‘നാളെ അച്ഛനും അമ്മക്കും എതിരെവരെ ആരോപണം വന്നേക്കാം, തെളിവാണ് പ്രധാനം’; ഭർത്താവിനെതിരെയുള്ള ആരോപണത്തിൽ മറുപടിയുമായി ദിയ

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ കൃഷ്ണകുമാറിന്‍റെ മകൾ ദിയയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തിരുവനന്തപുരം കവടിയാറിലെ ഫ്ലാറ്റിലെത്തിയാണ് മൊഴിയെടുത്തത്. ക്രൈംബ്രാഞ്ചിന് കേസ് കൈമാറുന്നതിന് മുന്നോടിയായാണ് മൊഴിയെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ദിയ കൃഷ്ണ പറഞ്ഞു. ഒരുമണിക്കൂറോളം നീണ്ട മൊഴിയെടുപ്പ് പൂർത്തിയാക്കി പൊലീസ് സംഘം മടങ്ങി. മൊഴിയെടുക്കുന്നതിനായി സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മ്യൂസിയം പൊലീസ് ദിയ കൃഷ്ണ നടത്തുന്ന സ്ഥാപനമായ 'ഒ ബൈ ഒസി'യിലെ മൂന്ന് ജീവനക്കാർക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും അവർ ഹാജരായിരുന്നില്ല.

പിടിക്കപ്പെടുമെന്ന് തോന്നിയതുകൊണ്ടാണ് തന്‍റെ ഭർത്താവിനെതിരെ ജീവനക്കാർ ആരോപണം ഉന്നയിക്കുന്നതെന്ന് ദിയ വ്യക്തമാക്കി. നാളെ അച്ഛനും അമ്മക്കും എതിരെവരെ ആരോപണങ്ങൾ വന്നേക്കാം. എന്താണെങ്കിലും തെളിവ് കൊണ്ടുവരട്ടെ. സ്ഥാപനത്തിന്‍റെ ഓഡിറ്റിങ്ങിനെ ഭയക്കുന്നില്ല. വിവരങ്ങൾ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ദിയ വ്യക്തമാക്കി. ദിയയുടെ ഭർത്താവ് പൂവാലന്മാരെ പോലെ പെരുമാറി എന്നായിരുന്നു ജീവനക്കാരിയുടെ ആരോപണം. രാത്രി ഒരു മണിക്കും രണ്ട് മണിക്കും വിളിച്ചിട്ട് ഹലോ എന്ത് ചെയ്യുന്നു എന്ന് ചോദിക്കുമെന്നും പൂവാലന്മാരെപ്പോലെയാണ് സംസാരിക്കുന്നതെന്നും യുവതി പറഞ്ഞിരുന്നു.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് ജീവനക്കാരികൾ പണം മാറ്റിയതായാണ് പൊലീസിന്റെ നിഗമനം. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിൽ നിന്നാണ് പൊലീസ് ഈ നിഗമനത്തിൽ എത്തിയത്. ഡിജിറ്റൽ തെളിവുകളും ജീവനക്കാർക്ക് എതിരെയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ദിയ കൃഷ്ണയ്‌ക്കെതിരെ ജീവനക്കാരികൾ നൽകിയത് കൗണ്ടർ പരാതി മാത്രമാണെന്നാണ് പൊലീസ് കരുതുന്നത്. ദിവസങ്ങൾക്ക് മുൻപായിരുന്നു ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ദിയ കൃഷ്ണ, പിതാവും ബി.ജെ.പി നേതാവുമായ ജി കൃഷ്ണകുമാർ, സുഹൃത്ത് സന്തോഷ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ സ്ഥാപനത്തിലെ സാമ്പത്തിക തിരിമറി ചൂണ്ടിക്കാട്ടി ദിയ കൃഷ്ണയും പൊലീസിൽ പരാതി നൽകി.

Tags:    
News Summary - Diya Krishna says she initially demanded that the Crime Branch investigate the case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.