സംവിധായകൻ ബി. ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്: നടപടി സാന്ദ്ര തോമസിന്റെ പരാതിയിൽ

കൊച്ചി: നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി. ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. കോടതി നിർദ്ദേശ പ്രകാരം എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ വിരോധത്തിൽ സിനിമയിൽ നിന്ന് മാറ്റി നിർത്താൻ ശ്രമം നടത്തിയെന്നാണ് പരാതി.

ഫെഫ്ക ജനറല്‍ സെക്രട്ടറിയായ ബി. ഉണ്ണികൃഷ്ണനെ ഒന്നാം പ്രതിയും നിര്‍മാതാവ് ആന്റോ ജോസഫിനെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. സാന്ദ്ര തോമസുമായി സിനിമയിൽ സഹകരിക്കരുതെന്ന് സഹപ്രവർത്തകരോട് ആവശ്യപ്പെട്ടതായും സംഘടന യോഗത്തില്‍ അപമാനിച്ചെന്നും പരാതിയിൽ ആരോപണമുണ്ട്. നിർമാതാക്കൾക്കെതിരെ പരാതി പറയാൻ താരങ്ങൾ ഉൾപ്പടെ എല്ലാവർക്കും ഭയമാണന്നും സുഹൃത്തുക്കളും സഹപ്രവർത്തകരുമായ നിർമാതാക്കൾ യോഗത്തിലേക്ക് വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നുവെന്നും നേരത്തെ സാന്ദ്ര വ്യക്തമാക്കിയിരുന്നു. സ്വേഛാധിപത്യ തീരുമാനമാണ് നിർമാതാക്കളുടെ സംഘടനയിൽ നടപ്പിലാക്കുന്നത്. താര സംഘടനയായ അമ്മയുടെ സ്വാധീനത്തിന് വഴങ്ങിയാണ് നിർമാതാക്കളുടെ സംഘടന പ്രവർത്തിക്കുന്നത്. താര സംഘടനയിൽ മാത്രല്ല നിർമാതാക്കളുടെ സംഘടനയിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നു.

ആരോപണം ഉന്നയിച്ചതിനു പിന്നാലെ സംഘടനയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കിയിരുന്നു. ഇതിനെതിരെ സാന്ദ്ര കോടതിയെ സമീപിക്കുകയും അന്തിമ ഉത്തരവ് വരുംവരെ സാന്ദ്ര തോമസിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗമായി തുടരാമെന്ന് കോടതി അനുകൂല നിലപാട് സ്വീകരിക്കുകയുമായിരുന്നു. 

Tags:    
News Summary - Director B. Police registered a case against Unnikrishnan: Action was taken on the complaint of Sandra Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.