വലിയതുറയിലെയും ശംഖുമുഖത്തെയും തീരശോഷണത്തിന് കാരണം തുറമുഖ നിർമ്മാണമാണെന്ന് പറയാനാവില്ല-മുഖ്യമന്ത്രി

തിരുവനന്തപുരം: വലിയതുറയിലെയും ശംഖുമുഖത്തെയും തീരശോഷണത്തിന് കാരണം തുറമുഖ നിർമാണമാണെന്ന് പറയാൻ കഴിയാത്ത നിലയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുറമുഖ നിർമാണത്തിന്റെ ഭാഗമായി വൻതോതിൽ തീരശോഷണത്തിന് ഇടയാക്കുന്നു എന്ന ആരോപണമുണ്ട്. എന്നാൽ, നിർമാണം ആരംഭിച്ച ശേഷം പ്രദേശത്തിന്റെ അഞ്ച് കി.മീറ്റർ ദൂരപരിധിയിൽ യായൊതു തീരശോഷണവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.

2016ൽ പുലിമുട്ട് ആരംഭിക്കുന്നതിനു മുമ്പുതന്നെ ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപമെടുത്തതും നമ്മുടെ തീരത്തു വന്നെത്തിയതുമായ ചുഴലിക്കാറ്റുകൾ, ന്യൂനമർദം എന്നിവയാണ് തീരശോഷണത്തിനു പ്രധാന കാരണമെന്ന് വ്യക്തമായിട്ടുണ്ട്. പാരിസ്ഥിതിക ആഘാത പഠനത്തിൽ അപാകതയുണ്ടെന്നും തീരശോഷണത്തിന് ഇടയുണ്ടെന്ന് ആരോപിച്ച് സുപ്രീംകോടതിയിലും ദേശീയ ഹരിതട്രിബ്യൂണലിലും സമർപ്പിക്കപ്പെട്ട ഹരജികൾ നിരസിച്ചിരുന്നു.

ഒരു വിധത്തിലുള്ള തീരശോഷണത്തിനും തുറമുഖ നിർമാണം കാരണമാകുന്നില്ലെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പിനു കീഴിലുള്ള വിദഗ്ധ സമിതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് 2014ൽ തുറമുഖ നിർമാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയത്. ഹരിത ട്രിബ്യൂണൽ രൂപീകരിച്ച രണ്ട് വിദഗ്ധ സമിതികൾ എല്ലാ ആറു മാസം കൂടുമ്പോഴും ഇക്കാര്യം വിലയിരുത്തി ട്രിബ്യൂണലിന് റിപ്പോർട്ട് നൽകുന്നുണ്ട്.

ഇപ്പോൾ നടക്കുന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ മാത്രം പങ്കെടുക്കുന്ന ഒന്നാണ് എന്ന് പറയാൻ പറ്റില്ല. എന്നാൽ ചില ഇടങ്ങളിൽ മുൻകൂട്ടി തയാറാക്കിയ രീതിയിലുള്ള സമരമായാണ് ഇതിനെ കാണാൻ കഴിയുക. മൽസ്യത്തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സജീവമായി ഇടപെടലാണ് സർക്കാർ നടത്തിയിട്ടുള്ളത്. പദ്ധതികൾ നടപ്പാക്കേണ്ടതില്ല, നാടിന്റെ സമ്പദ്ഘടന സ്തംഭനാവസ്ഥയിൽ നിൽക്കട്ടെയെന്ന സമീപനം വികസനവിരുധം മാത്രമല്ല, ജനവിരുധം കൂടിയാണ്.

പ്രദേശവാസികൾക്ക് പ്രശ്‌നങ്ങൾ ഉയർന്നു വന്നിട്ടുണ്ട് എന്നത് അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. അത് ചർച്ചകളിലൂടെ രമ്യമായി പരിഹരിച്ചു മുന്നോട്ടു പോകാനാണ് സർക്കാർ താൽപര്യപ്പെടുന്നത്. ആ ശ്രമം സർക്കാർ തുടരുക തന്നെ ചെയ്യും. ആ ശ്രമങ്ങളെ പിന്തുണക്കുന്നതിനു പകരം തുരങ്കംവയ്ക്കുന്ന സമീപനം സ്വീകരിക്കുന്നത് ഭാവിതലമുറയോടുള്ള അനീതി മാറും എന്ന് ഓർക്കേണ്ടതുണ്ട്.

പശ്ചാത്തലസൗകര്യ വികസന പദ്ധതികളെ ഞങ്ങൾ സങ്കുചിത വീക്ഷണത്തോടെയല്ല സർക്കാർ കാണുന്നത്. ഈ നാടിന്റെ വികസനത്തെപ്പറ്റി സർക്കാരിന്റെ കാഴ്ചപ്പാടിന്റെ ഭാഗമാണിത്. അതിനാൽ വിഴിഞ്ഞം പദ്ധതിയെ അത് ഒരു തരത്തിലും നടപ്പാക്കേണ്ടതില്ല എന്നൊരു സമീപനം ഈ ഘട്ടത്തിൽ അം​ഗീകരിക്കാനാകില്ല. അത് ഈ സമൂഹത്തിന് അംഗീകരിക്കാൻ സാധ്യവുമല്ല. പ്രശ്‌നങ്ങൾ ഉണ്ടാകും, അത് ഇത്തരം പദ്ധതികളുടെ ഭാഗമായി സ്വാഭാവികവുമാണ്. അവയോട് സർക്കാർ സ്വീകരിക്കുന്ന സമീപനമാണ് പ്രധാനം.

പദ്ധതി നടപ്പാക്കുമ്പോൾ ആരുടെയും ജീവനോപാധിയും പാർപ്പിടവും നഷ്ടപ്പെടില്ല എന്നതാണ് ആ ഉറപ്പ്. അതിൽ സർക്കാർ ഉറച്ചുനിൽക്കുന്നു. അതുകൊണ്ട് എന്ത് പ്രശ്നമായാലും ചർച്ച ചെയ്യാൻ സർക്കാർ സന്ന​ദ്ധമാണ് ആ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചർച്ച ചെയ്തു, ഇന്നും ചർച്ച് ചെയ്യും, നാളെയും ആവശ്യമാണെങ്കിൽ ചർച്ച ചെയ്യും. അതിൽ ഒരു മടിയും സർക്കാരിനെ സംബന്ധിച്ചില്ല.

Tags:    
News Summary - Coastal erosion in Valiyathura and Shankhumukham cannot be attributed to port construction - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.