റി​സോ​ർ​ട്ടി​​ൽ പൊ​ളി​ക്കു​ന്ന വി​ല്ല​ക​ൾ

കാപികോ റിസോർട്ട്​ പൊളിക്കൽ വേഗത്തിലാക്കും

ആലപ്പുഴ: അനധികൃത നിർമാണം നടത്തിയ പാണാവള്ളി കാപികോ റിസോർട്ട് പൊളിക്കൽ നടപടി വേഗത്തിലാക്കും. പ്രദേശത്തേക്ക് കൂടുതൽ യന്ത്രസാമഗ്രികൾ എത്തിച്ച് മാർച്ച് 15നകം പൊളിക്കൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഉന്നതതല നിർദേശത്തെത്തുടർന്ന് വെള്ളിയാഴ്ച കലക്ടർ വി.ആർ. കൃഷ്ണതേജ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. മാർച്ച് 28നകം പൂർണമായി പൊളിച്ചുനീക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം അന്ത്യശാസനം നൽകിയിരുന്നു. തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ച റിസോർട്ട് പൊളിക്കണമെന്ന് 2020 ജനുവരിയിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

കോവിഡ് സാഹചര്യത്തിൽ വൈകിയ പൊളിക്കല്‍ 2022 സെപ്റ്റംബർ 15ന് ആരംഭിച്ചിരുന്നു. ആറുമാസത്തിനകം പൂർത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്. പാണാവള്ളി നെടിയതുരുത്തിലാണ് റിസോർട്ട്. വേമ്പനാട്ടുകായലില്‍ തീരപരിപാലന നിയമവും കെട്ടിടനിര്‍മാണ ചട്ടങ്ങളും തണ്ണീർത്തട സംരക്ഷണ നിയമവുമെല്ലാം കാറ്റിൽപറത്തിയാണ് ഇത് കെട്ടിപ്പൊക്കിയത്. വലിയ കെട്ടിടസമുച്ചയവും നീന്തൽക്കുളവും ഉൾപ്പെടെ 54 വില്ലകളും അനുബന്ധ സൗകര്യങ്ങളോടെയുമായിരുന്നു നിർമാണം. 38 വില്ലകളാണ് പൊളിച്ചുനീക്കിയത്.

പുനരുപയോഗത്തിന് സാധ്യമാകുന്ന സാധനങ്ങൾ മാറ്റിയശേഷമായിരുന്നു പൊളിക്കൽ. എന്നാൽ, കെട്ടിടാവിശിഷ്ടങ്ങൾ നീക്കിയിട്ടില്ല. ആദ്യം ഇടനിലക്കാര്‍ വഴി പട്ടയമുള്ളവരിൽനിന്ന് ഇരട്ടിയിലേറെ വിലയ്ക്ക് സ്ഥലം സ്വന്തമാക്കി. 3.6 ഏക്കര്‍ പട്ടയഭൂമിയില്‍ തുടങ്ങിയ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ 11 ഏക്കറോളം ഭൂമിയില്‍ വ്യാപിക്കുന്ന വലിയ കെട്ടിടസമുച്ചയം നിർമിച്ചായിരുന്നു കൈയേറ്റം. കാപികോ എന്ന രാജ്യാന്തര ഹോട്ടല്‍ ശൃംഖലയുമായി ചേര്‍ന്ന് മിനി മുത്തൂറ്റ് ഗ്രൂപ്പാണ് റിസോർട്ട് നിര്‍മിച്ചത്.

പൊളിക്കൽ ആരംഭിച്ച സെപ്റ്റംബർ 15 മുതൽ 10 തൊഴിലാളികൾ സ്ഥിരമായി ജോലി ചെയ്യുന്നുണ്ട്. മലിനീകരണ പ്രശ്നങ്ങൾ ഉണ്ടാകാത്ത രീതിയിലുള്ള പൊളിക്കൽ നടപടി 80 ശതമാനത്തോളം പൂർത്തിയായി. പൊളിച്ച കെട്ടി‌ടാവശിഷ്ടങ്ങൾ റിസോർട്ട് വളപ്പിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇത് ഉടമകളുടെ മറ്റൊരു സ്ഥലത്തേക്ക് ബാർജിൽ മാറ്റുമെന്നാണ് വിവരം. റിസോർട്ട് നിർമിക്കാൻ കൈയേറിയതായി കണ്ടെത്തിയ 2.9397 ഹെക്ടർ സർക്കാർ ഏറ്റെടുത്തിരുന്നു. തുരുത്ത് ആകെ 7.0212 ഹെക്ടറാണ്. സ്ഥലം കൈയേറിയും തീരപരിപാലന നിയമം ലംഘിച്ചും നിർമിച്ചതാണെന്ന് കണ്ടെത്തിയതോടെയാണ് പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.

Tags:    
News Summary - Demolition of Kapico Resort will be expedited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.