തിരുവനന്തപുരം: കോവിഡ് പ്രതിരോധം ഉദ്യോഗസ്ഥർ ഹൈജാക് ചെയ്തെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാട്ടുകയെന്ന ഉദ്ദേശ്യമേ വിമർശനങ്ങൾക്ക് പിന്നിലുള്ളൂ. പിന്നെ, സർക്കാർ വേറെ ഉദ്യോഗസ്ഥർ വേറെ എന്ന രീതിയിൽ വേർതിരിവുണ്ടാക്കുകയും.
അത്തരമൊരു ശ്രമം നടത്തേണ്ട കാര്യമല്ലിത്. നിർഭാഗ്യകരമായ വിമർശനമാണ് ചില കോണുകളിൽനിന്ന് ഉയർന്നത്. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിനും അവരുടെതായ പങ്കുവഹിക്കാനുണ്ട്. ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായി നടത്തുന്ന ദുഷ്പ്രചാരണങ്ങളെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി.
കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചിട്ടും ചികിത്സാ സംവിധാനങ്ങളെ ശാക്തീകരിച്ചതിനാലും നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നവിധത്തില്‍ തരംഗത്തെ പിടിച്ചുനിര്‍ത്തിയതിനാലും മരണനിരക്ക് കുറച്ചുനിര്‍ത്താന്‍ നമുക്ക് സാധിച്ചു.
ഓക്സിജന്‍ ലഭ്യമാകാതെ, ചികിത്സാ സൗകര്യങ്ങളില്ലാതെ രോഗികളുമായി അലയേണ്ടിവരുന്ന അവസ്ഥ ഇവിടെ ഉണ്ടായില്ല. ഉറ്റവരുടെ മൃതദേഹങ്ങളുമായി ശ്മശാനങ്ങള്‍ക്ക് മുന്നില്‍ ആളുകള്‍ വരിനില്‍ക്കുന്ന കാഴ്ചയും കാണേണ്ടിവന്നിട്ടില്ല. നിവൃത്തിയില്ലാതെ മൃതദേഹങ്ങള്‍ നദികളില്‍ ഒഴുക്കിക്കളയേണ്ട ഗതികേട് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.