11,908 സഹകരണ സ്ഥാപനങ്ങളില്‍ ഒന്നരലക്ഷം കോടിയുടെ പ്രതിസന്ധി

കണ്ണൂര്‍:  കറന്‍സി അസാധു നടപടിയുടെ തുടര്‍ച്ചയായി സംസ്ഥാനത്തെ സഹകരണമേഖലയില്‍ ഉരുത്തിരിഞ്ഞ പ്രതിസന്ധി ഒന്നരലക്ഷം കോടിയുടെ ഇടപാടിന്‍േറത്. സാധാരണ ജനങ്ങളുടെ ജീവല്‍സംരംഭങ്ങള്‍കൊണ്ട് കെട്ടിപ്പൊക്കിയ സഹകരണമേഖലയില്‍ കഴിഞ്ഞ ഒരാഴ്ചയായി തികഞ്ഞ അരക്ഷിതാവസ്ഥയാണ്. ബാങ്കുകള്‍ക്ക് പുറമെ സഹകരണസംഘങ്ങള്‍ നടത്തുന്ന കാര്‍ഷികോല്‍പന്ന വിപണന കേന്ദ്രങ്ങള്‍, കണ്‍സ്യൂമര്‍ സൊസൈറ്റികള്‍, പാല്‍ സൊസൈറ്റികള്‍, വസ്ത്രനിര്‍മാണ യൂനിറ്റുകള്‍,  നീതി മെഡിക്കല്‍  സ്റ്റോറുകള്‍, ഡയാലിസിസ് യൂനിറ്റുകള്‍  തുടങ്ങി നാനാതുറകളിലുള്ള സ്ഥാപനങ്ങളാണ് ഒറ്റയടിക്ക് പ്രതിസന്ധിയിലായത്.

കറന്‍സി വിനിമയത്തില്‍ ആര്‍.ബി.ഐ അനുമതിയുള്ള അര്‍ബന്‍ ബാങ്കുകളൊഴികെയുള്ള 1604 പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിയന്ത്രണം വരുന്നതിന് മുമ്പുള്ള കറന്‍സികള്‍ എന്തുചെയ്യണമെന്ന നിര്‍ദേശം നല്‍കാതിരുന്ന ആര്‍.ബി.ഐ നിക്ഷേപകരുടെ സ്ഥിതിവിവരം ആവശ്യപ്പെട്ടതോടെയാണ് ഈ മേഖലയോട്  രാഷ്ട്രീയമായ പകപോക്കല്‍ ആരംഭിച്ചുവോ എന്ന സന്ദേഹമുയര്‍ന്നത്. പൊതുമേഖല ബാങ്കുകളില്‍നിന്ന് വര്‍ഷത്തില്‍ അരലക്ഷത്തിന് മുകളില്‍ പലിശ വാങ്ങുകയും എസ്.ബി അക്കൗണ്ട് വഴി 25 ലക്ഷത്തിന് മുകളില്‍ ഇടപാട് നടത്തുകയും ചെയ്യുന്നവരുടെ വിവരം ശേഖരിക്കാന്‍ ആര്‍.ബി.ഐ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, സഹകരണ ബാങ്കുകളില്‍ ഇത്  പതിനായിരം രൂപ പലിശയും രണ്ടരലക്ഷം നിക്ഷേപവും എന്ന നിലയില്‍ ചെറുതാക്കി നിശ്ചയിക്കുകയായിരുന്നു. ഇതോടെ വിപുലമായ നിക്ഷേപകരുടെ പട്ടിക  സഹകരണ ബാങ്കുകളില്‍ നിരീക്ഷണത്തിലാവും. ജില്ല സഹകരണ ബാങ്കുകളില്‍ മാത്രമായി പ്രാഥമിക സൊസൈറ്റികളുടെ ഓഹരിനിക്ഷേപം 97.48 കോടിയാണ്. സഹകരണ ബാങ്ക് അംഗങ്ങളല്ലാത്തവരില്‍നിന്ന് നിക്ഷേപം സ്വീകരിക്കരുതെന്നാണ് ആര്‍.ബി.ഐ നിര്‍ദേശം. വോട്ടവകാശമുള്ളവരായിരിക്കണം അംഗങ്ങളെന്നും നിബന്ധനവെച്ചു.

എന്നാല്‍, വിവിധ ക്ളാസ് തിരിച്ച് മെംബര്‍ഷിപ് നല്‍കുകയും നിക്ഷേപം സ്വീകരിക്കുകയുംചെയ്ത സൊസൈറ്റികളാണ് ഈ നിര്‍ദേശത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്നത്.  പ്രാഥമിക സഹകരണ ബാങ്കുകളില്‍ തികഞ്ഞ അനിശ്ചിതത്വം തുടരുകയാണെന്നതിന്‍െറ സൂചകമായി  കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ സഹകരണസംഘം രജിസ്ട്രാര്‍ അരഡസനോളം വ്യത്യസ്ത ഉത്തരവുകളാണ്  പുറപ്പെടുവിച്ചത്.

കേരളത്തിലെ പ്രാഥമിക ബാങ്കുകള്‍ മാത്രമല്ല, അതിന് ഊര്‍ജം പകരുന്ന 84 ശതമാനത്തോളംവരുന്ന സഹകരണ സൊസൈറ്റികളാണ് ജീവശ്വാസം വലിച്ചു കൊണ്ടിരിക്കുന്നത്. ബാങ്കുകളും ക്രെഡിറ്റ് സൊസൈറ്റികളുമായി കേരളത്തില്‍ 4045 സ്ഥാപനങ്ങളുണ്ട്. പ്രാഥമിക കാര്‍ഷിക വികസന ബാങ്കുകള്‍, കാര്‍ഷിക വികസന ക്രെഡിറ്റ് സൊസൈറ്റികള്‍, കാര്‍ഷിക സര്‍വിസ് സൊസൈറ്റികള്‍, എംപ്ളോയീസ് ക്രെഡിറ്റ് സൊസൈറ്റികള്‍, ഹൗസിങ് സൊസൈറ്റികള്‍ തുടങ്ങിയവ ഇതില്‍പെടും.

അപെക്സ് മേഖലയില്‍ ഇരുപതോളം കണ്‍സ്യൂമര്‍ സൊസൈറ്റികളുണ്ട്. 188 കോളജ് കോഓപറേറ്റിവ് സ്റ്റോറുകളും 3846 സ്കൂള്‍ കോഓപറേറ്റിവ് സ്റ്റോറുകളും 615 മാര്‍ക്കറ്റിങ് സൊസൈറ്റികളും 1152 വനിത സൊസൈറ്റികളും ഉള്‍പ്പെടെ  പ്രവര്‍ത്തനസജ്ജമായ 11,908 സൊസൈറ്റികളാണ് സംസ്ഥാനത്തുള്ളത്. കാര്‍ഷിക മേഖലയിലും  കുടില്‍വ്യവസായങ്ങളിലുമായി നിത്യവൃത്തിചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളാണ് ഇതോടെ പ്രതിസന്ധിയിലായത്.

ഇവയുടെ സാമ്പത്തിക ഇടപാടുകളില്‍ മിക്കതും പ്രാഥമിക ബാങ്കുകളിലും ജില്ല ബാങ്കുകളിലുമായി കോര്‍ത്തിണക്കപ്പെട്ടവയാണ്. ബാങ്കുകളിലെ പ്രതിസന്ധി ഈ സ്ഥാപനങ്ങളെയെല്ലാം മുട്ടുകുത്തിച്ചു. ആഴ്ചക്കൂലി നല്‍കുന്ന സൊസൈറ്റികളില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച തൊഴിലാളികള്‍ അരപ്പട്ടിണിയുടെ തുച്ഛവിഹിതവുമായാണ് മടങ്ങിയത്. ഇനി മാസവേതനം നല്‍കേണ്ട സംഘങ്ങള്‍ എങ്ങനെ എവിടെനിന്ന് കറന്‍സി വിനിമയത്തിലൂടെ ജീവനക്കാരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് ഒരു രൂപവുമില്ല.

Tags:    
News Summary - cooperative societies have 1.30 crores debit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.