ജലചൂഷണം കൂടുന്നു; മലിനീകരണവും

തൊടുപുഴ: സംസ്ഥാനത്ത് കടുത്ത കുടിവെള്ളക്ഷാമത്തിനു വഴിവെച്ച് ജലചൂഷണവും ജലമലിനീകരണവും കൂടുന്നു. ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ അമിത ജലചൂഷണം ഭൂഗര്‍ഭജലത്തില്‍ ഫ്ളൂറൈഡിന്‍െറ അളവ് വര്‍ധിക്കാന്‍ കാരണമായതായി സംസ്ഥാന ഭൂഗര്‍ഭജല വകുപ്പിന്‍െറ ലാബുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടത്തെി. മാലിന്യവാഹിനിയായ പുഴകള്‍ക്ക് സമീപത്തെ തുറന്ന കിണറുകളില്‍ മലിനീകരണത്തിന്‍െറ തോത് കൂടുതലാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

തുറന്ന കിണറുകളും കുഴല്‍കിണറുകളും കേന്ദ്രീകരിച്ചായിരുന്നു പഠനം. ഭൂഗര്‍ഭജലത്തിന്‍െറ അളവ് ഓരോ വര്‍ഷവും കുറഞ്ഞുവരുന്നതായി പഠനത്തില്‍ കണ്ടത്തെി. വര്‍ധിച്ച ഉപഭോഗത്തിന് അനുസരിച്ച് ജലം ഭൂമിയിലേക്ക് ഇറങ്ങാത്തതാണ് കാരണം. തീരദേശങ്ങളിലെ കുഴല്‍ കിണറുകളില്‍ കടല്‍വെള്ളം കലരുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. 
മഴകുറഞ്ഞതോടെ ആവശ്യത്തിന് ജലം ഭൂമിക്കടിയിലേക്ക് ഇറങ്ങിച്ചെല്ലാത്തതാണ് കാരണം. തുറന്ന കിണറുകളില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണ്. എന്നാല്‍, ക്ളോറിനേഷന്‍ നടത്തിയ കിണറുകളില്‍ ഇത് കുറയുന്നുണ്ട്. കുഴല്‍കിണറുകളെ അപേക്ഷിച്ച് തുറന്ന കിണറുകളിലാണ് മലിനീകരണം കൂടുതല്‍. അമിതമായി ജലചൂഷണം നടക്കുന്ന ആലപ്പുഴ, പാലക്കാട് ജില്ലകളിലെ കുഴല്‍കിണറുകളില്‍ ഫ്ളൂറൈഡിന്‍െറ അംശം കൂടുന്നതായും പഠനത്തില്‍ കണ്ടത്തെി. 

തീരദേശങ്ങളിലെയും ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളിലെയും കിണറുകളിലാണ് മാലിന്യം കൂടുതല്‍. പമ്പ, കരമനയാര്‍ എന്നിവക്ക് സമീപത്തെ തുറന്ന കിണറുകളിലും മാലിന്യത്തിന്‍െറ തോത് ഉയര്‍ന്നു. വര്‍ഷത്തില്‍ നാലുതവണയാണ് ഭൂഗര്‍ഭ ജലവകുപ്പ് കുടിവെള്ളത്തിന്‍െറ ഗുണനിലവാരം സംബന്ധിച്ച് പഠനം നടത്തുന്നത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് ഇതിനു ലാബുകള്‍ സജ്ജീകരിച്ചത്. മഴക്കുറവും ഭൂഗര്‍ഭജലത്തിന്‍െറ അമിതചൂഷണവും സമീപഭാവിയില്‍ ഗുരുതരപ്രതിസന്ധി സൃഷ്ടിക്കുമെന്ന് കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ് കഴിഞ്ഞ ഒക്ടോബറില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags:    
News Summary - draught in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.