തിരുവനന്തപുരം: നാലും അഞ്ചും കരാറുകാർ ഒത്തുചേർന്ന് വലിയ കോൺട്രാക്ടിങ് കമ്പനികളുണ്ടാക്കി കേരളത്തിലെ വൻകിട പദ്ധതികളുടെ നിർമാണം ഏറ്റെടുക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ദേശീയപാതയടക്കം കേരളത്തിലെ വൻകിട പദ്ധതികളുടെ നിർമാണം ഏറെയും നിലവിൽ ഏറ്റെടുക്കുന്നത് ഇതര സംസ്ഥാനങ്ങളിലെ കരാർ കമ്പനികളാണ്. വലിയ കോൺട്രാക്ടിങ് കമ്പനികൾ രൂപവത്കരിച്ചാൽ കേരളത്തിന്‍റെ ഭൂമിശാസ്ത്രം അറിയുന്നവർക്ക് തന്നെ വലിയ കരാറുകൾ കിട്ടുന്ന സാഹചര്യമുണ്ടാകും. നിർമാണവും മെച്ചമാകും. കോൺട്രാക്ടിങ് കമ്പനികൾക്ക് ലൈസൻസ് അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ സർക്കാറിന്‍റെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ 19ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോൺട്രാക്ടേഴ്സ് ഫെഡറേഷന്‍റെ സാമൂഹിക ക്ഷേമ പദ്ധതിയിലേക്ക് നിയമവിധേയമായി ഒരു കോടി രൂപ അനുവദിക്കുമെന്നും സി, ഡി കാറ്റഗറിയിൽപെട്ട കരാറുകാരുടെ ലൈസൻസ് ഫീസിന്‍റെ ഡെപ്പോസിറ്റ് തുക കുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന പ്രസിഡന്‍റ് വി. ജോയ് എം.എൽ.എ അധ്യക്ഷതവഹിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ മുഖ്യാതിഥികളായി. ഫെഡറേഷൻ രക്ഷാധികാരി വി.കെ.സി. മമ്മദ്കോയ, കരമന ജയൻ, കെ.ജെ. വർഗീസ്, പി.എം. ഉണ്ണികൃഷ്ണൻ, കാലടി ശശികുമാർ, സി. രാധാകൃഷ്ണൻ, ചീരാണിക്കര സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.വി. കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി. മോഹനൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.