ഉമ്മയുടെ ഗർഭപത്രം പങ്കിട്ട കൂടപ്പിറപ്പുൾപടെ സഹോദരിയും മാതാപിതാക്കളും നഷ്ടപ്പെട്ടതറിയാതെ ഫായിസ് മധുരയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തേനിയിൽ തിങ്കളാഴ്ച പുലർച്ചേ ബസ്സും , മലപ്പുറം വാഴയൂർ കളത്തിൽ തൊടി റഷീദും കുടുംബവും സഞ്ചരിച്ചകാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഫായിസ് ഉൾപടെ ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ഉപ്പയും ഉമ്മയും സഹോദരിയും അർദ്ധ സഹോദരൻ ബാസിലും അപകടത്തിൽ ഫായിസിന് നഷ്ടമായി.
കഴിഞ്ഞ മാസം 24 നാണ് ഇവർ ചെന്നൈയിൽ ഉപ്പയുടെ അടുത്തേക്ക് അവധി ആഘോഷിക്കാൻ പോയത്. കൊടൈക്കനാൽ ഉൾപടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് ജോലി സ്ഥലത്തേക്ക് തന്നെ മടങ്ങുന്നതിനിടയിലാണ് വിധി ഈ കുടുംബത്തെ തേടിയെത്തിയത്.
നേരത്തെ നാട്ടിൽ സ്വകാര്യ കമ്പനിയിൽ ഇലക്ട്രീഷ്യനായിരുന്ന റഷീദ് പത്ത് വർഷത്തിലധികമായി ചെന്നൈയിലാണ്. കഴിഞ്ഞ വർഷം ഏപ്രിൽ 15നാണ് അഴിഞ്ഞിലത്ത് പുതുതായി നിർമിച്ച വീട്ടിൽ താമസമാക്കിയത്. സ്കൂൾ പൂട്ടിയതോടെ റസീന മക്കളെയും കൂട്ടി ഭർത്താവിനടുത്തേക്ക് പോവുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ അപകടവിവരമറിഞ്ഞ ബന്ധുക്കൾ ഉടനെ തേനിയിലേക്ക് പോയെങ്കിലും നടപടികൾ പൂർത്തിയാക്കാനായിട്ടില്ല. മൃതദേഹങ്ങൾ തേനി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ടോടെ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാവുമെന്നാണ് കരുതുന്നത്. ഫായിസും സഹോദരങ്ങളും നവഭാരത് സ്കുൾ വിദ്യാർഥികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.