അഭിലാഷ് ടോമിയുടെ പായ് വഞ്ചി കണ്ടെത്തി; തിരിച്ചടിയായി കാലാവസ്ഥ

ന്യൂഡൽഹി: ഗോൾഡൻ ഗ്ലോബ് റേസ് മൽസരത്തിനിടെ കടലിൽ അപകടത്തിൽപ്പെട്ട മലയാളി നാവികൻ കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ പായ്​വഞ്ചിയായ 'വി.എസ് തുരിയ' കണ്ടെത്തി. നാവികസേനയുടെ പി.8.ഐ നിരീക്ഷണ വിമാനമാണ് ആസ്ട്രേലിയയിലെ പെർത്തിൽ നിന്ന് 1800 നോട്ടിക്കൽ മൈൽ (3333.6 കിലോമീറ്റർ) പടിഞ്ഞാറ് ഭാഗത്തുള്ള പായ് വഞ്ചിയുടെ മുകളിലെത്തിയത്.

റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് ടോമി പ്രതികരിക്കുന്നുണ്ടെന്നും അടിയന്തര മരുന്നുകളും ഭക്ഷണവും വഞ്ചിയിലെത്തിക്കാനാണ് പ്രഥമ മുൻഗണനയെന്നും ജി.ജി.ആർ അധികൃതരിൽ നിന്ന് വിവരം ലഭിച്ചു. ആസ്ട്രേലിയൻ റെസ്ക്യൂ കോർഡിനേറ്റിങ് കേന്ദ്രത്തിന്‍റെ വിമാനവും പായ് വഞ്ചിയുടെ മുകളിലൂടെ പറന്നതായി ജി.ജി.ആർ ട്വീറ്റ് ചെയ്തു.
Full View ഇന്ത്യൻ മഹാസമുദ്രത്തിലെ അപകടം നടന്ന മേഖല‍യിൽ കനത്ത മഴയും മണിക്കൂറിൽ 30 നോട്ടിക്കൽ മൈൽ വേഗത്തിൽ ശക്തമായ കാറ്റുമാണുള്ളത്. ഇതു കാരണം ഇന്ത്യയുടെയും ആസ്ട്രേലിയൻ പ്രതിരോധ വകുപ്പിന്‍റെയും യുദ്ധകപ്പലുകൾക്ക് പായ് വഞ്ചിയുടെ സമീപം എത്താൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ട്. കന്യാകുമാരിയിൽ (കെയ്പ് കാമറൂൺ) നിന്ന് 2700 നോട്ടിക്കൽ മൈൽ (5020 കിലോമീറ്റർ) അകലെയാണിത്.

മത്സരത്തിൽ മൂന്നാം സ്ഥാനത്ത് മുന്നേറുന്നതിനിടെ വെള്ളിയാഴ്ചയാണ് അപ്രതീക്ഷിതമായുണ്ടായ കാലാവസ്ഥ വ്യതിയാനത്തിൽ പായ് വഞ്ചിക്ക് തകരാർ സംഭവിച്ചത്. മണിക്കൂറിൽ 120 കിലോ മീറ്റർ വേഗതയിൽ വീശിയടിച്ച ശക്തമായ കാറ്റിലും 14 മീറ്റർ ഉയർന്ന തിരമാലയിലും പായ്മരം ഒടിയുകയായിരുന്നു. കരയുമായി ബന്ധപ്പെടുന്ന റേഡിയോ സംവിധാനത്തിന് തകരാർ സംഭവിച്ചതോടെ അഭിലാഷുമായുള്ള സംഘാടകരുടെ ആശയവിനിമയം തടസപ്പെട്ടു. താൻ സുരക്ഷിതനാണെന്നും എന്നാൽ, എഴുന്നേൽക്കാൻ സാധിക്കുന്നില്ലെന്നും വഞ്ചിയിൽ കിടക്കുകയാണെന്നും അഭിലാഷ് റേഡിയോ സന്ദേശത്തിലൂടെ കൺട്രോൾ റൂമിനെ അറിയിച്ചു.

അഭിലാഷ് ടോമിയുടെ പായ് വഞ്ചി നിലവിലുള്ള സ്ഥലത്തിന്‍റെ ഉപഗ്രഹ ചിത്രം

വിവരം ലഭിച്ച ഉടൻ തന്നെ ഇന്ത്യൻ നാവികസേന തെക്കേ ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ചിരുന്ന ഐ.എൻ.എസ് സത്പുര യുദ്ധകപ്പൽ രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചു. കൂടാതെ കടലിൽ നിരീക്ഷണം നടത്താൻ സാധിക്കുന്ന പി.8.ഐ വിമാനം, ചേതക് ഹെലികോപ്റ്റർ, ടാങ്കർ ഐ.എൻ.എസ് ജ്യോതി എന്നിവയുടെ സഹായവും ഉറപ്പാക്കി. കാൻബറയിലെ ആസ്ട്രേലിയൻ റെസ്ക്യൂ കോർഡിനേറ്റിങ് കേന്ദ്രത്തിന്‍റെ മേൽനോട്ടത്തിലുള്ള രക്ഷാപ്രവർത്തനവും ആരംഭിച്ചു.

ജൂലൈ ഒന്നിന് ഫ്രാന്‍സിലെ ലെ സാബ്ലേ ദൊലാൻ തുറമുഖത്ത് നിന്നാണ്​ ഗോള്‍ഡന്‍ ഗ്ലോബ് റേസ് ആരംഭിച്ചത്. അഭിലാഷ് ടോമിക്കൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 18 പേരാണ് പായ്​വഞ്ചികളിൽ സാഹസിക യാത്ര തുടങ്ങിയത്. ഇതിൽ ഏഴു പേർ വിവധ കാരണങ്ങളാൽ യാത്രാമധ്യേ പിന്മാറി. ഫിലിഷിങ് പോയിന്‍റിലെത്താൻ 16,113.3 നോട്ടിക്കൽ മൈൽ മാത്രം ഉള്ളപ്പോഴാണ് അപ്രതീക്ഷിത അപകടം സംഭവിച്ചത്. മൽസരത്തിലുള്ള മറ്റ് പായ് വഞ്ചിയിലെ യാത്രക്കാരോട് അഭിലാഷിന്‍റെ സമീപത്തെത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഏറ്റവും സമീപമുള്ള ഗ്രിഗറി മക്ബുക്കിന് തിങ്കളാഴ്ച മാത്രമേ അപകട സ്ഥലത്തെത്താൻ സാധിക്കൂ.

കേരളത്തിലെ നിന്നുള്ള തടിയും വിദേശ നിർമിത പായകളും ഉപയോഗിച്ച് ഗോവ അക്വാറിസ് ഷിപ് യാഡിൽ തദ്ദേശീയമായി നിർമിച്ച 'വി.എസ് തുരിയ' എന്ന പായ് വഞ്ചിയിലാണ് അഭിലാഷ് ടോമിയുടെ യാത്ര. റേസിന്‍റെ ദൂരപരിധിയായ 30,000 നോട്ടിക്കൽ മൈൽ ദൂരം 311 ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് 39കാരനായ മലയാളി നാവികൻ ലക്ഷ്യമിട്ടിരുന്നത്.

ഗോൾഡൻ ഗ്ലോബ് റേസി (ജി.ജി.ആർ)ന്‍റെ ഭാഗമായി 1968ൽ നടന്ന ആദ്യ യാത്രയിലെ ജേതാവ് ബ്രിട്ടീഷുകാരനായ സർ റോബിൻ നോക്സ് ജോൺസ്റ്റന്‍ ആയിരുന്നു. സർ റോബിന്‍റെ യാത്രയുടെ ഒാർമ്മ പുതുക്കലിന് വേണ്ടിയാണ് ജി.ജി.ആർ 2018 സംഘടിപ്പിച്ചത്. ഫ്രാൻസിൽ നിന്ന് 'സുവാലി' എന്ന് പായ് വഞ്ചിയിൽ യാത്ര പുറപ്പെട്ട സർ റോബിൻ 312 ദിവസം കൊണ്ട് 30000 നോട്ടിക്കൽ മൈൽ പൂർത്തിയാക്കി.

നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കാതെ പരമ്പരാഗത മാർഗമായ പേപ്പർ മാപ്പും വടക്കുനോക്കിയന്ത്രവും മാത്രമാണ് യാത്രയിൽ ഉപയോഗിക്കാൻ അനുവാദമുള്ളൂ. എന്നാൽ, പായ് വഞ്ചിയുടെ പ്രയാണം മനസിലാക്കാൻ സംഘാടകർ ജി.പി.എസ് സംവിധാനവും അപകട സമയത്ത് നാവികന് റേഡിയോ ബിക്കൻ സംവിധാനവും ഉപയോഗിക്കാൻ കഴിയും.

Tags:    
News Summary - Detect Abhilash Tomy's Vessel Thuriya - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.