത്. അതിനിടെ, പെട്രോളിലെ എഥനോൾ അളവിൽ വ്യതിയാനമുണ്ടെന്ന കർണാടക സർക്കാറിന്റെ പരിശോധനാ ഫലം കേന്ദ്ര പെട്രോളിയം മന്ത്രാലയവും തള്ളി.
എണ്ണക്കമ്പനികളുടെ വാദം ഏറ്റെടുത്ത മന്ത്രാലയം, കർണാടകത്തിന്റെ ഫലം പോലെ എഥനോൾ അളവിൽ എവിടെയും വ്യതിയാനമില്ലെന്നാണ് വിശദീകരണം. രാജ്യത്താകെ 893 സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ ഒരു ശതമാനം വരെ മാത്രമാണ് നേരിയ വ്യതിയാനമെന്നാണ് മന്ത്രാലയം പറയുന്നത്. 19 ശതമാനം മുതൽ 21 ശതമാനം വരെയാണ് എഥനോൾ അളവ്. കർണാടകയിൽ നിന്നുള്ള 56 സാമ്പിളുകളും ഇതിൽ പെടും. കർണാടകയുടെ പരിശോധന രീതിയിൽ പ്രശ്നങ്ങളുണ്ടെന്നും മന്ത്രാലയം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.