എക്സൈസിൽ ഗുരുതര അഴിമതി ആരോപണം; ഉദ്യോഗസ്ഥർക്ക് മാസപ്പടി
തിരുവനന്തപുരം: എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എക്സൈസ് കമീഷണറായിരുന്ന സീറാം സാംബശിവ റാവുവിന്റെ റിപ്പോർട്ട്. ബാറുടമകളുമായി മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമുള്ള അടുത്ത ബന്ധവും കൈക്കൂലി ആരോപണവും മാസപ്പടി ഇടപാടുകളും വെളിപ്പെടുത്തുന്ന റിപ്പോർട്ടാണ് പടിയിറങ്ങുന്നതിന് തൊട്ടുമുമ്പ് സാംബശിവ റാവു സർക്കാറിന് സമർപ്പിച്ചത്. ഒരു ജോയന്റ് കമീഷണറും ഡെപ്യൂട്ടി കമീഷണറും ബാറുടമകളില്‍നിന്ന് മാസപ്പടി വാങ്ങുകയും അനധികൃത സ്വത്ത് സമ്പാദിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു. പലതവണകളിലായി 30000, 20000 രൂപ വീതം കൈപ്പറ്റിയതിന്റെ തെളിവുകളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഓണം പോലുള്ള വിശേഷ അവസരങ്ങളില്‍ ഇവര്‍ വന്‍തുക കൈപ്പറ്റുന്നു. ബാറുടമകളുടെ ചെലവ് പട്ടികയില്‍ എക്സൈസ് ഉന്നത ഉദ്യോഗസ്ഥരുടെ മാസപ്പടി ലിസ്റ്റുമുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്തുസമ്പാദനവും മാസപ്പടിയും കൈക്കൂലിയും അടക്കമുള്ള ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷിക്കാൻ റിപ്പോർട്ടിൽ ശിപാര്‍ശ ചെയ്തു. ഉന്നത ഉദ്യോഗസ്ഥരില്‍ ചിലര്‍ ബാറുടമകളുടെ ഏജന്റുമാരായി മാറുന്നു. കള്ളുഷാപ്പുകളുമായും ഇവര്‍ നിരന്തരം ബന്ധപ്പെടുന്നു. പരിശോധക്കെത്തുമ്പോഴും കൈക്കൂലി വാങ്ങുന്നു.
ജോയന്റ് എക്സൈസ് കമീഷണര്‍ എസ്. വിനോദ്, ഡെപ്യൂട്ടി കമീഷണര്‍ അജയ് എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണത്തിന് എക്സൈസ് കമീഷണര്‍ പദവിയിൽനിന്ന് ഇറങ്ങുംമുമ്പ് സീറാം സാംബശിവറാവു ശിപാര്‍ശ നല്‍കിയത്. വെള്ളിയാഴ്ച സ്ഥലംമാറ്റുന്നതിന് തൊട്ടുമുമ്പാണ് വിജിലന്‍സ് അന്വേഷണ ശിപാര്‍ശ നല്‍കിയത്. കായംകുളത്തെയും മൂവാറ്റുപുഴയിലെയുമടക്കം ചില ബാറുകളുടെ പേരുകൾ എടുത്തുപറഞ്ഞു. എന്നാല്‍, ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ എക്സൈസ് ഉദ്യോഗസ്ഥരെ കമീഷണര്‍ ന്യായീകരിച്ചു.
ബാറുള്ളവരെയും ഇല്ലാത്തവരെയും അറിയാം -മന്ത്രി ലിജു
തിരുവനന്തപുരം: മുൻ എക്സൈസ് കമീഷണറുടെ റിപ്പോർട്ടിലെ പരാമർശങ്ങൾക്ക് മറുപടിയുമായി മന്ത്രി എം. ലിജു. തനിക്ക് ബാറുള്ളവരെയും ഇല്ലാത്തവരെയും അറിയാമെന്നും എല്ലാവരുമായും പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ എക്സൈസ് കമീഷണർക്ക് തന്നെ അന്വേഷിക്കാമായിരുന്നുവെന്നും മന്ത്രിയാണോ ഇത്തരം കാര്യങ്ങളിൽ നേരിട്ട് ഇടപെടേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
എക്സൈസ് മന്ത്രിയുടെയോ യു.ഡി.എഫ് സർക്കാറിന്റെയോ തലക്കുമുകളിൽ ഒരുദ്യോഗസ്ഥനും കയറാൻ കഴിയില്ല. റിപ്പോർട്ട് കുറച്ചുകൂടി നേരത്തെ നൽകിയിരുന്നെങ്കിൽ തുടക്കത്തിൽതന്നെ നടപടിയെടുക്കാമായിരുന്നു. അഴിമതി നടത്തി വിരമിച്ചുപോയ ഉദ്യോഗസ്ഥരെക്കുറിച്ചടക്കം സമഗ്ര അന്വേഷണം നടത്തും. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് 900ത്തോളം ബാറുകൾക്ക് അനുമതി നൽകുകയും ബ്രൂവറി ലൈസൻസുകളും എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ നിർമാണ അനുമതിയും നൽകുകയും ചെയ്തു. ഇതെല്ലാം കൃത്യമായി അന്വേഷിക്കണം. അന്ന് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നവർ അഴിമതി നടത്തിയെങ്കിൽ അതും പുറത്തുകൊണ്ടുവരണം -ലിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.