ആയിരങ്ങളെ അണിനിരത്തി കോൺഗ്രസിന്റെ ദേശ് ബഛാവോ റാലി

കോഴിക്കോട്: രാജ്യത്ത് ഏറ്റവും അപമാനിതനായി പുറത്താകേണ്ടിവരുന്ന പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറുമെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശ് ബഛാവോ മഹാറാലിയോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോദിക്കെതിരെ കൂടുതൽ കുരുക്കുകൾ വരാനിരിക്കുന്നതേയുള്ളൂ. തങ്ങൾക്കെതിരെ മോദിയും അമിത് ഷായും നടത്തുന്ന ദേശവിരുദ്ധരെന്ന ആരോപണം ഒന്നിന് പത്തായി അവരെത്തന്നെ തിരിച്ചടിക്കും. 2029ൽ മേയ് മാസമുണ്ടെങ്കിൽ രാഹുൽ പ്രധാനമന്ത്രിയായിരിക്കും. ഗ്യാനേഷ് കുമാർ രാജിവെക്കുംവരെ പോരാട്ടം തുടരും. ഗ്യാനേഷിനെ മുന്നിൽനിർത്തി വോട്ട് കൊള്ളയിലൂടെ കോൺഗ്രസിനെ ഇല്ലാതാക്കാണ് മോദി ശ്രമിച്ചത്.

 

കോൺഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പി മുദ്രാവാക്യം ഇതിന്റെ ഭാഗമായിരുന്നു. കേരളം കണ്ട അഴിമതിക്കാരായ ഉദ്യോഗസ്ഥരിൽ പ്രമാണിയായിരുന്നു ഗ്യാനേഷ്. മോദിക്കുവേണ്ടി ജമ്മു കശ്മീരിനെ വിഭജിച്ചതും ഗ്യാനേഷാണ്. ഇന്ത്യൻ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനുമില്ലാത്ത നിയമപരിരക്ഷ ഗ്യാനേഷിന് നൽകിയത് ജനാധിപത്യത്തെ തകർക്കുന്ന വോട്ടുകൊള്ള നടപ്പാക്കാനായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, ഇമ്രാൻ പ്രതാപ് ഗർഹി എന്നിവർ മുഖ്യാതിഥികളായി. ഡി.സി.സിയുടെ ഉപഹാരം എം.കെ. രാഘവൻ എം.പി കെ.സി. വേണുഗോപാലിന് സമ്മാനിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, മന്ത്രിമാരായ എ.പി. അനിൽകുമാർ, ടി. സിദ്ദീഖ്, ഷാഫി പറമ്പിൽ എം.പി, എം.എൽ.എമാരായ കെ. ജയന്ത്, എം. വിൻസന്റ്, വിദ്യ ബാലകൃഷ്ണൻ, വി.ടി. സൂരജ്, നേതാക്കളായ നെയ്യാറ്റിൻകര സനൽ, കെ.സി. അബു, അഡ്വ. പി.എം. നിയാസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ആതിര വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Congress's Desh Bachao rally draws thousands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.