ഫോം വീണ്ടെടുത്ത് കോൺഗ്രസ്! എ ഗ്രൂപ് റീ എൻട്രി പാളി; ഷാഫിക്കെതിരെ ഉമ്മൻ ചാണ്ടിയുടെ ഭാര്യ

തിരുവനന്തപുരം: വി.ഡി. സതീശൻ-കെ.സി. വേണുഗോപാൽ പോരിനിടെ, ഹൈകമാൻഡിന് മുന്നിൽ എ ഗ്രൂപ്പ് വക്താവായെത്തിയ ഷാഫി പറമ്പിലിന്റെ ‘ഗ്രൂപ്പ് ജാതകം’ ചോദ്യംചെയ്യുംവിധം കോൺഗ്രസിൽ പുതിയ വിവാദം. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ‘എ’ വിട്ട് കെ.സിയുടെ തട്ടകത്തിലേക്ക് കുടിയേറിയ ഷാഫി പറമ്പിൽ ബോർഡ്, കോർപറേഷൻ വിഭജനത്തിലെ അതൃപ്തി അറിയിക്കാൻ വീണ്ടും ‘എ’ ഗ്രൂപ്പ് വേഷത്തിൽ ഡൽഹിയിലെത്തിയതിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയതാണ് പൊട്ടിത്തെറിയിലേക്ക് വഴിമാറിയത്.

ഉണ്ണിത്താന്റെ പരാമർശങ്ങളെ പിന്തുണച്ച് ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും മകൻ ചാണ്ടി ഉമ്മനും യൂത്ത് കോൺഗ്രസ് നേതാവ് ജെ.എസ്. അഖിലും രംഗത്തെത്തിയതോടെ ഉമ്മൻ ചാണ്ടിയുടെ പിൻമുറയെച്ചൊല്ലിയുയർന്ന പുതിയ അവകാശവാദങ്ങൾ അസ്ഥാനത്താകുകയാണ്. ‘‘ഷാഫി പറമ്പിലിനെ ഉമ്മൻ ചാണ്ടി ആത്മാർഥമായി സ്നേഹിച്ചിരുന്നു; തിരിച്ച് സ്നേഹിച്ചോ എന്ന് തനിക്ക് പറയാനാവില്ല. അത് അദ്ദേഹം മനഃസാക്ഷിയോടുതന്നെ ചോദിക്കട്ടെ’’ എന്ന മറിയാമ്മയുടെ വാക്കുകൾ ഷാഫിയുടെ ‘എ’ ഗ്രൂപ്പ് അവകാശവാദത്തിന് ഏറ്റവും വലിയ വൈകാരിക പ്രഹരമായി. സോളാർ കാലത്ത് കുടുംബത്തിനുവേണ്ടി കല്ലേറുകൊണ്ട ‘രക്തസാക്ഷി’യാണ് രാജ്മോഹൻ ഉണ്ണിത്താനെന്ന് ചാണ്ടി ഉമ്മൻ വിശേഷിപ്പിച്ചത് ഫലത്തിൽ ഷാഫിക്കുവേണ്ടി നിലകൊണ്ട എ ഗ്രൂപ്പിനെയും വെട്ടിലാക്കി.

ഉമ്മൻ ചാണ്ടി മരണശയ്യയിൽ കിടന്ന ഘട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എഴുതിക്കൊടുത്ത കുറിപ്പടി കീറിയെറിഞ്ഞാണ് അടൂരുകാരനെ പ്രസിഡന്റാക്കിയതെന്ന ഉണ്ണിത്താന്റെ വെളിപ്പെടുത്തൽ മറിയാമ്മ ഉമ്മൻ സ്ഥിരീകരിച്ചു. ഉമ്മൻ ചാണ്ടിയുടെ ഡയറിയിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ജെ.എസ്. അഖിലിന്റെ പേരാണ് ഉണ്ടായിരുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റേത് അല്ലെന്നുമായിരുന്നു വെളിപ്പെടുത്തൽ. പിന്നാലെ രംഗത്തെത്തിയ ജെ.എസ്. അഖിൽ, പ്രസിഡന്റ് പദവി എന്ന് ഉമ്മൻ ചാണ്ടി തന്നോട് നേരിട്ട് പറഞ്ഞതായും അദ്ദേഹത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി അധ്യക്ഷനായ ആളുടെ ഇന്നത്തെ അവസ്ഥ ‘കാലത്തിന്റെ കാവ്യനീതി’യാണെന്നും പ്രതികരിച്ചതും കോൺഗ്രസിലെ ഗ്രൂപ്പ് കാലുഷ്യത്തിന്‍റെ രൂക്ഷത അടിവരയിട്ടു.

ഒരുഭാഗത്ത് ഷാഫിക്കെതിരായ പ്രതികരണങ്ങൾ ശക്തമാകുമ്പോഴും മുതിർന്ന എ ഗ്രൂപ്പ് നേതാക്കളാരും പ്രതിരോധിക്കാനെത്തിയില്ല. ഉമ്മൻ ചാണ്ടിയുടെ കുടുംബം പരസ്യമായി രംഗത്തെത്തിയ പശ്ചാത്തലത്തിലായിരുന്നു ഈ മൗനം. ഷാഫിക്ക് പിന്തുണയുമായെത്തിയ മന്ത്രി പി.സി. വിഷ്ണുനാഥാകട്ടെ, കെ.സി ഗ്രൂപ്പിൽനിന്ന് സമീപകാലത്ത് എ ഗ്രൂപ്പിലേക്ക് വന്നയാളാണ്.

ഷാഫി പറമ്പിലിന്റെ സമീപകാല രാഷ്ട്രീയ നിലപാടുകളിലെ മാറ്റങ്ങളാണ് അദ്ദേഹത്തിന്റെ ‘എ’ ഗ്രൂപ്പ് ബന്ധത്തിൽ സംശയങ്ങൾ ബലപ്പെടാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉമ്മൻ ചാണ്ടിയുടെ അവസാന സമയത്ത് ഷാഫി പൂർണമായും വി.ഡി. സതീശൻ ക്യാമ്പിലായിരുന്നു. പിന്നീടായിരുന്നു കെ.സി പക്ഷത്തേക്ക് ചുവടുമാറ്റം. ഇതിനൊപ്പം കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട അധികാര സമവാക്യങ്ങളും ഈ പോരിന് പിന്നിലുണ്ട്. എ ഗ്രൂപ്പ് സജീവമാക്കിയതിന് പിന്നിൽ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള ഷാഫിയുടെ ചുവടുവെപ്പുകളാണെന്ന അടക്കംപറച്ചിലുകളും കോൺഗ്രസിലുണ്ട്.

അതൃപ്തി പുകയുന്നതിനിടെ ഇന്ന് മന്ത്രിസഭ യോഗം

തിരുവനന്തപുരം: കോൺഗ്രസിലും മുന്നണിയിലും അതൃപ്തി പടരുന്നതിനിടെ ബുധനാഴ്ച വീണ്ടും മന്ത്രിസഭ യോഗം ചേരുന്നു. പി.എസ്.സി അംഗങ്ങളുടെ നിയമനം സംബന്ധിച്ച് കഴിഞ്ഞ ആഴ്ചയിലെ മന്ത്രിസഭ യോഗം സാക്ഷ്യംവഹിച്ചത് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നതിനും തർക്കങ്ങൾക്കുമാണ്. ഇത് കോൺഗ്രസിലും മുന്നണിയിലും വലിയ തർക്കങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിവെച്ചത്. മന്ത്രിസഭയിലെ കൂട്ടുത്തരവാദിത്തം തന്നെ ചോദ്യം ചെയ്യപ്പെടുന്നതായിരുന്നു കഴിഞ്ഞ മന്ത്രിസഭ യോഗത്തിലുണ്ടായ സംഭവങ്ങൾ. ബോർഡ്, കോർപറേഷൻ നിയമനങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ ഇനിയും അവശേഷിക്കുകയാണ്. 

Tags:    
News Summary - Congress Rift Over Shafi Parambil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.