ജോർജ് എം. തോമസിനെ തള്ളാൻ വയ്യാതെ സി.പി.എം

തിരുവനന്തപുരം: മതസൗഹാർദ അന്തരീക്ഷം തകർക്കുന്ന തരത്തിൽ ലവ് ജിഹാദ് ആക്ഷേപം ഉന്നയിച്ച മുൻ എം.എൽ.എ ജോർജ് എം. തോമസിനെ തള്ളാനും കൊള്ളാനും കഴിയാതെ സി.പി.എം. ആർ.എസ്.എസിനും ബി.ജെ.പിക്കും വർഗീയധ്രുവീകരണത്തിന് വാതിൽ തുറന്നുകൊടുത്തത് സി.പി.എം ആണെങ്കിലും കോൺഗ്രസും അവധാനതയോടെയാണ് നീങ്ങുന്നത്.

സംഘ്പരിവാറിന്‍റെ വിഷലിപ്ത പ്രചാരണ ആയുധം സ്വന്തം പാർട്ടി അംഗത്തിന്‍റെ പ്രണയവിവാഹത്തിനെതിരെ ഉപയോഗിച്ച കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റംഗത്തിന് എതിരെ മൃദുസ്വരത്തിലാണ് ജില്ല നേതൃത്വം പ്രതികരിക്കുന്നത്. പാർട്ടിയുടെ പൊതുസമീപനത്തിന് എതിരായ പ്രതികരണത്തിന് ഇടയാക്കിയെന്നും നാക്കുപിഴയായി കണക്കാക്കിയാൽ മതിയെന്നുമാണ് ജില്ല സെക്രട്ടറി പി. മോഹനൻ പറയുന്നത്.

ഏപ്രിൽ 19ന് ചേരുന്ന സംസ്ഥാന സമിതിയോ സെക്രട്ടേറിയറ്റോ എന്ത് തീരുമാനം എടുക്കുമെന്നതാണ് നിർണായകം. ജോർജിനെതിരെ നടപടിയെടുത്താൽ സഭാനേതൃത്വവുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാവുമെന്ന ആശങ്ക പാർട്ടിക്കുണ്ട്.

സഭാനേതൃത്വത്തെ നികൃഷ്ടജീവിയെന്ന് ആക്ഷേപിച്ച പിണറായി വിജയന് സഭയുമായി രാഷ്ട്രീയ ഐക്യം ഉണ്ടാക്കുന്നതിൽ വലിയ പങ്ക് ജോർജ് തോമസിനുണ്ട്. അത് അവഗണിക്കാൻ കഴിയില്ല. താമരശ്ശേരി ബിഷപ് മതസൗഹാർദം സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം പറഞ്ഞിട്ടും വർഗീയ പ്രസ്താവന നടത്തിയ കാരണഭൂതനെതിരെ നടപടി എടുക്കാൻ നേതൃത്വം ശങ്കിച്ച് നിൽക്കുകയാണ്.

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെതിരെ സഭയുടെ പിന്തുണയിൽ നടന്ന പ്രക്ഷോഭകാലത്ത് നൽകിയ തുറന്ന പിന്തുണ ഈ ബന്ധം ഊട്ടിയുറപ്പിച്ചു. ക്വാറി മാഫിയക്ക് എതിരായും അനുകൂലമായും രണ്ടുവിഭാഗം എടുത്ത നിലപാടും ജോർജിന്‍റെ പ്രസ്താവനയുമായി പ്രാദേശിക സി.പി.എം നേതാക്കൾ കൂട്ടിവായിക്കുന്നുണ്ട്. കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിൽ വന്നതിനുപിന്നിലും സഭ-സി.പി.എം ബന്ധത്തിന് പങ്കുണ്ട്.

നടപടി എടുക്കാതിരുന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനോടൊപ്പം ചേർന്ന മുസ്ലിം സമുദായ അംഗങ്ങൾക്ക് വിശ്വാസ്യതക്കുറവ് ഉണ്ടാവും. ജോർജിന്‍റേത് ഒറ്റപ്പെട്ട സ്വരമാണെങ്കിലും മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും സി.പി.എമ്മിനുള്ളിലെ ഹിന്ദുത്വസ്വരം ചൂണ്ടിക്കാട്ടി നടത്തുന്ന പ്രചാരണം പ്രതിരോധിക്കാൻ പുതിയ തന്ത്രങ്ങൾ മെനയേണ്ടിവരും.

കത്തോലിക്ക വിഭാഗം വോട്ട് ബാങ്കായ കോൺഗ്രസിന് ഒരു പരിധിക്കപ്പുറം ലവ് ജിഹാദ് വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന ആശ്വാസത്തിലാണ് സി.പി.എം. ലീഗിനെയും സഭയെയും പ്രകോപിപ്പിക്കാതെ വേണം കോൺഗ്രസിനും വിഷയം കൈകാര്യം ചെയ്യാൻ. 

Tags:    
News Summary - CPM Unable to Reject George M Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.